മന്ത്രി എംബി രാജേഷ്
മന്ത്രി എംബി രാജേഷ്

ബ്രഹ്മപുരത്ത് ഇനി പ്ലാസ്റ്റിക്ക് മാലിന്യം കൊണ്ടുപോകില്ല ;82 ദിവസത്തെ കർമ്മപരിപാടി നടപ്പാക്കുമെന്നും മന്ത്രി എംബി രാജേഷ്

കുടിശ്ശികയാക്കുന്നവരുടെ യൂസര്‍ഫീ വസ്തു നികുതിയുടെ കൂടെ ഈടാക്കാന്‍ തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുമെന്ന് എംബി രാജേഷ്

ബ്രഹ്മപുരത്ത് ഇപ്പോള്‍ കെട്ടികിടക്കുന്ന മാലിന്യം നീക്കം ചെയ്ത് കഴിഞ്ഞാല്‍ ജൈവമാലിന്യം മാത്രമേ കൊണ്ടുപോവുകയുള്ളു. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൊണ്ടുപോകില്ലെന്നും മന്ത്രി എംബി രാജേഷ്. നിലവില്‍ മാലിന്യ സംസ്‌കരണത്തിന് സ്വീകരിക്കേണ്ട സമീപനവും കര്‍മപരിപാടിയും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നുവെന്നും ഇപ്പോഴത്തെ കൊച്ചിയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത്‌കൊണ്ട് യുദ്ധകാല അടിസ്ഥാനത്തില്‍ നടപ്പിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

നാളെ മുതല്‍ മെയ് 31 വരെ 82 ദിവസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട ഒരു കര്‍മ പരിപാടിക്കാണ് രൂപം കൊടുത്തിട്ടുള്ളത്. അതിൻ്റെ അടിസ്ഥാനനയം ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുക എന്നതാണ്. അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണം നൂറ് ശതമാനം ഉറപ്പ് വരുത്തും. ഹരിത കര്‍മ സേന വഴിയായിരിക്കും ഇത് നടപ്പിലാക്കുക. എല്ലാ വാര്‍ഡുകളിലും ഏറ്റവും കുറഞ്ഞത് രണ്ട് അംഗങ്ങളെങ്കിലും ഉള്ള ഹരിത കര്‍മസേന രൂപീകരിക്കണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ ഹരിതകര്‍മ സേനയുടെ നേതൃത്വത്തിലുള്ള വാതില്‍പ്പടി ശേഖരണം പൂര്‍ണമായി ആരംഭിക്കും.

മന്ത്രി എംബി രാജേഷ്
ബ്രഹ്മപുരം തീപിടിത്തം: ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി സർവേ നടത്തും; വിദഗ്ധ ചികിത്സ ഉറപ്പാക്കും

ഹരിത കര്‍മ സേനയുടെ യൂസര്‍ഫീ സംബന്ധിച്ച് വ്യക്തത വരുത്തുന്ന ഉത്തരവ് അടുത്ത ദിവസം തന്നെ ഇറക്കും. കുടിശ്ശികയാക്കുന്നവരുടെ യൂസര്‍ഫീ വസ്തു നികുതിയുടെ കൂടെ ഈടാക്കാന്‍ തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുമെന്നും എംബി രാജേഷ് വ്യക്തമാക്കി. ഇത് 100 ശതമാനം ശേഖരണം ഉറപ്പാക്കാന്‍ സഹായകരമാകും. ഇങ്ങനെ ഹരിത കര്‍മ സേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ മെറ്റീരിയല്‍ സെൻ്ററിൽ എത്തിച്ച് വേർതിരിക്കും. ഇത്തരത്തില്‍ വേർതിരിക്കപ്പെട്ട മാലിന്യം ക്ലീന്‍ കേരള കമ്പനി, മറ്റ് സ്വകാര്യ കമ്പനികള്‍ എന്നിവ വഴി സംസ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങളാണ് യോഗത്തില്‍ കൂടുതല്‍ ചര്‍ച്ചയായത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ബ്രഹ്മപുരം പ്ലാൻ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് നടന്ന മന്ത്രിമാരുടെ അവലോകന യോഗത്തിന് ശേഷം മന്ത്രി എംബി രാജേഷ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ബ്രഹ്മപുരം മാലിന്യപ്ലാൻ്റിലുണ്ടായ തീപിടിത്തവും തുടര്‍ന്നുണ്ടായ പുകയും അണയ്ക്കുന്നതിന് രാജ്യത്ത് ലഭ്യമാകുന്ന എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയെന്ന് അവലോകന യോഗത്തില്‍ മന്ത്രി പി. രാജീവും വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in