indian parliament
indian parliament

കേരളത്തില്‍ നിന്നും രാജ്യസഭയിലെത്തിയ നോമിനേറ്റഡ് അംഗങ്ങള്‍

കല, സാഹിത്യ, ശാസ്ത്രം, സാമുഹിക സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ വിദഗ്ദരെ രാഷ്ട്രപതിയാണ് നാമനിര്‍ദേശം ചെയ്യുന്നത്.

ഇന്ത്യന്‍ നിയമനിര്‍മ്മാണ സഭയായ പാര്‍ലമെന്റെിന്റെ ഉപരിസഭയാണ് രാജ്യസഭ. പാര്‍ലമെന്റെിന്റെ സ്ഥിരം സഭയായ രാജ്യസഭയില്‍ 250 അംഗങ്ങളാണ് ഉണ്ടാവുക. അവരില്‍ 12 പേരെ കല- സാഹിത്യം, ശാസ്ത്രം, സാമുഹിക സേവന രംഗം എന്നീ മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കുന്നു. കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതിയാണ് ഇവരെ നാമനിര്‍ദേശം ചെയ്യുന്നത്.

ഇത്തവണ കേരളത്തില്‍ നിന്നും മുന്‍ ഒളിംപ്യന്‍ പിടി ഉഷ ഈ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്നും നേരത്തെ നാമനിര്‍ദേശം ചെയ്യപ്പെട്ട് ആറ് പേരാണ് രാജ്യസഭയില്‍ എത്തിയിട്ടുള്ളത്.

കെ എം പണിക്കര്‍

രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യ മലയാളിയാണ് കെ എം പണിക്കര്‍ എന്ന കാവാലം മാധവ പണിക്കര്‍. ഇന്ത്യാ വിഭജനകാലത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ഭാഷാ പണ്ഡിതന്‍, പത്രപ്രര്‍ത്തകന്‍, ചരിത്രകാരന്‍, നയതന്ത്ര പ്രതിനിധി, ഭരണജ്ഞന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു കെഎം പണിക്കര്‍.

ബ്രിട്ടീഷ് ഇന്ത്യയില്‍ പട്ട്യാല സംസ്ഥാനത്തിന്റെയും, ബികാനീർ സംസ്ഥാനത്തിന്റെയും വിദേശകാര്യമന്ത്രിയും മുഖ്യമന്ത്രിയുമായി സേവനമനുഷ്ടിച്ചിട്ടുണ്ട് കെ എം പണിക്കര്‍. സ്വതന്ത്ര ഇന്ത്യയില്‍ ചൈന, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ അംബാസിഡറായും പ്രവര്‍ത്തിച്ചിരുന്നു.

കെ എം പണിക്കര്‍
കെ എം പണിക്കര്‍

ജി ശങ്കരകുറുപ്പ്

മലയാള കവിതയിലെ മഹാരഥന്മാരില്‍ ഒരാളായി അറിയപ്പെടുന്ന ജി ശങ്കരകുറുപ്പാണ് രാജ്യസഭയിലേക്ക് നാമ നിര്‍ദേശം ചെയ്യപ്പെട്ട മലയാളികളില്‍ മറ്റൊരു പ്രമുഖന്‍. 1968 മുതല്‍ 1972 വരെയായിരുന്നു ശങ്കരകുറിപ്പ് രാജ്യസഭാംഗമായി സേവനം അനുഷ്ഠിച്ചത്. സാഹിത്യ രംഗത്തെ പ്രമുഖന്‍ എന്ന നിലയില്‍ ആയിരുന്നു അദ്ദേഹത്തെ രാഷ്ട്രപതി രാജ്യസഭയിലേക്ക് എത്തിച്ചത്.

ഇന്ത്യന്‍ സാഹിത്യ രംഗത്തെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരം നേടിയ ആദ്യ വ്യക്തികൂടിയാണ് ജി ശങ്കരകുറുപ്പ്. 'ഓടക്കുഴല്‍' എന്ന 60 കവിതകളുടെ സമാഹാരത്തിനാണ് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത്.

ജി ശങ്കരകുറുപ്പ്
ജി ശങ്കരകുറുപ്പ്

അബു എബ്രഹാം

കാര്‍ട്ടൂണിസ്റ്റും, എഴുത്തുകാരനും, പത്ര പ്രവര്‍ത്തകനുമായിരുന്ന അബു എബ്രഹാം 1972 മുതല്‍ 1978 വരെയായിരുന്നു രാജ്യസഭാംഗമായിരുന്നത്. കലാരംഗത്തെ പ്രതിനിധി എന്ന നിലയിലായിരുന്നു അദ്ദേഹം സഭയിലെത്തിയത്.

ബോംബെ ക്രോണിക്കള്‍, ദി ഒബ്സര്‍വര്‍, ദി ഇന്ത്യന്‍ എക്യസ്പ്രസ് തുടങ്ങി നിരവധി പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അബു എബ്രഹാം മാവേലിക്കര സ്വദേശിയാണ്.

അബു എബ്രഹാം
അബു എബ്രഹാം

കൃഷ്ണ സ്വാമി കസ്തൂരിരംഗന്‍

ശാസ്ത്രമേഖലയില്‍ നിന്നും കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട കേരളത്തില്‍ നിന്നുള്ള വ്യക്തിയാണ് കൃഷ്ണസ്വാമി കസ്തൂരിരംഗന്‍. 2003 ലാണ് അദ്ദേഹം രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ആസൂത്രണകമ്മിഷന്‍ മുന്‍ അംഗവും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ ചെയര്‍മാനായും കസ്തൂരിരംഗന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബഹിരാകാശ വകുപ്പിലെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള കസ്തൂരിരംഗന്‍ ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളുടെ ബുദ്ധികേന്ദ്രം കൂടിയായിരുന്നു. ഇന്ത്യയുടെ ആദ്യത്തെ രണ്ട് പരീക്ഷണാത്മക ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ പ്രോജക്ടര്‍ ചുമതലയും വഹിച്ചിരുന്നു.

ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്ന കാലത്താണ് ഇന്ത്യയുടെ ചാന്ദ്രയാത്ര പദ്ധതികളുടെ ആലോചനകള്‍ തുടങ്ങുന്നത്. പത്മശ്രീ, പത്മഭൂഷണ്‍, പത്മ വിഭൂഷണ്‍ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. എറണാകുളം സ്വദേശിയാണ് കൃഷ്ണസ്വാമി കസ്തുരിരംഗന്‍.

 കൃഷ്ണസ്വാമി കസ്തുരിരംഗന്‍
കൃഷ്ണസ്വാമി കസ്തുരിരംഗന്‍

എംഎസ് സ്വാമിനാഥന്‍

ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവാവും അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനുമായ ഇന്ത്യയുടെ കൃഷി ശാസ്ത്രജ്ഞനാണ് എം സ് സ്വാമിനാഥന്‍ എന്ന മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ. എ പി ജെ അബ്ദുള്‍ കലാം രാഷ്ട്രപതിയായിരിക്കെയാണ് സ്വാമിനാഥനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യ്തത്.

ഇന്ത്യയുടെ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ ധാന്യ വിളകളുടെ വിത്തുകള്‍ വികസിപ്പിച്ചെടുക്കുകയും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ പ്രശസ്തനാക്കിയത്. കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് തക്കതായ മാര്‍ഗനിര്‍ദേശങ്ങളും പരിഹാരങ്ങളും നല്‍കാനും അദ്ദേഹത്തിന് സാധിച്ചു.

ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് മങ്കൊമ്പില്‍ കുടംബവീടുള്ള എംഎസ് സ്വാമിനാഥന്‍ 1925 ഓഗസ്റ്റ് 7ന് കുംഭകോണത്താണ് ജനിച്ചത്.

എംഎസ് സ്വാമിനാഥന്‍
എംഎസ് സ്വാമിനാഥന്‍

സുരേഷ് ഗോപി

മലയാള സിനിമ രംഗത്ത് നിന്ന് രാജ്യസഭയിലേക്ക് രാഷ്ട്രപതിയുടെ നോമിനേഷനിലൂടെ എത്തിയ വ്യക്തിയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്‍റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളും ഈ നേട്ടം തേടിയെത്താന്‍ ഇടയാക്കി. ബിജെപി അംഗം കൂടിയാണ് അദ്ദേഹം.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ സിനിമകളിലൂടെ ദക്ഷിണേന്ത്യയിലും പ്രശസ്തനാണ് സുരേഷ് ഗോപി. ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം 1997 ല്‍ 'കളിയാട്ടം' എന്ന സിനിമയിലെ കഥാപാത്രത്തിന് മികച്ച നടനുളള ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.

സുരേഷ് ഗോപി
സുരേഷ് ഗോപി
logo
The Fourth
www.thefourthnews.in