'കാരുണ്യ പദ്ധതി കൊറിയർ ചാർജ് വഹിക്കില്ല'; തിരുവനന്തപുരം ആർസിസിയിൽ കാൻസർ രോഗികൾക്ക് മരുന്നില്ല

'കാരുണ്യ പദ്ധതി കൊറിയർ ചാർജ് വഹിക്കില്ല'; തിരുവനന്തപുരം ആർസിസിയിൽ കാൻസർ രോഗികൾക്ക് മരുന്നില്ല

മരുന്നിന്റെ പേറ്റന്റ് ഉള്ള ടാറ്റ വൺ എംജി എന്ന കമ്പനിയുടെ ഔട്‍ലെറ്റുകൾ കേരളത്തിലില്ലാത്തത്‌ കൊണ്ടാണ് ദൗർലഭ്യമുണ്ടായത്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (ആർസിസി) ചികിത്സയിൽ കഴിയുന്ന രോഗികള്‍ക്ക് അത്യാവശ്യ മരുന്നുകൾ കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതി. തന്റെ അമ്മയ്ക്ക് വേദനസംഹാരികൾ ഉൾപ്പെടെയുള്ള മരുന്നുകൾ നൽകുന്നില്ലെന്ന് കാണിച്ച് അഡ്വ. ജെസിൻ എസ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ക്രോണിക്ക് മെലോയ്ഡ് ലുക്കീമിയ(സിഎംഎൽ) എന്ന രോഗം ബാധിച്ച് 2018 മുതൽ ചികിത്സയിൽ കഴിയുകയാണ് ജെസിന്റെ അമ്മ. കഠിനമായ വേദന അനുഭവിക്കുന്നതിനാൽ വേദനസംഹാരികൾ ലഭിക്കാത്തത് രോഗികളെ സാരമായി ബാധിക്കുന്നുണ്ടെന്ന് ജെസിൻ ദ ഫോർത്തിനോട് പറഞ്ഞു. നിലൈറ്റിനോബ് എന്ന കാപ്സ്യുള്‍ ആയിരുന്നു ഇവർ സ്ഥിരമായി കഴിച്ചുകൊണ്ടിരുന്നത്. ഈ മരുന്നിന്റെ വിതരണക്കാരായി ടാറ്റ വണ്‍ എംജി എന്ന ഓണ്‍ലൈന്‍ കമ്പനി വന്നതിനു ശേഷമാണ് അത് കേരളത്തില്‍ ലഭിക്കാതായതെന്നും ജെസിൻ പറഞ്ഞു.

സാധാരണഗതിയിൽ കാൻസർ രോഗികളുടെ മരുന്നിന്റെ ചെലവ് സർക്കാർ കാരുണ്യ പദ്ധതിയിലൂടെയാണ് വഹിക്കുന്നത്. എന്നാൽ ഇപ്പോൾ മരുന്നിന്റെ വിതരണം ഏറ്റെടുത്ത ടാറ്റ വൺ എംജി എന്ന കമ്പനിയുടെ ഔട്‍ലെറ്റുകൾ കേരളത്തിലില്ലാത്തതുകൊണ്ട് കേരളത്തിന് പുറത്ത് നിന്ന് മരുന്ന് എത്തിക്കാൻ കൊറിയർ ചാർജ് കൂടെ നൽകേണ്ടി വരും. അത് കാരുണ്യ പദ്ധതി പ്രകാരം സർക്കാരിന് വഹിക്കാൻ സാധിക്കാത്തതാണ് രോഗികൾക്ക് മരുന്ന് ലഭിക്കാത്തതിന് കാരണം. ഈ കൊറിയർ ചാർജ് രണ്ടായിരം രൂപയിലധികം വരും. ഈ തുക സാധാരണക്കാരായ രോഗികൾക്കും കുടുംബത്തിനും താങ്ങാൻ സാധിക്കുന്നില്ല എന്നതാണ് അടിസ്ഥാനപരമായ പ്രശ്നം. എന്നാൽ പ്രശ്നം പരിഹരിക്കാൻ സർക്കാർ ഒരു തരത്തിലുമുള്ള ശ്രമവും നടത്തുന്നില്ല എന്നതാണ് വസ്തുത- ജെസിൻ പറയുന്നു.

ഭക്ഷണം കഴിക്കാനുള്ള പൈസ പോലും മാറ്റിവച്ചാണ് പലരും മരുന്നിനുള്ള തുക കണ്ടെത്തുന്നതെന്ന് ജെസിൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ജനുവരി 15ന് ഓൺലൈനായി നൽകിയ പരാതി ജനുവരി 17 ന് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകിയതായി നോട്ടിഫിക്കേഷൻ വന്നെങ്കിലും പ്രത്യേകിച്ച് നടപടിയൊന്നും കൈക്കൊണ്ടില്ല. ഇതറിയച്ച് ജെസിൻ രണ്ടാമതും പരാതി നല്‍കിയിരുന്നു. "വേദന തിന്നു ജീവിക്കുന്ന കാൻസർ രോഗികളുടെ കാര്യം ഇതുവരെ പരിഗണിക്കുക പോലും ചെയ്തിട്ടില്ല" ജെസിൻ പറയുന്നു.

മരുന്നിന്റെ ലഭ്യതക്കുറവ് കാരണം ചികിത്സ മുടങ്ങാതിരിക്കാൻ ജനറിക് കമ്പനിയായ നാറ്റ്കോയുടെ നിലിറ്റിനിബ് കാപ്സ്യൂളുകൾ ആശുപത്രിയിൽ നിന്ന് വാങ്ങി ചികിത്സ തുടരുകയാണെന്നും, നേരത്തെ കഴിച്ചിരുന്ന മരുന്ന് മുടങ്ങുകയും പെട്ടന്ന് ജനറിക് കമ്പനിയുടെ മരുന്ന് കഴിക്കേണ്ടി വന്നതും വലിയ ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്നും ജെസിൻ പറയുന്നു. നാറ്റ്കോയുടെ നിലിറ്റിനിബ് കാപ്സ്യൂളുകളും കിട്ടാനില്ലായിരുന്നു. നാല് പ്രാവശ്യം ആർസിസിയിലും മെഡിക്കൽ കോളേജിലും 72 വയസായ തന്റെ അച്ഛൻ കയറിയിറങ്ങിയതിനുശേഷമാണ് ഈ മരുന്ന് കിട്ടിയതെന്നും ജെസിൻ പറയുന്നു.

കടം വാങ്ങി ആർസിസിയിൽ ചികിത്സയ്ക്ക് വരുന്നവർ ഈ തുക എങ്ങനെ കണ്ടെത്തും

ജെസിൻ

കാരുണ്യം കാണിക്കാത്ത കാരുണ്യ പദ്ധതി

സർക്കാരിന്റെ കാരുണ്യ പദ്ധതിയിലൂടെയാണ് കാൻസർ രോഗികൾക്ക് മരുന്നുകൾ ലഭ്യമാക്കുന്നത്. മരുന്നിന്റെ കുറിപ്പും അതിനൊപ്പം കാരുണ്യ പദ്ധതി പ്രകാരം സൗജന്യമായി മരുന്നു ലഭിക്കുന്നതിനുള്ള മറ്റൊരു സ്ലിപ്പുമാണ് ഓരോ രോഗികൾക്കും ലഭിക്കുക. ഈ രണ്ടു രേഖകളും ഔട്ട്ലെറ്റുകളിൽ എത്തിക്കുമ്പോഴാണ് ഇവർക്ക് മരുന്ന് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നിലിറ്റിനിബ് കാപ്സ്യൂളുകളുടെ വിതരണം ഏറ്റെടുത്തിട്ടുള്ള ടാറ്റ വൺ എംജി എന്ന ഓൺലൈൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഔട്‍ലെറ്റ് കേരളത്തിൽ ഇല്ല എന്നതാണ് പ്രശ്നം. കേരളം കൂടാതെ പഞ്ചാബാണ് ഈ കമ്പനിക്ക് ഔട്ട്ലെറ്റ് ഇല്ലാത്ത സംസ്ഥാനം.

പലതവണ ഈ കാര്യം പറഞ്ഞുകൊണ്ട് കമ്പനിക്ക് മെയിലുകൾ അയച്ചെങ്കിലും ഒരു തരത്തിലുള്ള പ്രതികരണങ്ങളും ഉണ്ടായില്ലെന്നും ശേഷം പരാതിയായി അയച്ച മെയ്‌ലിനോട് മാത്രമാണ് കമ്പനി പ്രതികരിച്ചതെന്നും ജെസിൻ പറയുന്നു. മരുന്നിന്റെ ചെലവ് കാരുണ്യ വഹിച്ചാലും കൊറിയർ ചാർജ് കൊടുത്താൽ മാത്രമേ രോഗികൾക്ക് മരുന്ന് കയ്യിൽ കിട്ടൂ. അത് ഏകദേശം രണ്ടായിരത്തിൽ അധികം രൂപ വരും. എന്നാൽ ചെന്നൈ പോലുള്ള കമ്പനിക്ക് ഔട്ട്ലെറ്റ് ഉള്ള സ്ഥലങ്ങളിൽ ചെന്നാൽ മരുന്ന് സൗജന്ന്യമായി തരാം എന്നാണ് കമ്പനിയുടെ പക്ഷം. സാധാരണക്കാരായ, കടം വാങ്ങി ആർസിസിയിൽ ചികിത്സയ്ക്ക് വരുന്നവർ ഈ തുക എങ്ങനെ കണ്ടെത്തുമെന്നും ജെസിൻ ചോദിക്കുന്നു.

കോവിഡിന്റെ സമയത്തു പോലും ഇത്തരത്തിൽ ഒരു ദൗർലഭ്യം മരുന്നിന് നേരിട്ടിട്ടില്ല എന്നും, ഇപ്പോൾ സർക്കാരിനുള്ള സാമ്പത്തിക പ്രതിസന്ധിയാകാം ഈ അവസ്ഥയ്ക്ക് കാരണമെന്നും ജെസിൻ സംശയിക്കുന്നു. ടാറ്റ വൺ എംജി എന്ന കമ്പനിക്ക് പണം അടച്ചിട്ടും മരുന്ന് ലഭിക്കാൻ രണ്ടാഴ്ചയോളം കാലതാമസമുണ്ടായിട്ടുണ്ടെന്നും ജെസിൻ പറയുന്നു.

ജനറിക് മരുന്നിലേക്ക് മാറാമെന്ന് കരുത്തുകയാണെങ്കിൽ അതും നാല് തവണ ആശുപത്രിയിൽ കയറിയിറങ്ങിയിട്ടാണ് ലഭിക്കുന്നത്. സാധാരണക്കാരായ കൂലിപ്പണിക്കാരായ മനുഷ്യർ ഇതിൽ അനുഭവിക്കുന്ന പ്രശ്നം വളരെ വലുതാണ്, ജെസിൻ പറയുന്നു.

നിലിറ്റിനിബ് കാപ്സ്യൂൾ
നിലിറ്റിനിബ് കാപ്സ്യൂൾ

ആരോഗ്യമേഖലയിൽ ചെലവഴിക്കാൻ സർക്കാരിന് പണമില്ലേ?

കാരുണ്യ പദ്ധതി അവതരിപ്പിക്കുന്നത് 2012ൽ കെഎം മാണിയാണ്. ലോട്ടറി വിട്ടു കിട്ടുന്ന തുകയിൽ നിന്ന് ചികിത്സാ ചിലവിനു തുക മാറ്റി വെക്കുക എന്നതായിരുന്നു പദ്ധതി. എന്നാൽ കാലക്രമേണ ഈ പദ്ധതി കാരണം ആരോഗ്യമേഖലയിൽ സർക്കാർ ചെലവഴിക്കുന്ന തുകയിൽ വലിയ കുറവുണ്ടായിട്ടുണ്ട് എന്നും അത് ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിലേക്കാണ് നയിച്ചതെന്നുമാണ് ജെസിന്റെ ആരോപണം.

പൊതുസമൂഹത്തിൽ ചർച്ചയാകുന്ന രോഗികൾക്ക് സ്വകാര്യ ആശുപത്രിയിൽ ചെലവാകുന്ന മുഴുവൻതുകയും നൽകാൻ തയ്യാറാകുന്ന സർക്കാർ ഇത്തരത്തിൽ ഒരുപാട് രോഗികളെ ബാധിക്കുന്ന വിഷയത്തിൽ കാര്യമായി ഇടപെടുന്നില്ല എന്നും ജെസിന് വിമർശനമുണ്ട്. കേരളത്തിലെ മുഴുവൻ കാൻസർ രോഗികളും അനുഭവിക്കുന്ന പ്രശ്നമാണിതെന്നും, അടിസ്ഥാനപരമായ ചികിത്സ ലഭിക്കാനുള്ള അവകാശം നിഷേധിക്കുന്ന അവസ്ഥയാണുള്ളതെന്നും ജെസിൻ പറയുന്നു.

logo
The Fourth
www.thefourthnews.in