മൂന്നാർ കുണ്ടളയ്ക്ക് സമീപം പുതുക്കടിയിൽ മണ്ണിടിഞ്ഞു
മൂന്നാർ കുണ്ടളയ്ക്ക് സമീപം പുതുക്കടിയിൽ മണ്ണിടിഞ്ഞു

മൂന്നാറില്‍ ഉരുള്‍‌പ്പൊട്ടല്‍; വിനോദസഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു

ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, ഒരാള്‍ കുടുങ്ങിയതായി സംശയം. പോലീസും അഗ്നിശമന സേനയും തിരച്ചില്‍ ആരംഭിച്ചു

മൂന്നാറില്‍ ശക്തമായ മഴയും ഉരുള്‍പ്പൊട്ടലും. കുണ്ടളയ്ക്ക് സമീപം പുതുക്കടിയിലും മൂന്നാര്‍ എക്കോപോയിന്റിലുമാണ് ഉരുള്‍പൊട്ടിയത്. കുണ്ടളയിൽ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലറിന് മുകളില്‍ മണ്ണിടിഞ്ഞുവീണു. ഒരാള്‍ കുടുങ്ങിയതായാണ് സംശയം. അതേസമയം, ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഉച്ചയോടെ മൂന്നാര്‍ മേഖലയില്‍ ചെറിയ തോതില്‍ ആരംഭിച്ച മഴയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ അതിശക്തമായി മാട്ടുപ്പെട്ടി മേഖലയില്‍ പെയ്തിറങ്ങിയത്. ശക്തമായ മഴയില്‍ പുതുക്കടിക്ക് സമീപം മാട്ടുപ്പെട്ടി-വട്ടവട റോഡില്‍ ഉരുള്‍പ്പൊട്ടി. കുന്നിന്‍ മുകളില്‍ നിന്നും ശക്തമായി ഒഴുകിയെത്തിയ മണ്ണും ചെളിയും അടങ്ങിയ വെള്ളം റോഡിലൂടെയെത്തി മൂന്നാറിലേക്ക് വരുകയായിരുന്ന വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു. വാഹനം നൂറടി താഴ്ചയിലേക്ക് പതിച്ചു. കോഴിക്കോട് വടകരയില്‍ നിന്നും മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഒരാള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പങ്കുവെച്ച വിവരം. മൂന്നാര്‍ ദേവികുളം പോലീസും മൂന്നാറിലെ അഗ്നിശമന സേനയും തിരച്ചില്‍ ആരംഭിച്ചു.

ഒരു ഭാഗം കുന്നും അടിവാരത്ത് തേയില തോട്ടവും നിറഞ്ഞ മലയോര മേഖലയായ പുതുക്കുടിയിൽ ടെലിഫോൺ റേഞ്ച് ഇല്ലാത്തത് വെല്ലുവിളിയാണ്. എന്നിരുന്നാലും, രക്ഷ പ്രവർത്തനത്തിനായി അഗ്നി ശമന സേനയും കുണ്ടളയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിലച്ചനിലയിലാണ്. സമീപത്തായി എല്ലപ്പെട്ടിയില്‍ തുടര്‍ച്ചയായി മണ്ണിടിച്ചല്‍ ഉണ്ടായി. റോഡ് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ശനി, ഞായര്‍ അവധി ആഘോഷിക്കാനായി നൂറുകണക്കിന് വിനോദസഞ്ചാരികളാണ് മൂന്നാറിലെ പ്രധാന വിനോസഞ്ചാര മേഖലയായ മാട്ടുപ്പെട്ടി, കുണ്ടള, ടോപ്പ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ എത്തിയത്. എന്നാല്‍ ഗതാഗതം നിലച്ചതോടെ പലര്‍ക്കും ലക്ഷ്യസ്ഥാനം എത്താനായിട്ടില്ല.

വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ, വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചതായും കളക്ടര്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in