അപകടത്തില്‍ തകര്‍ന്ന ടൂറിസ്റ്റ് ബസ്
അപകടത്തില്‍ തകര്‍ന്ന ടൂറിസ്റ്റ് ബസ്

അപകട സമയത്ത് ടൂറിസ്റ്റ് ബസിന്റെ വേഗം 97.7 കിലോമീറ്റര്‍; അപകടം കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ

ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്ന് ജിപിഎസ് വിവരങ്ങള്‍ പുറത്ത്

പാലക്കാട് വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടസമയത്ത് അമിതവേഗതയിലായിരുന്നുവെന്ന് ജിപിഎസ് വിവരങ്ങള്‍. 65 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡില്‍ അപകടസമയത്ത് ബസിന്റെ വേഗം 97.7 കിലോമീറ്റര്‍ ആയിരുന്നുവെന്ന് ജിപിഎസ് വിവരങ്ങളിലൂടെ വ്യക്തമായി. അപകടസമയത്ത് ചാറ്റല്‍ മഴയുണ്ടായിരുന്നതും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായെന്നാണ് വിലയരുത്തല്‍. കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ ഇടിച്ചത്. ഇതിന് ശേഷം ചതുപ്പിലേക്ക് തലകീഴായി മറിയുകയായിരുന്നു. അഞ്ചുമൂര്‍ത്തി മംഗലം പ്രദേശത്തായിരുന്നു അപകടം.

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ഗതാഗത മന്ത്രി

അപകടത്തില്‍ മരിച്ച അഞ്ച് പേര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്. കെഎസ്ആര്‍ടിസി യാത്രക്കാരായ മൂന്ന് പേരും, ഒരു അധ്യപകനുമാണ് മരിച്ച മറ്റുള്ളവര്‍. മുളത്തുരുത്തി വെട്ടിക്കല്‍ ബസേലിയസ് സ്കൂളിളെ പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികളും 5 അധ്യാപകരും 2 അനധ്യാപകരും ഉള്‍പ്പെടെ 49 പേരാണ് ടൂറിസ്റ്റ് ബസില്‍ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരാണ്.

ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. അലക്ഷ്യമായാണ് ഡ്രൈവര്‍ വാഹനമോടിച്ചത്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയതായും മന്ത്രി ആന്റണി രാജു പ്രതികരിച്ചു.

കുട്ടികളെ വിനോദയാത്രയ്ക്ക് അയക്കുന്നതില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന വീഴ്ച ഉണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു ചൂണ്ടിക്കാട്ടി. സമഗ്ര അന്വേഷണം നടത്തുമെന്നും, സ്‌കൂളുകള്‍ വിനോദയാത്രാ വിവരം മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കണമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുമെന്നും എംബി രാജേഷ് പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in