പാക് പതാകയെക്കുറിച്ച് തീവ്രഹിന്ദുത്വവാദികളുടെ
വ്യാജപ്രചാരണം: ലുലു മാൾ മാര്‍ക്കറ്റിങ് മാനേജർക്ക് ജോലി നഷ്ടമായി

പാക് പതാകയെക്കുറിച്ച് തീവ്രഹിന്ദുത്വവാദികളുടെ വ്യാജപ്രചാരണം: ലുലു മാൾ മാര്‍ക്കറ്റിങ് മാനേജർക്ക് ജോലി നഷ്ടമായി

ലുലു മാൾ മാര്‍ക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷന്‍ മാനേജർ ആതിര നമ്പ്യാതിരിക്കാണ് ജോലി നഷ്ടമായത്

കൊച്ചി ലുലു മാളില്‍ ഇന്ത്യയുടെ ദേശീയപതാകയേക്കാള്‍ ഉയരത്തില്‍ പാകിസ്താന്‍ പതാക പ്രദര്‍ശിപ്പിച്ചെന്ന വിദ്വേഷ പ്രചാരണത്തിൽ ബലിയാടായി ജീവനക്കാരി. ലുലു മാൾ മാര്‍ക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷന്‍ മാനേജർ ആതിര നമ്പ്യാതിരിക്കാണ് തീവ്രഹിന്ദുത്വവാദി പ്രതീഷ് വിശ്വനാഥ് ഉൾപ്പെടെയുള്ളവർ സമൂഹമാധ്യങ്ങളിൽ നടത്തിയ വ്യാജപ്രചാരണത്തെത്തുടർന്ന് ജോലി നഷ്ടമായത്. ലുലു ഗ്രൂപ്പിനൊപ്പം 2014 മുതൽ ജോലി ചെയ്യുകയായിരുന്നു ആതിര.

ജോലി നഷ്ടമായ കാര്യം ആതിര തന്നെയാണ് വെളിപ്പെടുത്തിയത്. ''സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജ പ്രചാരണം ഒരാളുടെ സത്യസന്ധതയെയും ഉപജീവനത്തെയും നശിപ്പിക്കാന്‍ സാധ്യതയുള്ളതാണ്. ഒരു ദശാബ്ദം മുഴുവന്‍ പൂര്‍ണമായും ഒരു കമ്പനിക്കായി സമര്‍പ്പിച്ചശേഷം ഒരടിസ്ഥാനവുമില്ലാത്ത വ്യാജപ്രചാരണങ്ങളും സോഷ്യല്‍ മീഡിയയിലെ സെന്‍സേഷണലിസവും കാരണം ഒരു ദിവസം ജോലി ഇല്ലാതാവുന്നുവെന്നത് വല്ലാതെ വേദനിപ്പിക്കുന്നു,'' ആതിര ലിങ്ക്ഡ് ഇന്‍ പേജിൽ കുറിച്ചു.

സമൂഹമാധ്യമങ്ങളിൽ വന്ന വ്യാജ പോസ്റ്റ് തന്നെയും കമ്പനിയെയും ഒരുപോലെ ബാധിച്ചെന്ന് ആതിര ദ ഫോർത്തിനോട് പറഞ്ഞു. ''ലുലു മാളിൽ ഇന്ത്യൻ പതാകയേക്കാൾ ഉയരത്തിൽ പാകിസ്താൻ പതാക വച്ചുവെന്ന വാർത്ത തീർത്തും തെറ്റായിരുന്നു. അത് എന്നെയും കമ്പനിയെയും ഒരുപോലെ ബാധിച്ചു. നിർഭാഗ്യവശാൽ കമ്പനിക്ക് എന്നെ സസ്പെൻഡ് ചെയ്യേണ്ടി വന്നു. പക്ഷേ അത് ഞാൻ നിരസിക്കുകയും രാജിവയ്ക്കാൻ തീരുമാനിക്കുകയുമായിരുന്നു,'' ആതിര പറഞ്ഞു.

ഏകദിന ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ആവേശം ഉൾക്കൊണ്ട് ലുലു മാളില്‍ ഒരുക്കിയ അലങ്കാരത്തിനെതിരെയാണ് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടന്നത്. ഇന്ത്യയുടെ ദേശീയപതാകയേക്കാള്‍ ഉയരത്തിലും വലുപ്പത്തിലും പാകിസ്ഥാന്‍ പതാക പ്രദര്‍ശിപ്പിച്ചെന്നായിരുന്നു വ്യാജപ്രചാരണം.

വിദ്വേഷ പ്രചാരണം നടത്തിയ പോസ്റ്റുകളില്‍ ഒന്ന്
വിദ്വേഷ പ്രചാരണം നടത്തിയ പോസ്റ്റുകളില്‍ ഒന്ന്

ക്രിക്കറ്റ് ലോകകപ്പിൽ മത്സരിക്കുന്ന എല്ലാ ടീമുകളുടെയും പതാകകള്‍ മാളിൽ സ്ഥാപിച്ചിരുന്നു. ഇതിനൊപ്പമായിരുന്നു ഇന്ത്യയുടെയും പാകിസ്താന്റെയും പതാകകളുണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യന്‍ പതാകയ്ക്കും മുകളിലായിട്ടാണ് പാകിസ്താന്‍ പതാക സ്ഥാപിച്ചതെന്നായിരുന്നു ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥൻ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യങ്ങളിൽ പ്രചരിപ്പിച്ചത്.

പ്രതീഷ് വിശ്വനാഥിന്‍റെ പോസ്റ്റ്
പ്രതീഷ് വിശ്വനാഥിന്‍റെ പോസ്റ്റ്

ഇന്ത്യയുടെ ദേശീയപതാകയ്ക്ക് മുകളിൽ പാക് പതാക വരുന്ന തരത്തിലുള്ള ചിത്രം സഹിതമായിരുന്നു പ്രചാരണം. എന്നാൽ ഇത് തെറ്റാണെന്നാണും എല്ലാ രാജ്യങ്ങളുടെയും പതാക ഒരേ ഉയരത്തിലാണ് സ്ഥാപിച്ചതെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു.

മാളിന്റെ മധ്യഭാഗത്ത് മേല്‍ക്കൂരയില്‍നിന്ന് താഴേക്ക് ഒരേ അളവിലാണ് എല്ലാ രാജ്യങ്ങളുടെയും പതാകകള്‍ തൂക്കിയിരുന്നത്. മുകളിലത്തെ നിലയില്‍നിന്നോ പതാകയുടെ വശത്തുനിന്നോ ഫോട്ടോ എടുക്കുമ്പോൾ അതത് വശത്തുള്ള പതാകകള്‍ക്ക് കൂടുതല്‍ വലുപ്പം തോന്നുമെന്നും എന്നാല്‍ താഴെനിന്ന് ചിത്രം പകര്‍ത്തുമ്പോള്‍ എല്ലാം തുല്യ അളവിലാണെന്ന് മനസ്സിലാകുമെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. വിശദീകരണത്തിനുപിന്നാലെ മാളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പതാകകള്‍ എടുത്തുമാറ്റുകയും ചെയ്തിരുന്നു.

പാക് പതാകയെക്കുറിച്ച് തീവ്രഹിന്ദുത്വവാദികളുടെ
വ്യാജപ്രചാരണം: ലുലു മാൾ മാര്‍ക്കറ്റിങ് മാനേജർക്ക് ജോലി നഷ്ടമായി
വ്യാജ വാർത്ത കേസ്: സുധീർ ചൗധരിക്കെതിരെ പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കും, അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി

''സ്പോര്‍ട്സ്മാന്‍ഷിപ്പിനുള്ള പിന്തുണയെന്നനിലയിലാണ് പതാകകള്‍ കൊണ്ട് അലങ്കരിച്ചത്. എന്നാല്‍ അത് ഓര്‍ക്കാന്‍ കൂടി സാധിക്കാത്ത ഒരു പേടിസ്വപ്‌നമായി മാറി. ഇന്ത്യക്കാരാണെ ന്നതില്‍ അഭിമാനിക്കുന്ന, അതില്‍ ഉറച്ചുനില്‍ക്കുന്നവരാണ് നമ്മള്‍. ജോലി ചെയ്യുന്ന കമ്പനികളോട് സമാനതകളില്ലാതെ പ്രതിജ്ഞാബദ്ധരുമാണ്. പക്ഷേ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും സംസാരങ്ങളും ഒരാളുടെ വിശ്വാസ്യതയെയും ഉപജീവനത്തെയും നശിപ്പിക്കാനുള്ള ശക്തിയുണ്ട്,'' ആതിര ലിങ്ക്ഡ് ഇന്നിൽ കുറിച്ചു.

''ഒരു കമ്പനി അതിന്റെ പ്രശസ്തിയും സമഗ്രതയും വിലമതിക്കുന്നതുപോലെ, ഈ രാജ്യത്തെ പൗരയെന്ന നിലയില്‍, ഞാന്‍ എന്റെ രാജ്യത്തോട് അഗാധമായ സ്‌നേഹം പുലര്‍ത്തുന്നു, അതിന്റെ ബഹുമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ഞാന്‍ തയാറാണ്. ഇതൊരു വ്യാജവാര്‍ത്തയാണെന്ന് പറഞ്ഞതുകൊണ്ടോ അല്ലെങ്കില്‍ ഇതുപോലൊരു പോസ്റ്റുകൊണ്ടോ എന്റെ പ്രതിച്ഛായയും വര്‍ഷങ്ങളായുള്ള സമര്‍പ്പണവും നേട്ടങ്ങളും തിരികെ സ്ഥാപിക്കാനാവില്ല.''

''വിദ്വേഷപ്രചാരണത്തിൽനിന്ന് ആളുകളുടെ കരിയറും ജീവിതവും നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനിൽക്കാൻ അഭ്യര്‍ഥിക്കുകയാണ്. ഈ ഡിജിറ്റല്‍ യുഗത്തില്‍ സത്യത്തിനും നീതിക്കും വേണ്ടി നമുക്ക് ഒരുമിച്ചു നില്‍ക്കാം. എന്റെ നഷ്ടം ഒരു നഷ്ടം തന്നെയാണ്, ഇത്തരം വിദ്വേഷപ്രചാരണങ്ങൾ ഇനി ആർക്കുമെതിരെയുമുണ്ടാകരുത്. ജീവിതത്തെ നശിപ്പിക്കുന്ന മറ്റ് സന്ദേശങ്ങള്‍ പോലെ തന്നെ ഈ സന്ദേശവും വൈറലാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു!,'' എന്നും ആതിര ലിങ്ക്ഡ് ഇന്നില്‍ കുറിച്ചു.

logo
The Fourth
www.thefourthnews.in