ലീഗ് വരുമോ? സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാർഢ്യറാലിയില്‍ രാഷ്ട്രീയ ചര്‍ച്ച സജീവം, തീരുമാനം നാളെ

ലീഗ് വരുമോ? സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാർഢ്യറാലിയില്‍ രാഷ്ട്രീയ ചര്‍ച്ച സജീവം, തീരുമാനം നാളെ

ഇതിന് മുന്‍പ് ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ടുള്ള സെമിനാറിലേക്കും ലീഗിനെ സിപിഎം ക്ഷണിച്ചിരുന്നു

സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനുള്ള ക്ഷണം കേരള രാഷ്ട്രീയത്തില്‍ വീണ്ടും ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു. സിപിഎം ക്ഷണം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ് ലീഗിലെ ഒരു വിഭാഗം ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. പിന്നാലെ സിപിഎം നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും കൂടി വിഷയത്തില്‍ ഇടപെട്ടതോടെ ഏക സിവില്‍ കോഡിന് പിന്നാലെ പലസ്തീനും കേരളത്തില്‍ മുസ്ലീം ലീഗിന്റെ മുന്നണിമാറ്റ ചര്‍ച്ചയിലേക്ക് എത്തിക്കഴിഞ്ഞു.

വിഷയം ആഗോളമാകട്ടെ ദേശീയമാകട്ടെ, മുസ്ലീം ലീഗിനെ യുഡിഎഫില്‍ നിന്ന് അടർത്തി ഒപ്പം നിർത്താനുള്ള ശ്രമങ്ങള്‍ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷം ആരംഭിച്ചതായാണ് സമീപകാലസംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. മുന്നണിവിപുലീകരണമെന്ന ആശയം ഇപ്പോള്‍ ചിന്തയില്‍ ഇല്ലെന്നാണ് ഇടതുമുഖങ്ങള്‍ ദീർഘകാലമായി പുറമെ നടിക്കുന്നുത്. എന്നാല്‍ കാര്യങ്ങളുടെ നിജസ്ഥിതി അങ്ങനെയെല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ ചർച്ചയായിരിക്കുന്ന പലസ്തീന്‍ ഐക്യദാർഢ്യ റാലിയിലൂടെ.

പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിക്കുമെന്ന കാര്യം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാമുമായി സംസാരിച്ചെന്നും ക്ഷണിച്ചെന്നും മാധ്യമങ്ങളിലൂടെ ഇന്ന് മോഹനന്‍ വെളിപ്പെടുത്തുകയും ചെയ്തു കഴിഞ്ഞു. ഇത് സലാം സ്ഥിരീകരിച്ചിട്ടുമുണ്ട്. സിപിഎമ്മുമായി രാഷ്ട്രീയ വേദിയല്ല പങ്കിടുന്നത്, ഒരു പൊതുകാര്യത്തിന് വേണ്ടിയാണ്. തീരുമാനം പാർട്ടി യോഗത്തിന് ശേഷമായിരിക്കുമെന്നും സലാം വ്യക്തമാക്കി.

ലീഗ് വരുമോ? സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാർഢ്യറാലിയില്‍ രാഷ്ട്രീയ ചര്‍ച്ച സജീവം, തീരുമാനം നാളെ
'രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ഞങ്ങള്‍ക്ക്, ലോക്ക് തുറന്നത് രാജീവ്'; ഹിന്ദുത്വം കടുപ്പിച്ച് മധ്യപ്രദേശിൽ കമൽ നാഥ്

സിപിഎം നയിക്കുന്ന പലസ്തീന്‍ ഐക്യദാർഢ്യ റാലിയില്‍ ലീഗ് പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍. കോണ്‍ഗ്രസിനും ലീഗിനും സമ്മർദം വർധിപ്പിക്കുന്ന തരത്തിലാണ് സിപിഎം നേതാക്കളുടെ പ്രതികരണവും. മുസ്ലീം ലീഗ് കോണ്‍ഗ്രസിന്റെ കക്ഷത്തിലെ കീറസഞ്ചിയല്ലെന്നാണ് മുന്‍ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എ കെ ബാലന്‍ പ്രതികരിച്ചിരിക്കുന്നത്.

"മുസ്ലിം ലീഗ് എന്നത് കോണ്‍ഗ്രസിന്റെ കക്ഷത്തിലെ കീറസഞ്ചിയല്ല. ശക്തമായ രാഷ്ട്രീയ തീരുമാനം അവർ എടുത്തുകഴിഞ്ഞു. യഥാർത്ഥത്തില്‍ ഏകീകൃത സിവില്‍ കോഡില്‍ തന്നെ കോണ്‍ഗ്രസിന്റെ നിലപാടിനോട് അവർക്ക് യോജിപ്പുണ്ടായിരുന്നില്ല. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസെടുക്കുന്ന നിലപാടിനോട് പരിപൂർണമായി യോജിക്കാനാവാത്ത സാഹചര്യം മുസ്ലീം ലീഗിന് വന്നു ചേർന്നുവെന്നുള്ളത് രാഷ്ട്രീയമായി ഏറ്റവും പ്രാധാന്യമുള്ളൊരു വിഷയമാണ്," എ കെ ബാലന്‍

ലീഗ് വരുമോ? സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാർഢ്യറാലിയില്‍ രാഷ്ട്രീയ ചര്‍ച്ച സജീവം, തീരുമാനം നാളെ
'മണിപ്പൂർ കത്തുമ്പോൾ തൃശൂർ എടുക്കാൻ ആഗ്രഹിക്കുന്നവർ എവിടെയായിരുന്നു?;' ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ കത്തോലിക്കാ സഭ

ലീഗിന്റെ മുതിർന്ന നേതാക്കളെല്ലാം ചേർന്നതിന് ശേഷം നാളെയായിരിക്കും ഐക്യദാർഢ്യ റാലിയിലെ പങ്കാളിത്തം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക എന്നാണ് ലീഗ് കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍. ലീഗ് യുഡിഎഫിനൊപ്പമാണെന്നും ഇ ടി മുഹമ്മദ് ബഷീറിന്റേത് വ്യക്തിപരമായ നിലപാടാണെന്നും എം കെ മുനീര്‍ പ്രതികരിച്ചു. സിപിഎമ്മിന്റെ തന്ത്രങ്ങളെക്കുറിച്ചും കുതന്ത്രങ്ങളെക്കുറിച്ചും സംസാരിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും ആര്, എന്തിനാണ് ഓരോന്ന് ചെയ്യുന്നതെന്ന് മനസിലാക്കാനുള്ള വിവേചനബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും മുനീർ കൂട്ടിച്ചേർത്തു.

ഇതിന് മുന്‍പ് ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ടുള്ള സെമിനാറിലേക്കും ലീഗിനെ സിപിഎം ക്ഷണിച്ചിരുന്നു. അന്നും സമാനരീതിയില്‍ യുഡിഎഫിനുള്ളില്‍ അടിയന്തര ചർച്ചകള്‍ നടന്നിരുന്നു. ഒരു സമുദായത്തിന്റെ മാത്രം വിഷയമല്ല, ദേശീയ വിഷയമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അന്ന് ലീഗ് സിപിഎമ്മിന്റെ ക്ഷണം നിരസിച്ചത്.

ലീഗ് വരുമോ? സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാർഢ്യറാലിയില്‍ രാഷ്ട്രീയ ചര്‍ച്ച സജീവം, തീരുമാനം നാളെ
രാഷ്ട്രീയ നേട്ടം ലക്ഷ്യമെന്ന് ആരോപണം, ഖത്തറിൽ മുൻ ഇന്ത്യൻ നാവികരുടെ മോചനം സങ്കീർണമാകുമോ?

എല്ലാ രാഷ്ട്രീയ പാർട്ടികള്‍ക്കും അവരുടേതായ രീതിയില്‍ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്. അവർ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാ പാർട്ടികള്‍ക്കുമുണ്ട്. സംസ്ഥാനത്ത് യുഡിഎഫിന്റെ പ്രധാനപ്പെട്ട ഘടകമാണ് ലീഗ്. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതികരിക്കാന്‍ സാധിക്കുന്നത് കോണ്‍ഗ്രസിനാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ഇത്തവണ പലസ്തീന്‍-ഇസ്രയേല്‍ വിഷയത്തില്‍ കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമാണ്. ലീഗ് കോഴിക്കോട് നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഹമാസിനെ ഭീകരവാദികള്‍ എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. പലസ്തീന്‍-ഇസ്രയേല്‍ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ രണ്ട് അഭിപ്രായങ്ങളാണുള്ളതെന്ന തരത്തിലായിരുന്നു തരൂരിന്റെ പ്രസ്താവനയെ വിലയിരുത്തപ്പെട്ടത്. വേദിയില്‍വച്ച് തന്നെ തരൂരിനെ തിരുത്താനുള്ള ശ്രമങ്ങള്‍ മുനീർ ഉള്‍പ്പടെയുള്ള ലീഗ് നേതാക്കളില്‍ നിന്ന് ഉയർന്നിരുന്നു. തരൂരിന്റെ നിലപാടിനെ പിന്നീട് എഐസിസിക്ക് തള്ളേണ്ടിയും വന്നിരുന്നു.

logo
The Fourth
www.thefourthnews.in