ഉമ്മന്‍ ചാണ്ടി
ഉമ്മന്‍ ചാണ്ടി

രോഗക്കിടക്കയിലും നിമിഷ പ്രിയയുടെ വിഷയത്തില്‍ ഇടപെട്ട് ഉമ്മന്‍ ചാണ്ടി; അച്ഛനെ കുറിച്ച് മറിയ ഉമ്മൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

യമനില്‍ വധശിക്ഷ കാത്തിരിക്കുന്ന നിമിഷ പ്രിയയെ രക്ഷപെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരനുമായി ഉമ്മന്‍ചാണ്ടി നടത്തിയ ചർച്ചയെ പറ്റിയാണ് മറിയ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്

രോഗക്കിടക്കയിലും യമനില്‍ വധശിക്ഷ കാത്തിരിക്കുന്ന നിമിഷ പ്രിയയെ രക്ഷപെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരനുമായി ചർച്ച നടത്തി ഉമ്മന്‍ ചാണ്ടി. ഫേസ്ബുക്കില്‍ വികാര നിര്‍ഭരമായ കുറിപ്പിലൂടെ മകള്‍ മറിയ ഉമ്മനാണ് ചികിത്സക്കിടയിലും അദ്ദേഹം നടത്തുന്ന പൊതുസേവനങ്ങളെക്കുറിച്ചുള്ള വിവരം പങ്കുവച്ചത്. ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഉള്‍പ്പെട്ട പോസ്റ്റിൽ മകള്‍ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും ആശുപത്രിയിലെ അദ്ദേഹത്തിൻ്റെ ദിനചര്യകളെ കുറിച്ചും പറയുന്നു.

ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ ബെംഗ്‌ളുരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ വിശ്രമത്തിനിടയിലും അച്ഛന്‍ വാര്‍ത്തകള്‍ പിന്തുടരുകയും, തന്നെക്കൊണ്ട് കഴിയാവുന്ന വിധത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞാണ് മറിയ പോസ്റ്റ് ആരംഭിക്കുന്നത്. കഴിഞ്ഞ ആഴ്ച ന്യുമോണിയ ബാധിതനായി അദ്ദേഹം ഐസിയുവില്‍ കിടക്കുമ്പോള്‍ ഉണ്ടായ സംഭവത്തെക്കുറിച്ചാണ് അവര്‍ കുറിപ്പില്‍ പറയുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ കുറച്ച് ദിവസം കാണാനെത്തുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹം കാണണമെന്ന് നിര്‍ബന്ധം പിടിക്കുകയും മന്ത്രിയുമായി 10 മിനിറ്റിലധികം സംസാരിക്കുകയും ചെയ്തു എന്നും അവര്‍ പറഞ്ഞു.

യമനില്‍ കോടതിയുടെ വധശിക്ഷാവിധി കാത്തിരിക്കുന്ന നിമിഷ പ്രിയയെക്കുറിച്ചാണ് സംസാരിച്ചത്. കേസിന്‍റെ നിജസ്ഥിതി മനസിലാക്കാന്‍ അദ്ദേഹം ശ്രമിച്ചു. എല്ലാം കേട്ട ശേഷം പ്രിയയെ എട്ട് വയസ്സുള്ള മകളോടും കുടുംബത്തോടും ഒന്നിക്കാന്‍ സഹായിക്കണമെന്ന് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

''പ്രിയയെയും കുടുംബത്തെയും കുറിച്ചുള്ള ആഴത്തിലുള്ള സംഭാഷണത്തില്‍ അദ്ദേഹം മുഴുകുന്നത് കാണുമ്പോള്‍ ഞാന്‍ എൻ്റെ ചിന്തകളുമായി മല്ലിടുകയായിരുന്നു. അദ്ദേഹം തന്നെക്കുറിച്ചോ സ്വന്തം ആരോഗ്യത്തെക്കുറിച്ചോ വേവലാതിപ്പെട്ടിരുന്നില്ല, ഒരു യഥാര്‍ത്ഥ പൊതുപ്രവര്‍ത്തകൻ്റെ മനസ് എപ്പോഴും താന്‍ സ്‌നേഹിക്കുന്നവരും സേവിക്കുന്നവരുമായ ആളുകളോടൊപ്പമാണെന്ന് ഞാന്‍ മനസ്സിലാക്കി.'' മറിയ കുറിച്ചു.

താന്‍ വളരെയധികം സ്‌നേഹിക്കുന്നവരെ സേവിക്കാനായി അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് ആ സംഭവം തനിക്ക് ഉറപ്പ് നല്‍കിയതായി അവര്‍ പറയുന്നു. അര്‍ബുദരോഗ തുടര്‍ ചികിത്സകള്‍ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കഴിഞ്ഞ ആഴ്ച്ചയാണ് ബെംഗളൂരിവിലേക്ക് മാറ്റിയത്.

logo
The Fourth
www.thefourthnews.in