'ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെ അഭിമാനം'; ഗാന്ധി രക്തസാക്ഷിദിനത്തില്‍ വിവാദപരാമര്‍ശവുമായി കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍

'ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെ അഭിമാനം'; ഗാന്ധി രക്തസാക്ഷിദിനത്തില്‍ വിവാദപരാമര്‍ശവുമായി കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍

നിലപാടിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നു എന്നും ഷൈജ ദ ഫോർത്തിനോട്

ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിച്ച് കോഴിക്കോട് എൻഐടി പ്രൊഫസറുടെ ഫേസ്ബുക്ക് കമന്റ്. "ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട്" എന്നായിരുന്നു പ്രൊഫസർ ഷൈജ ആണ്ടവന്റെ കമന്റ്. പ്രതികരണം തന്റേത് തന്നെയാണെന്നും നിലപാടിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നു എന്നും ഷൈജ ദ ഫോർത്തിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ആഘോഷം സംഘടിപ്പിച്ചവർക്കെതിരെ പ്രതികരിച്ച ദളിത് വിദ്യാർത്ഥിയെ ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ച എൻഐടി നടപടി വിവാദമായിരുന്നു. അതിന്റെ തുടർച്ചയിലാണ് പ്രൊഫസർ ഷൈജ ആണ്ടവന്റെ ഗോഡ്‌സെ അനുകൂല നിലപാടും ചർച്ചയാകുന്നത്. കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രൊഫസറാണ് ഷൈജ ആണ്ടവൻ.

'ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെ അഭിമാനം'; ഗാന്ധി രക്തസാക്ഷിദിനത്തില്‍ വിവാദപരാമര്‍ശവുമായി കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍
ജനാധിപത്യ പ്രതിഷേധങ്ങളെ 'കുറ്റകൃത്യ'മാക്കുന്ന കോഴിക്കോട് എൻഐടി; വിദ്യാർഥിയുടെ സസ്പെൻഷനിൽ പ്രതിഷേധം

"ഹിന്ദു മഹാസഭ പ്രവർത്തകൻ നാഥുറാം വിനായക് ഗോഡ്‌സെ. ഭാരതത്തിലെ ഒരുപാടെടുപേരുടെ ഹീറോ" എന്ന കുറിപ്പോടെ ഹിന്ദുത്വ നിലപാട് നിരന്തരം സ്വീകരിക്കുന്ന അഡ്വ. കൃഷ്ണ രാജ് എന്ന പ്രൊഫൈലിൽ നിന്നും പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിന് താഴെയാണ് ഷൈജ ആണ്ടവൻ കമന്റിട്ടത്. ഇന്ത്യയിലെ ഒരു പ്രീമിയർ സ്ഥാപനത്തിൽ പ്രൊഫസറായി ജോലി ചെയ്യുന്ന ഷൈജ ആണ്ടവന് എങ്ങനെയാണ് ഇത്ര നിസാരമായി ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ കൊലയാളിയെ പ്രകീർത്തിച്ചുകൊണ്ട് എഴുതാൻ സാധിക്കുന്നത് എന്നതാണ് ചോദ്യം.

ക്യാംപസിലെ സയൻസ് ആൻഡ് സ്പിരിച്വാലിറ്റി ക്ലബിന്റെ നേതൃത്വത്തിൽ രാമക്ഷേത്ര പ്രതിഷ്ഠയുടെ തലേദിവസം ജനുവരി 21ന് എൻഐടിയിൽ സംഘടിപ്പിച്ച പരിപാടിയിൽ കാവി നിറമുള്ള ഇന്ത്യയുടെ ഭൂപടവും അതിൽ അമ്പും വില്ലും പ്രദർശിപ്പിച്ചിരുന്നു. ക്ലബ് അംഗങ്ങളായ വിദ്യാർഥികൾ പരിപാടിയിൽ ജയ് ശ്രീ റാം മുഴക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ബിടെക്ക് വിദ്യാർത്ഥിയായ വൈശാഖ് പ്രേംകുമാർ രംഗത്തെത്തുകയായിരുന്നു. "ഇന്ത്യ രാമരാജ്യമല്ല" എന്ന പ്ലക്കാർഡുയർത്തിയാണ് വൈശാഖ് ഉൾപ്പെടെയുള്ള വിദ്യാർഥികൾ പ്രതിഷേധിച്ചത്. ഈ പ്രതിഷേധത്തിലേക്ക് തലേദിവസം പരിപാടി സംഘടിപ്പിച്ച വിദ്യാർഥികൾ ഇടിച്ച് കയറുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ സംഭവം അന്വേഷിച്ച കമ്മിറ്റി പ്രതിഷേധിച്ച വൈശാഖിനെതിരെ മാത്രം നടപടി സ്വീകരിച്ചതിൽ വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിക്കുകയും അതിനെ തുടർന്ന് സ്ഥാപനം തന്നെ നടപടി മരവിപ്പിക്കുകയും ചെയ്തിരുന്നു.

'ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെ അഭിമാനം'; ഗാന്ധി രക്തസാക്ഷിദിനത്തില്‍ വിവാദപരാമര്‍ശവുമായി കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍
പ്രതിഷേധം ഫലം കണ്ടു; കോഴിക്കോട് എൻഐടി വിദ്യാർഥി വൈശാഖിന്റെ സസ്പെൻഷൻ പിൻവലിച്ചു

സാധാരണഗതിയിൽ സ്റ്റുഡന്റ് അഫയേഴ്‌സ് കൗൺസിൽ അംഗങ്ങൾ കൂടി ഉൾപ്പെടുന്നതായിരിക്കും അന്വേഷണ സമിതി. എന്നാൽ വൈശാഖിന്റെ വിഷയത്തിൽ അന്വേഷണ സമിതിയിൽ കൗൺസിൽ പ്രതിനിധികളാരുമുണ്ടായിരുന്നില്ല എന്നതിൽ വിദ്യാർഥികൾ ദുരൂഹത പ്രകടിപ്പിച്ചിരുന്നു.

2008ൽ ഇന്ത്യയിലെ പ്രസിദ്ധ സയൻസ് സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ഷൈജ ആണ്ടവൻ ഇരുപത് വർഷത്തിലധികമായി എൻഐടിയിൽ അധ്യാപികയായി ജോലി ചെയ്യുകയാണ്.

നേരത്തെയും മെക്കാനിക്കൽ എൻജിനിയറിങ് ഡിപ്പാർട്മെന്റിലെ പ്രൊഫസർമാർ ആർഎസ്എസിന്റെയും മറ്റ് ഹിന്ദുത്വ സംഘടനകളുടെയും പരിപാടികളിൽ പങ്കെടുത്തതിന് തെളിവുകളുണ്ട്. ആർഎസ്എസ് സർകാര്യവാഹക് ദത്താത്രേയ ഹൊസബാളെ പങ്കെടുത്ത അമൃതശതം പ്രഭാഷണ പരമ്പരയിൽ അധ്യക്ഷനായതും ഇതേ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രൊഫസറും കോഴിക്കോട് എൻഐടിയുടെ ഡയറക്ടറുമായ ഡോ. പ്രസാദ് കൃഷ്ണയാണ്. മെക്കാനിക്കൽ എൻജിനിയറിങ് ഡിപ്പാർട്മെന്റിലെ പ്രൊഫസർ ആർ ശ്രീധരനും ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.

വൈശാഖിനെ സസ്‌പെൻഡ് ചെയ്തു കൊണ്ടുള്ള ഓർഡർ
വൈശാഖിനെ സസ്‌പെൻഡ് ചെയ്തു കൊണ്ടുള്ള ഓർഡർ

സ്ഥാപനം പൂർണ്ണമായും കാവിവൽക്കരിക്കുന്നതിലേക്കാണ് ഈ സംഭവങ്ങൾ പോകുന്നതെന്ന വിമർശനം വിദ്യാർത്ഥികളിൽ നിന്ന് പലപ്പോഴായി ഉയർന്നിരുന്നു. എന്നാൽ അക്രമകാരികളായ ഹിന്ദുത്വവാദികൾക്കെതിരിരെ യാതൊരു നടപടിയുമെടുക്കാത്ത പ്രതിഷേധിച്ച വൈശാഖിനെതിരെ മാത്രം നടപടിയെടുത്ത സ്ഥാപനത്തിലെ പ്രൊഫസർ ഗോഡ്‌സെ ആരാധികയാണെന്ന് ഉറപ്പിച്ച് പറയുന്നതിൽ നിന്ന് മനസിലാക്കേണ്ടതെന്താണ്? രാഷ്ട്രപിതാവിന്റെ ഘാതകനെ ആരാധിക്കുന്ന ഭീകരവാദ ആശയം പിന്തുടരുന്ന ഒരു വ്യക്തിക്ക് എങ്ങനെ കേന്ദ്ര സർക്കാർ സ്ഥാപനമായ എൻഐടിയിൽ തുടരാനാകുന്നു എന്നതും ആശങ്കയുയർത്തുന്ന ചോദ്യമാണ്.

logo
The Fourth
www.thefourthnews.in