പടയപ്പ
പടയപ്പ

പടയപ്പ വീണ്ടും നാട്ടിലിറങ്ങി; തിരികെ അയച്ചത് ഒരുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍

മൂന്നാർ ടൗണിലും സമീപപ്രദേശങ്ങളിലും നിലയുറപ്പിച്ചിരുന്ന പടയപ്പയെ കഴിഞ്ഞ ദിവസമാണ് വനപാലകർ കാട്ടിലേക്ക് കയറ്റിവിട്ടത്

മൂന്നാറിലെ ജനവാസമേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി. നയമക്കാട് എസ്റ്റേറ്റ് ഭാഗത്താണ് രാവിലെ 9 മണിയോടെയാണ് കാട്ടാന പടയപ്പ എത്തിയത്. ലയങ്ങളുടെ പരിസരത്താണ് ആന എത്തിയത്. ഒരു മണിക്കൂറോളം പ്രദേശത്ത് നിലയുറപ്പിച്ച പടയപ്പയെ ഏറെ പണിപ്പെട്ടാണ് നാട്ടുകാർ കാട്ടിലേക്ക് തിരികെ കയറ്റിയത്.

മൂന്നാർ ടൗണിലും സമീപപ്രദേശങ്ങളിലും നിലയുറപ്പിച്ച കാട്ടാനയെ കഴിഞ്ഞ ദിവസം വനപാലകർ കാട്ടിലേക്ക് കയറ്റിവിട്ടിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോഴത്തെ മടങ്ങിവരവ്.

വൈകിട്ട് മൂന്നു മണിയോടെ ജനവാസമേഖലയിലിറങ്ങുന്ന പടയപ്പ അടുത്ത ദിവസം രാവിലെ ആറു മണി വരെ പരിസരപ്രദേശങ്ങളില്‍ ചുറ്റി തിരിഞ്ഞു നടക്കുന്നതാണ് പൊതുവെയുള്ള രീതി. കഴിഞ്ഞ മാസം നാട്ടിലിറങ്ങിയ പടയപ്പയെ നാട്ടുകാര്‍ പ്രകോപിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഇടപെട്ടിരുന്നു. ഒരു ജീപ്പും കസ്റ്റഡിയിലെടുത്തു.

മൂന്നാറിലും പരിസരപ്രദേശങ്ങളിലും സ്ഥിരമായി ഇറങ്ങാറുള്ള പടയപ്പ കഴിഞ്ഞ നവംബർ മുതലാണ് ആളുകളെ ഉപദ്രവിക്കാനാരംഭിച്ചത്. ആളുകളുടെ പ്രകോപനമാണ് പടയപ്പയെ ഉപദ്രവകാരിയാക്കി മാറ്റിയതെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. ഇത്തരം നടപടി തുടരുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. നീളം കൂടിയ കൊമ്പുകളാണ് പടയപ്പയുടെ പ്രത്യേകത. ഉൾക്കാട്ടിലേയ്ക്ക് പോകാന്‍ അധികം ഇഷ്ടപ്പെടാത്ത ആനയാണ് പടയപ്പ.

logo
The Fourth
www.thefourthnews.in