ലോക്‌സഭ തിരഞ്ഞെടുപ്പ്: നിര്‍മല്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റി

ലോക്‌സഭ തിരഞ്ഞെടുപ്പ്: നിര്‍മല്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റി

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വെള്ളിയാഴ്ചകളില്‍ ഫലം പ്രഖ്യാപിക്കുന്ന നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഏപ്രില്‍ 26 ലെ നറുക്കെടുപ്പാണ് മാറ്റിയത്

പതിനെട്ടാം ലോക്‌സഭയ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതിയില്‍ നടക്കേണ്ട ഭാഗ്യക്കുറി നറുക്കെടുപ്പില്‍ മാറ്റം. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വെള്ളിയാഴ്ചകളില്‍ ഫലം പ്രഖ്യാപിക്കുന്ന നിര്‍മല്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഏപ്രില്‍ 26 ല്‍നിന്ന് മാറ്റിയത്.

അന്നേ ദിവസം നടക്കേണ്ടിയിരുന്ന നിര്‍മ്മല്‍ ഭാഗ്യക്കുറി (NR-377) യുടെ നറുക്കെടുപ്പ് തൊട്ടടുത്ത ദിവസമായ ഏപ്രില്‍ 27 ശനിയാഴ്ചയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നറുക്കെടുപ്പ് നടത്തുമെന്ന് ഭാഗ്യക്കുറി ഡയറക്ടര്‍ എസ് എബ്രഹാം റെന്‍ അറിയിച്ചു.

ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വോട്ടെടുപ്പ് ദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് ക്രമീകരണം.

40 രൂപയാണ് നിര്‍മല്‍ ലോട്ടറി ടിക്കറ്റിന് വില. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ. സമാശ്വാസ സമ്മാനമായി 8,000 രൂപയും ലഭിക്കും.

logo
The Fourth
www.thefourthnews.in