പറമ്പിക്കുളം ഡാം
പറമ്പിക്കുളം ഡാം

പറമ്പിക്കുളം ഡാം: ജലനിരപ്പ് കുറച്ചുതുടങ്ങി; തകരാര്‍ പരിഹരിക്കാന്‍ മൂന്ന് ദിവസം വേണ്ടിവരുമെന്ന് അധികൃതര്‍

ഡാമിലെ ജലനിരപ്പ് ഷട്ടര്‍ ലെവലിലേക്ക് എത്തിക്കാനുള്ള നടപടിക്കാണ് തുടക്കമിട്ടത്

പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകള്‍ തകര്‍ന്ന പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങി. ഡാമിലെ ജലനിരപ്പ് ഷട്ടര്‍ ലെവലിലേക്ക് എത്തിക്കാനുള്ള നടപടിക്കാണ് തുടക്കമിട്ടത്. 24 അടി കൂടി ജലനിരപ്പ് താഴ്ന്നാല്‍ മാത്രമേ, ഷട്ടറിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാവൂ. ഈ സാഹചര്യത്തില്‍, മറ്റു രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്ററാക്കി ഉയര്‍ത്തി. തുണക്കടവ് വഴി തിരുമൂര്‍ത്തി ഡാമിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും തമിഴ്‌നാട് വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ട് മൂന്ന് ദിവസം കൂടി വെള്ളം ഒഴുക്കിക്കളയേണ്ടിവരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം, ഷട്ടര്‍ തകര്‍ന്നത് അസാധാരണ സംഭവമാണെന്നാണ് തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകന്‍ പ്രതികരിച്ചത്. വെള്ളം കടലിലേക്ക് ഒഴിക്കിക്കളയുന്നതില്‍ പ്രയാസമുണ്ട്. ഇതുവരെ ആറ് ടിഎംസി വെള്ളം ഒഴുക്കിക്കളഞ്ഞിട്ടുണ്ടെന്നും പറമ്പിക്കുളത്തെത്തിയ ദുരൈ മുരുകന്‍ പറഞ്ഞത്. ആശങ്കകള്‍ പരിഹരിക്കാന്‍ കേരളത്തിന് തമിഴ്‌നാടിന്റെ പിന്തുണയും അറിയിച്ചിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍ ഇത്തരമൊരു ദുരന്തം ഉണ്ടായിട്ടില്ല. ഭാവിയില്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഡാം ഷട്ടറുകളുടെ സുരക്ഷാ പരിശോധന സംസ്ഥാന സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പറമ്പിക്കുളം ഡാമിന്റെ മൂന്ന് ഷട്ടറുകളില്‍ ഒന്ന് താനെ ഉയര്‍ന്നത്. മൂന്ന് ഷട്ടറുകളില്‍ മധ്യഭാഗത്തുള്ള ഷട്ടറിനാണ് തകരാര്‍. ഷട്ടര്‍ തകരാറിലായതോടെ കൂടുതല്‍ മര്‍ദ്ദം അനുഭവപ്പെടാതിരിക്കാനായി മറ്റ് ഷട്ടറുകളും 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തുകയായിരുന്നു. ഇതോടെ ഡാമുകളില്‍ നിന്നും പുറത്തെത്തുന്ന വെള്ളത്തിന്റെ അളവ് കൂടി. മൂന്ന് ഷട്ടറുകളില്‍ നിന്നായി പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് 20,000 ഘനയടി അധിക ജലമാണ് ഒഴുകിയെത്തിയത്. ഇതോടെ ചാലക്കുടി പുഴയിലും ജല നിരപ്പുയര്‍ന്നു.

logo
The Fourth
www.thefourthnews.in