കേരള നിയമസഭ
കേരള നിയമസഭ

നടുത്തളത്തിൽ സത്യഗ്രഹവുമായി പ്രതിപക്ഷം; പ്രതിഷേധം സംപ്രേഷണം ചെയ്യാതെ സഭാ ടിവി

സ്പീക്കറുടെ റൂളിങ്ങിനെതിരാണ് പ്രതിപക്ഷ സമരമെന്ന് സർക്കാർ; സഭാ സമ്മേളനം നടത്തിക്കില്ലെന്ന് രീതിയാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് സ്പീക്കർ

നിയമസഭ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി. നടുത്തളത്തില്‍ എംഎല്‍എമാരുടെ സത്യഗ്രഹ സമരമെന്ന പുതിയ സമര രീതിയുമായാണ് പ്രതിപക്ഷം ചൊവ്വാഴ്ച രംഗത്തെത്തിയത്. പ്രതിഷേധം സഭാ ടിവി ഇന്നും സംപ്രേഷണം ചെയ്തില്ല. സ്പീക്കറും ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ രംഗത്തെത്തി.

കേരള നിയമസഭ
മുഖ്യമന്ത്രി ചർച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല; തുടർച്ചയായ നാലാം ദിവസവും നിയമസഭ സ്തംഭിച്ചു

സര്‍ക്കാരിനെതിരെയുള്ള സഭയ്ക്കകത്തെ പ്രതിഷേധം ശക്തമാക്കുന്നതിന്‌റെ ഭാഗമായാണ് സത്യഗ്രഹം. അന്‍വര്‍ സാദത്ത്, ടി ജെ വിനോദ്, കുറുക്കോളി മൊയ്ദീന്‍, ഉമാ തോമസ്, എ കെ എം അഷറഫ് എന്നീ അഞ്ച് എംഎല്‍എമാരാണ് സത്യഗ്രഹമിരിക്കുന്നത്. രാവിലെ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സഭാതളത്തില്‍ അനിശ്ചിതകാല സത്യഗ്രഹമാരംഭിക്കാന്‍ തീരുമാനമായത്.

കുറേ ദിവസങ്ങളായി സഭാ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനാകാത്ത സ്ഥിതിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സഭ നടത്തിക്കൊണ്ടുപോകാന്‍ സര്‍ക്കാന് ഒരു താത്പര്യവുമില്ല. സര്‍ക്കാരിന്റെ ധാഷ്ട്യം നിറഞ്ഞ നിലപാടില്‍ പ്രതിഷേധിച്ചാണ് സഭയുടെ നടുത്തളത്തില്‍ സത്യഗ്രഹമിരിക്കുമെന്നതെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.

അന്‍വര്‍ സാദത്ത്, ടി ജെ വിനോദ്, കുറുക്കോളി മൊയ്ദീന്‍, ഉമാ തോമസ്, എ കെ എം അഷറഫ് എന്നീ അഞ്ച് എംഎല്‍എമാരാണ് സത്യഗ്രഹമിരിക്കുന്നത്.

പ്രതിപക്ഷ തീരുമാനത്തിനെതിരെ സ്പീക്കറും ഭരണപക്ഷവും രംഗത്തെത്തി. സ്പീക്കറുടെ റൂളിങ് ആയുധമാക്കിയാണ് പ്രതിപക്ഷ നീക്കത്തെ സഭയില്‍ സര്‍ക്കാര്‍ എതിര്‍ത്തത്. പ്രതിപക്ഷ തീരുമാനം നിയമസഭയെ വെല്ലുവിളിക്കുന്നതും നഗ്‌നമായി സഭാ ചട്ടങ്ങള്‍ ലംഘിക്കുന്നതുമാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേട്ടുകേൾവി ഇല്ലാത്ത സമാന്തരസഭ പ്രതിപക്ഷം നടത്തിയെന്നും ബോധപൂര്‍വം സഭ തടസ്സപ്പെടുത്തുന്നത്തിനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്പീക്കര്‍ ഉചിതമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്പീക്കറുടെ റൂളിങ്ങിന്‌റെ നഗ്നമായ ലംഘനമാണ് പ്രതിപക്ഷ നേതാവിന്റെ കാര്‍മികത്വത്തില്‍ സഭയ്ക്ക് അകത്തും പുറത്തും നടക്കുന്നതെന്നും എം ബി രാജേഷ് കുറ്റപ്പെടുത്തി.

ഇതിനിടെ ഇടപെട്ട് സംസാരിച്ച സ്പീക്കറും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി. സഭാ സമ്മേളനം നടത്തിക്കില്ലെന്ന് രീതിയാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. ഈ സമീപനം നിയമസഭയ്ക്ക് ചേര്‍ന്നതല്ലെന്ന് അദ്ദേഹം പ്രതിപക്ഷത്തെ ഓര്‍മ്മപ്പെടുത്തി. സ്പീക്കര്‍ക്കെതിരെ പത്രസമ്മേളനം നടക്കാറില്ല. എന്നാല്‍ സ്പീക്കറുടെ കോലം കത്തിക്കുന്ന സാഹചര്യം പോലും ഉണ്ടായി. ചെയറിനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന രീതി ശരിയല്ല. ഇത് അപലപനീയമെന്നും സ്പീക്കര്‍ പറഞ്ഞു. നമ്മളും ശക്തമായി പ്രതിഷേധിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത്തരത്തില്‍ സമാന്തരസഭ ഇതുവരെ ചേര്‍ന്നിട്ടില്ലെന്നും മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. നടുത്തളത്തിലെ സത്യഗ്രഹം ചട്ടവിരുദ്ധമെന്ന് മന്ത്രി കെ രാജനും പ്രതികരിച്ചു. ചർച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാകുന്നില്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

logo
The Fourth
www.thefourthnews.in