അരയ്ക്ക് താഴെ ഗുരുതര മുറിവുകള്‍; തെരുവുനായ കടിച്ചുകൊന്ന നിഹാലിന്റെ ഖബറടക്കം ഇന്ന്

അരയ്ക്ക് താഴെ ഗുരുതര മുറിവുകള്‍; തെരുവുനായ കടിച്ചുകൊന്ന നിഹാലിന്റെ ഖബറടക്കം ഇന്ന്

കുട്ടിയുടെ അരയ്ക്ക് താഴോട്ട് ഗുരുതരമായ മുറിവുകളാണ് ഉണ്ടായിരുന്നത്

കണ്ണൂര്‍ മുഴുപ്പിലങ്ങാട് തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന നിഹാല്‍ നൗഷാദിന്റെ മൃതദേഹം ഇന്ന് ഖബറടക്കും. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. വിദേശത്തുള്ള അച്ഛൻ നൗഷാദ് മകന്റെ മരണ വാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇടക്കാട് മണപ്പുറം ജുമാമസ്ജിദില്‍ ഖബറടക്കം നടക്കും.

അരയ്ക്ക് താഴെ ഗുരുതര മുറിവുകള്‍; തെരുവുനായ കടിച്ചുകൊന്ന നിഹാലിന്റെ ഖബറടക്കം ഇന്ന്
പതിനൊന്നുകാരനെ തെരുവുനായ കടിച്ചുകൊന്നു; സംഭവം കണ്ണൂർ മുഴപ്പിലങ്ങാട്

ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാൻ എത്തിയപ്പോഴാണ് നൗഷാദിനെ തെരുവ് നായ്ക്കൾ ആക്രമിച്ചത്. കുട്ടിയുടെ അരയ്ക്ക് താഴോട്ട് ഗുരുതരമായ മുറിവുകളാണ് ഉണ്ടായിരുന്നത്. സംസാരശേഷിയില്ലാത്തത് കൊണ്ട് നായ്ക്കൾ ആക്രമണത്തിനിടയിൽ നിഹാലിന് നിലവിളിക്കാൻ പോലും കഴിഞ്ഞില്ല. വീടിന് അര കിലോമീറ്റർ അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 

കുട്ടിയെ കാണാനില്ലെന്ന വിവരത്തെ തുടർന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തം വാർന്ന് അനക്കമില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചു. കുട്ടിയുടെ മുഖത്തെ മുറിവുകൾ ആഴത്തിലുള്ളവയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

അതേസമയം, നിഹാലിന്റെ മരണത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധം പുകയുകയാണ്. രാവിലെ മുതല്‍ പ്രദേശത്തെ തെരുവുനായകളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. പടിയൂര്‍ എബിസി സെന്റര്‍ സംഘത്തെയാണ് മുഴപ്പിലങ്ങാട് നിയോഗിച്ചിരിക്കുന്നത്. ജില്ലയില്‍ ഈ ഒരു എബിസി സെന്റര്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. പൊതുവെ നായ ശല്യം രൂക്ഷമാണെന്നും തെരുവ് നായ ആക്രമണം പതിവാണെന്നും നാട്ടുകാർ പറയുന്നു.

logo
The Fourth
www.thefourthnews.in