കടമെടുപ്പ് പരിധിയില്‍ ചർച്ച പരാജയം; കേസ് നല്‍കിയതില്‍ കേന്ദ്രത്തിന് അതൃപ്തിയെന്ന് ധനമന്ത്രി

കടമെടുപ്പ് പരിധിയില്‍ ചർച്ച പരാജയം; കേസ് നല്‍കിയതില്‍ കേന്ദ്രത്തിന് അതൃപ്തിയെന്ന് ധനമന്ത്രി

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേസില്‍ കേരളവും കേന്ദ്രസര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തിക്കൂടേയെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചർച്ച ഫലപ്രദമായില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ''പോസിറ്റീവായ ഒന്നും സംഭവിച്ചില്ല. വിചാരിച്ച അത്രയും നേട്ടമുണ്ടാക്കാന്‍ ചർച്ചയിലൂടെ കഴിഞ്ഞില്ല. സുപ്രീംകോടതിയില്‍ കേസ് നല്‍കിയതില്‍ കേന്ദ്ര സർക്കാരിന് അതൃപ്തിയുണ്ട്. കേസുള്ളപ്പോള്‍ ചർച്ച എങ്ങനെ സാധ്യമാകുമെന്നാണ് കേന്ദ്ര സമീപനം,'' കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

കടമെടുപ്പ് പരിധിയില്‍ കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടത്താമെന്നു സുപ്രീംകോടതിയില്‍ സമവായമായതിനേത്തുടര്‍ന്നാണ് ഇന്ന് ഇരുകൂട്ടരും മേശയ്ക്കിരുവശവും എത്തിയത്. ചർച്ചയിൽ കേരളത്തെ പ്രതിനിധീകരിച്ച്‌ മന്ത്രി ബാലഗോപാൽ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം, ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ, അഡ്വക്കറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ നിന്ന് ധനകാര്യവകുപ്പ് സെക്രട്ടറി ആൻഡ് സെക്രട്ടറി എക്സ്പെൻഡിച്ചർ ഡോ. ഡോ. ടിവി സോമനാഥൻ, അഡീഷണൽ സോളിസിറ്റർ ജനറൽ എൻ വെങ്കിട്ട രാമൻ, അഡീഷണൽ സെക്രട്ടറി സജ്ജൻ സിംഗ് യാദവ്, ജോയിന്റ് സെക്രട്ടറി അമിത സിംഗ് നേഗി തുടങ്ങിയവരും പങ്കെടുത്തു.

ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കേന്ദ്രവും കേരളവും തിങ്കളാഴ്ച കോടതിയെ അറിയിക്കും. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് പരസ്പരം ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ചുകൂടെ എന്ന് ആരാഞ്ഞത്. ഈ കേന്ദ്ര സര്‍ക്കാരും സംസ്ഥാനവും അംഗീകരിച്ചതോടെയാണ് ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്.

logo
The Fourth
www.thefourthnews.in