പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'കേരള സവാരി'യ്ക്ക് ഇന്ന് തുടക്കം; സർക്കാർ ഉടമസ്ഥതയിലെ രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസ്

7 ലക്ഷം ഓട്ടോകളും 5 ലക്ഷം ടാക്‌സികളും പദ്ധതിയുടെ ഭാഗമാകും.

കേരള സര്‍ക്കാറിൻ്റെ ഓണ്‍ലൈന്‍ ടാക്സി സേവനമായ 'കേരള സവാരി'ക്ക് ഇന്ന് തുടക്കമാകും. തൊഴില്‍ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സർക്കാർ ഉടമസ്ഥതയിലെ ആദ്യ ഓൺലൈൻ ടാക്സി സർവീസാണ് 'കേരള സവാരി'. ഗതാഗതം, ഐടി, മോട്ടോര്‍ വാഹന വകുപ്പുകളിലെയും പോലീസ് ഉദ്യോഗസ്ഥരുടെ സഹായവും പദ്ധതിയ്ക്ക് ലഭിക്കും.

യാത്രക്കാര്‍ക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്സി തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കുവാനും കേരള സവാരിയിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. പദ്ധതിയുടെ ഭാഗമായി 500 ലേറെ ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്.

പോലീസിൻ്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നേടിയ ഡ്രൈവര്‍മാരാണ് 'കേരള സവാരി'യുടെ ഭാഗമാകുന്നത്.

ബുധനാഴ്ച ഉച്ചയോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കേരള സവാരി ആപ്പ് ലഭ്യമായി തുടങ്ങും. കേരള സവാരിയില്‍ നിരക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുകയില്ല. സര്‍ക്കാര്‍ നിരക്കിനൊപ്പം എട്ട് ശതമാനം സര്‍വീസ് ചാര്‍ജ്ജ് മാത്രമാണ് കേരള സവാരിയില്‍ ഈടാക്കുക. മൊത്തം വരുമാനത്തിൻ്റെ ആറ് ശതമാനം ഐടിഐക്കും രണ്ട് ശതമാനം സര്‍ക്കാരിനുമാണ്. വനിതാ ഡ്രൈവര്‍മാര്‍ക്കും പദ്ധതിയിലൂടെ തൊഴിലവസരങ്ങള്‍ ലഭിക്കും. 24 മണിക്കൂറും ടാക്സികളുടെ സേവനം ലഭ്യമായിരിക്കും. പോലീസിൻ്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നേടിയ ഡ്രൈവര്‍മാരാണ് 'കേരള സവാരി'യുടെ ഭാഗമാകുന്നത്.

24 മണിക്കൂറും ടാക്സികളുടെ സേവനം ലഭ്യമാകും

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സുരക്ഷിതമായി ആശ്രയിക്കാവുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ആപ്പില്‍ പാനിക് ബട്ടണ്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനാപകടം സംഭവിച്ചാലോ മറ്റേതെങ്കിലും തരത്തില്‍ അപകടസാധ്യത തോന്നിയാലോ ഈ യാത്രക്കാര്‍ക്ക് ബട്ടണ്‍ അമര്‍ത്താം. ബട്ടണ്‍ അമര്‍ത്തിയാല്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, മോട്ടോര്‍വാഹന വകുപ്പ് എന്നീ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്.

ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണെങ്കില്‍ ബട്ടണ്‍ അമര്‍ത്തി ഓപ്ഷനുകളൊന്നും തിരഞ്ഞെടുത്തില്ലെങ്കില്‍ നേരിട്ട് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം ലഭിക്കുന്ന തരത്തിലാണ് ആപ്പ് ക്രമികരിച്ചിരിക്കുന്നത്.

തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരസഭാ പരിധികളിലും ഒരു മാസത്തിനുള്ളില്‍ പദ്ധതി വിപുലമാക്കും.

സംസ്ഥാനത്തുടനീളം പദ്ധതി നടപ്പാക്കുമ്പോള്‍ 7 ലക്ഷം ഓട്ടോകളും 5 ലക്ഷം ടാക്‌സികളും പദ്ധതിയുടെ ഭാഗമാകും. ജിപിഎസ് ഏകോപനം, സോഫ്റ്റ് വെയര്‍, കാള്‍ സെൻ്റർ എന്നിവയുള്‍പ്പടെ പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ ഇന്ത്യന്‍ ടെലിഫോണ്‍ ഇൻഡസ്ട്രീറ്റാണ് വഹിക്കുക. തിരുവനന്തപുരത്താണ് പദ്ധതിയുടെ തുടക്കം. പിന്നിട് കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരസഭാ പരിധികളിലും ഒരു മാസത്തിനുള്ളില്‍ കേരള സവാരി പദ്ധതി വിപുലമാക്കും.

logo
The Fourth
www.thefourthnews.in