ജീവിതം വഴിമുട്ടി, ഞങ്ങളുടെ ഭാഗം കൂടി കേള്‍ക്കൂ... ടൂറിസ്റ്റ് ബസ് ഉടമകള്‍ പറയുന്നു

ജീവിതം വഴിമുട്ടി, ഞങ്ങളുടെ ഭാഗം കൂടി കേള്‍ക്കൂ... ടൂറിസ്റ്റ് ബസ് ഉടമകള്‍ പറയുന്നു

പത്ത് ദിവസത്തിനിടെ സസ്‌പെന്‍ഡ് ചെയ്തത് 448 വാഹനങ്ങളുടെ ഫിറ്റ്‌നെസ്

ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത കളര്‍കോഡ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ രാത്രികാല വിനോദയാത്രയും നിരോധിച്ചത് വ്യവസായത്തെ പ്രതിസന്ധിയിലാക്കുമെന്ന് ടൂറിസ്റ്റ് ബസ് ഉടമകള്‍. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്ന് കരകയറി വരുന്ന ഘട്ടത്തിലാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍. സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിയിടുന്ന നടപടികളാണ് സര്‍ക്കാരിന്റ ഭാഗത്ത് നിന്നുണ്ടായതെന്നും ബസുടമകള്‍ പറയുന്നു.

സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിയിടുന്ന നടപടികളാണ് സര്‍ക്കാരിന്റ ഭാഗത്ത് നിന്നുണ്ടായതെന്നും ബസുടമകള്‍ പറയുന്നു.

നിലവില്‍ ശരാശരി 70,000 രൂപയാണ് പല ടൂറിസ്റ്റ് ബസ് ഉടമകളും ഒരുമാസം വാഹനത്തിന്റെ വായ്പ തിരിച്ചടവായി നീക്കിവയ്ക്കേണ്ടിവരുന്നത്. കൂടാതെ മൂന്ന് മാസത്തിലൊരിക്കല്‍ 40,000 മുതല്‍ 50,000 രൂപവരെ ആഡംബര നികുതിയും നല്‍കേണ്ടതുണ്ട്. ഇതിനു പുറമേ വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍, ഇന്‍ഷുറന്‍സ് എന്നിവയ്ക്കായും വലിയൊരു തുക ചിലവ് വരുന്നുണ്ട്. അതിനിടെ വാഹനം വെള്ള നിറത്തിലാക്കാനുള്ള ഉത്തരവ് കൂടിയായതോടെ പ്രതിസന്ധി വര്‍ധിച്ചിരിക്കുകയാണെന്ന് ടൂറിസ്റ്റ് ബസ് ഉടമയായ കിരണ്‍ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു.

ചെലവ് താങ്ങാനാകാതെ കിട്ടുന്ന വിലയ്ക്ക് വാഹനം വില്‍ക്കുകയാണ് പല ഉടമകളും

സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള നിറത്തിലേയ്ക്ക് മാറ്റാന്‍ ഒരു ബസിന് 1 ലക്ഷം രൂപയോളം ചെലവ് വരും. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കളര്‍കോഡ് പോലും ഉള്ള ബസുകള്‍ക്ക് എന്തിന് ഇത്തരത്തില്‍ അമിതമായ ആഡംബര ടാക്‌സ് എന്നാണ് ടൂറിസ്റ്റ് ബസ് ഉടമകളുടെ ചോദ്യം. ചെലവ് താങ്ങാനാകാതെ കിട്ടുന്ന വിലയ്ക്ക് വാഹനം വില്‍ക്കുകയാണ് പല ഉടമകളും. മിക്ക ബസുകള്‍ക്കും അയല്‍ സംസ്ഥാനങ്ങളില്‍ ആവശ്യക്കാരേറെയാണ്.

രാത്രിയാത്രാ നിരോധനം ഉടമകളെയും ഡ്രൈവര്‍മാരെയും യാത്രപോകുന്ന വിദ്യാര്‍ത്ഥികളെയും ഒരുപോലെ ബാധിക്കും. രാത്രിസമയത്ത് യാത്ര ചെയ്ത് പകല്‍ കാഴ്ചകള്‍ കണ്ട് രാത്രി തിരികെ എത്തുന്ന തരത്തില്‍ ക്രമീകരിച്ചിരുന്ന വണ്‍ ഡേ ട്രിപ്പുകള്‍ ഇനിയുണ്ടാകില്ല. പകല്‍ യാത്രചെയ്ത് രാത്രി ഹോട്ടലിലോ മറ്റോ തങ്ങി പിറ്റേ ദിവസം കാഴ്ചകള്‍ കണ്ടശേഷം അന്നേദിവസവും സ്റ്റേ ചെയ്ത് പിറ്റേ ദിവസം പകല്‍ തിരികെ എത്തുന്ന തരത്തില്‍ മാറ്റേണ്ടിവരും ഇനി വിനോദയാത്രകളുടെ ക്രമീകരണം.

തിരക്കില്‍പ്പെട്ട് വൈകുകയാണെങ്കില്‍ രാത്രി 10 മണിക്ക് മുന്‍പ് ലക്ഷ്യസ്ഥാനത്തെത്താനോ, 10 മണിക്കു മുന്‍പ് കേരള അതിര്‍ത്തി കടക്കാനോ ബസ് മരണപ്പാച്ചില്‍ നടത്തേണ്ട സാഹചര്യമാണ് വരാനിരിക്കുന്നത്

ചുരുക്കത്തില്‍ 'വണ്‍ ഡേ ട്രിപ്പ്' ഇനിമുതല്‍ മൂന്ന് ദിവസമാകും. രണ്ട് ദിവസത്തെ താമസത്തിന്റെ ചിലവും വാഹനത്തിന്റെ വാടകയും ചേര്‍ത്ത് വലിയൊരു തുക തന്നെ കുട്ടികള്‍ ഒരു യാത്രക്ക് നല്‍കേണ്ടി വരും. തിരക്കില്‍പ്പെട്ട് വൈകുകയാണെങ്കില്‍ രാത്രി 10 മണിക്ക് മുന്‍പ് ലക്ഷ്യസ്ഥാനത്തെത്താനോ, 10 മണിക്കു മുന്‍പ് കേരള അതിര്‍ത്തി കടക്കാനോ ബസ് മരണപ്പാച്ചില്‍ നടത്തേണ്ട സാഹചര്യമാണ് വരാനിരിക്കുന്നത്.

അപകടം തടയാനെങ്കില്‍ എല്ലാ ബസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തേണ്ടേ എന്ന ചോദ്യം ബാക്കിയാവുന്നു

ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സ്വകാര്യ മള്‍ട്ടി ആക്സില് സ്ലീപ്പറുകള്‍, കെഎസ്ആര്‍ടിസി മിന്നല്‍, സ്വിഫ്റ്റ്, ഉള്‍പ്പെടെയുള്ള ബസ് സര്‍വീസുകള്‍ രാത്രിയാത്ര നടത്തുന്ന സാഹചര്യത്തിലാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് മാത്രം രാത്രിയാത്ര വിലക്ക് ഏര്‍പ്പെടുത്തുന്നതിലെ അനൗചിത്യവും ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. അപകടം തടയാനെങ്കില്‍ എല്ലാ ബസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തേണ്ടേ എന്ന ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്. റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ കൂടുതല്‍ ദൂരം ഓടിയെത്താന്‍ സാധിക്കുന്നതുകൊണ്ടാണ് ഡ്രൈവര്‍മാര്‍ രാത്രിയാത്രക്ക് പ്രാധാന്യം നല്‍കുന്നത്.

മിക്ക സ്ഥലങ്ങളിലും രണ്ട് വരി ദേശീയപാത മാത്രമുള്ള സംസ്ഥാനമാണ് കേരളം. വാഹന സാന്ദ്രതയും കൂടുതലാണ്. കേരളത്തിലെ റോഡുകളില്‍ പകല്‍ സമയത്ത് സജീവമായ സ്വകാര്യ ബസുകള്‍, കെഎസ്ആര്‍ടിസി ബസുകള്‍, ലോറികള്‍ എന്നിവ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാക്കുന്നത്. അതിനൊപ്പം പകല്‍ മുഴുവന്‍ ടൂറിസ്റ്റ് ബസുകള്‍ കൂടി തിരക്കേറിയ നഗരങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ സാഹചര്യം സങ്കീര്‍ണമാകും. ഇത് ഇന്ധന ചെലവ് ഉള്‍പ്പെടെ വര്‍ധിക്കാനും ഇടയാക്കുന്നു.

ഇക്കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ മാത്രം 448 വാഹനങ്ങളുടെ ഫിറ്റ്‌നെസാണ് മോട്ടോര്‍വാഹനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ഈ നടപടി എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതിന് സമാനമാണ് എന്നും ബസുടമകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ സുപ്രധാനമായ ഒരു തീരുമാനത്തിലേക്ക് കടക്കുമ്പോള്‍ ടൂറിസ്റ്റ് ബസ് ഉടമകളുടെ ഭാഗം കേള്‍ക്കാന്‍ തയ്യാറായില്ല.

സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഒരു വ്യവസായത്തെ തന്നെ കടക്കെണിയിലേക്കും ദുരിതത്തിലേക്കും തള്ളിയിട്ടുകൊണ്ടാകരുത് ഇത്തരം തീരുമാനങ്ങള്‍. നിരത്തുകള്‍ സുരക്ഷിതമാകാന്‍ കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടത് എന്നും ബസുടമകള്‍ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in