ഞാറയ്ക്കലിലെ പെൺകുട്ടിയുടെ മരണം കൊലപാതകമോ?

ഞാറയ്ക്കലിലെ പെൺകുട്ടിയുടെ മരണം കൊലപാതകമോ?

ഏപ്രിൽ 29നാണ് ആറാം ക്ലാസുകാരിയായ ശിവപ്രിയയെ ഞാറയ്ക്കലിലെ വാടക വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്

എറണാകുളം ഞാറയ്ക്കലിൽ 11 വയസുകാരി ശിവപ്രിയ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച്‌ കുടുംബം. ഏപ്രിൽ 29നാണ് ആറാംക്ലാസുകാരിയെ ഞാറയ്ക്കലിലെ വാടക വീട്ടിലെ ഉത്തരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ രാജൻ സുനിത ദമ്പതികളുടെ ഇളയമകളായ ശിവപ്രിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ കേസെടുത്ത പോലീസ് ആത്മഹത്യയെന്ന നിഗമനത്തിൽ ഉറച്ച് നിൽക്കുകയാണ്.

ഒറ്റമുറി വീട്ടിലായിരുന്നു അമ്മയും അച്ഛനും രണ്ട് പെൺമക്കളും അടങ്ങിയ കുടുംബം താമസിച്ചിരുന്നത്. ശിവപ്രിയ മരണപ്പെടുന്ന ദിവസം കൂലിപ്പണിക്കാരായ അച്ഛനും അമ്മയും ജോലിക്കും, മൂത്തമകൾ ബാലസംഘത്തിന്റെ മീറ്റിങ്ങിനും പോയിരിക്കുകയായിരുന്നു. ശിവപ്രിയയുടെ ആത്മഹത്യകുറുപ്പിലെ കൈയ്യക്ഷരവും വസ്ത്രധാരണ രീതിയിലെ വ്യത്യസ്തതയും മരണത്തിൽ ദുരൂഹതകൾ കൂട്ടുന്നു. ഇന്ക്വസ്റ്റ്‌ തയ്യാറാക്കിയപ്പോൾ കുട്ടിയുടെ നെഞ്ചിൽ വിരൽ അമർന്നതിന്റെ പാടും കഴുത്തിൽ ഒരു വിരലിന്റെ വലുപ്പത്തിൽ രക്തം കട്ടപിടിച്ച പാടും, കഴുത്തിൽ തൂങ്ങിയതിന്റെ രണ്ട് പാടുകളും കണ്ടിരുന്നെന്ന ഇന്ക്വസ്റ്റ്‌ തയ്യാറാക്കിയപ്പോൾ സാക്ഷിയായിരുന്ന ലേഖയുടെ വെളിപ്പെടുത്തലും ഗൗരവമേറിയതാണ്. സംഭവ ദിവസം കുട്ടിയുടെ ഒരു ബന്ധുവിനെ വീടിന്റെ പരിസരങ്ങളിൽ കണ്ടിരുന്നുവെന്നും പിന്നീട് ഇതേപറ്റി തിരക്കിയപ്പോൾ ഇക്കാര്യം ഇയാൾ നിഷേധിച്ചെന്നും സമീപവാസി പറയുന്നു.

അസ്വാഭാവികത തോന്നാൻ കാരണങ്ങൾ ഏറെ ഉണ്ടായിട്ടും പോലീസ് അന്വേഷണത്തിൽ അലംഭാവം കാട്ടുന്നുവെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. "എന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. സംഭവ ദിവസം രാവിലെ എന്റെ പണി സ്ഥലത്തേക്ക് മകൾ വന്നിരുന്നു. മാസമുറ ആയതിനാൽ വയർ വേദന എടുക്കുന്നു എന്ന് പറഞ്ഞാണ് വന്നത്. അടുത്തുള്ള കടയിൽ നിന്ന് സാനിറ്ററി നാപ്കിൻ വാങ്ങി മോൾ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞാണ് വിട്ടത്" പിന്നീട് ഉച്ചഭക്ഷണത്തിനായി സുനിത വീട്ടിലേക്ക് വരുമ്പോൾ കാണുന്നത് മകൾ നടുത്തളത്തിലെ ഉത്തരത്തിൽ തൂങ്ങി നിൽക്കുന്നതാണ്.

പിന്നീട് കിടപ്പ്മുറിയിലെ കട്ടിലിന് താഴെ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. തന്നെ അച്ഛനും അമ്മയ്ക്കും ഇഷ്ടമല്ലെന്നും അതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്. ഇത്തരത്തിൽ മാതാപിതാക്കൾക്കെതിരെ എഴുതിയിരിക്കുന്നതിനാലാണ് ആത്മഹത്യ അല്ലെന്ന് കുടുംബം പറയുന്നത്. അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും ഞാറക്കൽ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ പറഞ്ഞു. എന്നാൽ കുട്ടിയുടെ കൈയക്ഷരം യഥാർത്ഥത്തിൽ അങ്ങനെയല്ലെന്നും, വീട്ടുകാരിൽ നിന്ന് സ്നേഹം ഇല്ലെന്ന തരത്തിൽ കുട്ടി ഒരിക്കലും പറഞ്ഞിട്ടില്ലെന്നും കുട്ടിയുമായി അടുപ്പമുള്ളവർ പറയുന്നു.

logo
The Fourth
www.thefourthnews.in