ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ ഓർഡിനൻസ്; വിദ്യാഭ്യാസ വിദഗ്ധർ ചാൻസലർമാരാകും

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ ഓർഡിനൻസ്; വിദ്യാഭ്യാസ വിദഗ്ധർ ചാൻസലർമാരാകും

പൊതു സ്വഭാവമുള്ള സർവകലാശാലകള്‍ക്ക് ഒരു ചാൻസലറും പ്രത്യേകം സ്വഭാവമുള്ള സർവ്വകലാശാലകള്‍ക്ക് വെവ്വേറെ ചാൻസലർമാരെയും നിയമിക്കും.

സർവകലാശാലകളിലെ ചാൻസലർ പദവികളി‍ല്‍ നിന്ന് ഗവർണറെ മാറ്റുന്നതിന് ഓർഡിനന്‍സ് കൊണ്ടുവരും. മന്ത്രിസഭാ യോഗം ഓർഡിനൻസിന് അംഗീകാരം നല്‍കി. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെ ചാൻസലർ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് തീരുമാനം.

പൊതു സ്വഭാവമുള്ള സർവകലാശാലകള്‍ക്ക് ഒരു ചാൻസലറും പ്രത്യേകം സ്വഭാവമുള്ള സർവ്വകലാശാലകള്‍ക്ക് വെവ്വേറെ ചാൻസലർമാരെയും നിയമിക്കും. കാർഷിക, ആരോഗ്യ സർവകലാശാലകള്‍ക്ക് പ്രത്യേകം ചാൻസലർമാരെ നിയമിക്കും.കുസാറ്റ്, കെടിയു, ഡിജിറ്റല്‍ സർവകലാശാലകള്‍ക്ക് ഒരു ചാൻസലറായിരിക്കും. കേരള, കാലിക്കറ്റ്, കണ്ണൂർ, എം ജി, സംസ്കൃതം, മലയാളം സർവകലാശാലകള്‍ക്ക് ഒരു ചാൻസലർ ആയിരിക്കും.

സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സർവകലാശാല നിയമങ്ങളില്‍ ഭേദഗതി വരുത്താനാണ് ഓർഡിൻസ്. 14 സർവകലാശാലകളില്‍ ഗവർണർ അദ്ദേഹത്തിന്റെ പദവി മുഖാന്തിരം ചാൻസലർകൂടിയായിരിക്കും എന്ന വകുപ്പ് നീക്കം ചെയ്ത് കരട് ഓർഡിനൻസിലെ വകുപ്പ് പകരം ചേർത്തുകൊണ്ട് ഓർഡിനൻസ് പുറപ്പെടുവിക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്.

പൂഞ്ചി കമ്മീഷൻ റിപ്പോർട്ടില്‍ ഗവർണർക്ക് ഇത്തരം പദവി നല്‍കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയപ്പോള്‍ തന്നെ ഗവർണറെ പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം തീരുമാനിച്ചിരുന്നതായി മന്ത്രി ആർ ബിന്ദു പറഞ്ഞു. ജനാധിപത്യപരമായ ഉത്തരവാദിത്വം ഗവർണർ നിർവഹിക്കുമെന്നാണ് പ്രതീക്ഷ. ഓർഡിനൻസില്‍ ഗവർണർ ഒപ്പിടുമോയെന്ന് നോക്കട്ടെയെന്നും ആർ ബിന്ദു പറഞ്ഞു. ഗവർണർ ഓർഡിനൻസില്‍ ഒപ്പുവെച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഓർഡിനൻസിനെ ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സർവകലാശാലകളെ കമ്മ്യൂണിസ്റ്റുവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഗവർണറെ ചാൻസലർ പദവിയില്‍ നിന്ന് മാറ്റിയാല്‍ വി സിമാരെ എ കെ ജി സെന്‍റില്‍ നിന്ന് നിയമിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും വി ഡി സതീശൻ പറഞ്ഞു.

സർവകലാശാല വിഷയത്തില്‍ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ചാൻസലർ പദവിയില്‍ നിന്ന് ഗവർണറെ മാറ്റുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത്. ഇതിനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. ഓർഡിനൻസില്‍ ഗവർണർ ഒപ്പിട്ടാല്‍ മാത്രമെ നിയമമാകു. ഓർഡിനൻസില്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. നിയമസഭ ചേര്‍ന്ന് ബില്‍ അവതരിപ്പിച്ച് നിയമാക്കുന്നതും പരിഗണിച്ചിരുന്നു.

logo
The Fourth
www.thefourthnews.in