പുലികളിക്ക് മാറ്റമില്ല; ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കും

പുലികളിക്ക് മാറ്റമില്ല; ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കും

ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തില്‍ പുലികളി നടത്തുന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു

രാജ്യത്ത് നാളെ ഔദ്യോഗിക ദുഃഖാചരണമാണെങ്കിലും തൃശൂരിലെ പുലികളിയില്‍ മാറ്റമില്ല. ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി പുലികളി നാളെ തന്നെ നടക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. മന്ത്രിമാരും ജനപ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുണ്ടാകില്ല.

എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്ത് ഞായറാഴ്ച ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുലികളി നടത്തുന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. പുലികളി മാറ്റിവയ്ക്കുന്നതാകും ഉചിതമെന്ന് ജില്ലാ കളക്ടര്‍ സംഘങ്ങളെ അറിയിച്ചു. എന്നാല്‍ ഒരാഴ്ച മുന്‍പ് തന്നെ ഒരുക്കങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ പുലികളി മാറ്റിവയ്ക്കുന്നത് അസാധ്യമാണെന്നായിരുന്നു സംഘങ്ങളുടെ നിലപാട്. പുലികളിക്കായി ചായം കൂട്ടുന്നത് ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ നേരത്തെ ആരംഭിച്ചതാണ്. ഇതിന് ശേഷം ചടങ്ങ് മാറ്റിവയ്ക്കുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും സംഘങ്ങള്‍ ചൂണ്ടിക്കാട്ടി.

അഞ്ച് പുലികളി സംഘങ്ങളിലായി 250ലധികം കലാകാരന്‍മാരാണ് നാളെ പുലികളിക്കായി തയ്യാറായിരിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം നടക്കുന്ന പുലികളി ആഘോഷമാക്കാനാണ് സംഘങ്ങളുടെ തീരുമാനം

logo
The Fourth
www.thefourthnews.in