പിഎഫ്ഐ നേതാവ് മുഹമ്മദ് സാദിഖ് അറസ്റ്റില്‍; പിഎഫ്ഐ ‘റിപ്പോർട്ടറെ’ന്ന് എൻഐഎ

പിഎഫ്ഐ നേതാവ് മുഹമ്മദ് സാദിഖ് അറസ്റ്റില്‍; പിഎഫ്ഐ ‘റിപ്പോർട്ടറെ’ന്ന് എൻഐഎ

സാദിഖിന്റെ വീട്ടില്‍ നിന്നും ഇലക്ട്രാണിക് ഉപകരണങ്ങളടക്കമുള്ള രേഖകളും എന്‍ഐഎ പിടിച്ചെടുത്തു

കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന എന്‍ഐഎ റെയ്ഡിൽ പിടിയിലായ പോപുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് സാദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സാദിഖ് പോപുലർ ഫ്രണ്ടിന്റെ റിപ്പോർട്ടറാണെന്ന് എന്‍ഐഎ അറിയിച്ചു. ആക്രമിക്കേണ്ട ഇതര സമുദായക്കാരുടെ പേര് ശേഖരിക്കുന്നത് സാദിഖ് ആണ്. ഹിറ്റ് സ്ക്വാഡ് പ്രവര്‍ത്തിക്കുന്നത് ഇവരുടെ റിപ്പോര്‍ട്ട് പ്രകാരമാണെന്നും എന്‍ഐഎ വ്യക്തമാക്കി. സാദിഖിന്റെ വീട്ടില്‍ നിന്നും ഇലക്ട്രാണിക് ഉപകരണങ്ങളടക്കമുള്ള രേഖകളും എന്‍ഐഎ പിടിച്ചെടുത്തു. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും എന്‍ഐഎ വ്യക്തമാക്കി.

വിവിധ യാത്രകളുമായി ബന്ധപ്പെട്ട രേഖകളും സാദിഖിന്റെ വീട്ടില്‍ നിന്നും പിടികൂടിയിരുന്നു. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് മുഹമ്മദ് സാദിഖിന്റെ ചാവറയിലെ വീട്ടിൽ റെയ്ഡ് നടന്നത്. പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വീട്ടിൽ നിന്നും കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു മുഹമ്മദ് സാദിഖിന്റെ അറസ്റ്റ്. വിവിധ സമുദായങ്ങൾക്കിടയിൽ വിദ്വേഷം പരത്താനും ഐഎസ്, ലഷ്കർ ഇ തൊയ്ബ, പോലുള്ള തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാനും പിഎഫ്ഐ ശ്രമിച്ചുവെന്നും എന്‍ഐഎ വ്യക്തമാക്കി.

സെപ്റ്റംബര്‍ 28നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുഎപിഎയുടെ സെക്ഷന്‍ 3(1) ഉപയോഗിച്ച് പിഎഫ്‌ഐയെയും അനുബന്ധ സംഘടനകളെയും അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്. തീവ്രവാദ സംഘടനകളുമായുള്ള ബന്ധവും തീവ്രവാദ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തവും ചൂണ്ടികാട്ടിയായിരുന്നു ഉത്തരവ്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എഐഐസി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവ ഉള്‍പ്പെടെ സംഘടനകളെയാണ് കേന്ദ്രം നിരോധിച്ചത്. എന്‍ഐഎ രാജ്യവ്യാപകമായി നടത്തി റെയ്ഡില്‍ നിരവധി പിഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു.

രാജ്യത്തിന്റെ ഭരണഘടനാ വ്യവസ്ഥയെയും ജനാധിപത്യ സങ്കല്‍പ്പത്തെയും തകര്‍ക്കുന്ന തരത്തില്‍ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ടയാണ് പോപ്പുലര്‍ ഫ്രണ്ട് നടപ്പാക്കുന്നതെന്നും ചൂണ്ടിക്കാണിച്ചായിരുന്നു നിരോധനം .കഴിഞ്ഞ വര്‍ഷം അവസാനത്തിലും സംസ്ഥാനത്തിന്റം വിവിധ ഭാഗങ്ങളില്‍ എന്‍ ഐ എ പരിശോധന നടത്തിയിരുന്നു.

logo
The Fourth
www.thefourthnews.in