സിപി റഷീദ്
സിപി റഷീദ്

തെലങ്കാനയിലെ യുഎപിഎ കേസ്; കേരളത്തിൽ സി പി റഷീദിന്റെയും സഹോദരന്റെയും വീട്ടിൽ എൻഐഎ റെയ്ഡ്

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സി പി റഷീദ് അടക്കമുള്ളവരുടെ പേരിൽ യുഎപിഎ കേസ് ചുമത്തിയത്

തെലങ്കാനയിൽ രജിസ്റ്റർ ചെയ്ത യുഎപിഎ കേസിൽ മനുഷ്യാവകാശ പ്രവർത്തകൻ സി പി റഷീദ്​, സി പി ഇസ്​മായിൽ തുടങ്ങിയവരുടെ വീട്ടിൽ എൻഐഎ റെയ്ഡ്. റഷീദിന്റെ മലപ്പുറം പാണ്ടിക്കാടുള്ള കുടുംബ വീട്ടിലും സഹോദരൻ ഇസ്മായിലിന്റെ പാലക്കാട്ടെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. എൻഐഎ സംഘം രാവിലെ അഞ്ച് മണിക്ക് ആരംഭിച്ച റെയ്ഡ് ഉച്ചക്ക് പന്ത്രണ്ട് മണി വരെ നീണ്ടു. ഇതോടൊപ്പം തന്നെ ഹൈദരാബാദിലും ആന്ധ്രയിലും ഉള്ള ചില പൊതുപ്രവർത്തകരുടെ വീട്ടിലും എൻഐഎ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ നോട്ടീസുകളും പുസ്തകങ്ങളും കസ്റ്റഡിയിൽ എടുത്തതായി റെയ്ഡിന് ശേഷം ഫേസ്ബുക് ലൈവിൽ എത്തിയ സി പി റഷീദ് വ്യക്തമാക്കി.

സിപി റഷീദ്
ഫ്ലാറ്റിൽനിന്നു വീണ് മരിച്ച മനുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തു; ഗേ പങ്കാളിക്ക് അന്തിമോപചാരം അർപ്പിക്കാന്‍ അനുമതി

രാവിലെ അഞ്ച് മണിക്ക് സി പി റഷീദിനെ പാണ്ടിക്കാടുള്ള കുടുംബ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. പിന്നാലെ റഷീദിന്റെ ഫോൺ കസ്റ്റഡിയിൽ എടുത്തു. പുരോഗമന യുവജന പ്രസ്ഥാനവുമായും മനുഷ്യാവകാശ പ്രസ്ഥാനവുമായും ബന്ധപ്പെട്ട നോട്ടീസുകളാണ് പിടിച്ചെടുത്തത്. മറുവാക്ക്, മാധ്യമം പോലുള്ള മാസികകളും പിടിച്ചെടുത്തതായി സി പി റഷീദ് പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സി പി റഷീദ് അടക്കമുള്ളവരുടെ പേരിൽ യുഎപിഎ കേസ് ചുമത്തിയത്. സെപ്​തംബർ 15 ന്​ സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം സഞ്​ജയ്​ ദീപക്​ റാവുവിനെ ​തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നായിരുന്നു കേസ്. ആകെ 23 പേരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.

മാവോയിസ്റ് ബന്ധം ആരോപിച്ചാണ് കേസ്. കേസിനെക്കുറിച്ച് തെലുങ്ക് മാധ്യമമായ 'ഈ നാട്' വാർത്ത റിപ്പോർട്ട് ചെയ്തതോടെയാണ് വിഷയം പുറത്തറിയുന്നത്. മാർക്​സിസ്​റ്റ്​ ചിന്തകനും എഴുത്തുകാരനുമായ കെ മുരളി,മനുഷ്യാവകാശ പ്രവർത്തകൻ സി പി റഷീദ്​, സി പി ഇസ്​മായിൽ, സി പി മൊയ്​തീൻ, പ്രദീപ്​, വർഗീസ്​ എ, കെ പി സേതുനാഥ് തുടങ്ങിയവർക്കെതിരെയാണ് കേസ് നിലനിൽക്കുന്നത്. യുഎപിഎയുടെ സെക്​ഷൻ 18 (ബി), 20 വകുപ്പുകളും തെലങ്കാന പൊതു സുരക്ഷാ നിയമവും ആയുധ നിയമത്തി​ൻ്റെ സെക്​ഷൻ 25 പ്രകാരവുമാണ്​ കേസ്​.

logo
The Fourth
www.thefourthnews.in