ആര്യാടന്‍ ഷൗക്കത്തിനെ പാര്‍ട്ടി പരിപാടികളില്‍ നിന്നും വിലക്കി; പാര്‍ട്ടി തീരുമാനം പൂര്‍ണമായും പാലിക്കുമെന്ന് ഷൗക്കത്ത്

ആര്യാടന്‍ ഷൗക്കത്തിനെ പാര്‍ട്ടി പരിപാടികളില്‍ നിന്നും വിലക്കി; പാര്‍ട്ടി തീരുമാനം പൂര്‍ണമായും പാലിക്കുമെന്ന് ഷൗക്കത്ത്

പരിപാടി നടത്തിയത് അച്ചടക്ക ലംഘനമായാണ് പാര്‍ട്ടി വിലയിരുത്തല്‍

കെപിസിസി നിര്‍ദേശം ലംഘിച്ച് മലപ്പുറത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി നടത്തിയതിന് മലപ്പുറത്തെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ആര്യാടന്‍ ഷൗക്കത്തിന് ഒരാഴ്ചത്തേക്ക് പാര്‍ട്ടി വിലക്ക്. പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി.

ഒരാഴ്ച പാര്‍ട്ടി പരിപാടികളില്‍ നിന്നും മാറിനില്‍ക്കാനാണ് പാര്‍ട്ടി തന്നോട് നിര്‍ദ്ദേശിച്ചതെന്ന് മലപ്പുറത്തെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ആര്യാടന്‍ ഷൗക്കത്ത് ഫോര്‍ത്തിനോട് പറഞ്ഞു. പാര്‍ട്ടിയെടുക്കുന്ന തീരുമാനം പൂര്‍ണ്ണമായും പാലിക്കുമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. വിലക്ക് ലംഘിച്ച് പരിപാടി നടത്തിയതിനെ കുറിച്ച് ഷൗക്കത്ത് പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലെന്നാണ് കെപിസിസിയുടെ പ്രതികരണം. പരിപാടി നടത്തിയത് അച്ചടക്ക ലംഘനമായാണ് പാര്‍ട്ടി വിലയിരുത്തല്‍.

അതേസമയം, മലപ്പുറത്ത് നടത്തിയ ഐക്യദാര്‍ഢ്യ റാലി എ ഗ്രൂപ്പിന്റെ ശക്തി തെളിയിക്കുന്നതായി. പരിപാടിയുടെ തലേദിവസം കെപിസിസി ഐക്യദാര്‍ഢ്യ റാലിയെ വിലക്കിക്കൊണ്ട് കത്ത് നല്‍കിയെങ്കിലും പരിപാടി നടത്താന്‍ തന്നെയായിരുന്നു എ ഗ്രൂപ്പിന്റെ തീരുമാനം. നടത്തിയത് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയാണെന്നും വിഭാഗീയ പ്രവര്‍ത്തനം അല്ലെന്നുമായിരുന്നു ഷൗക്കത്തിന്റെ പ്രതികരണം. കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കുന്ന ഒരു പരിപാടിയും ആര്യാടന്‍ ഫൗണ്ടേഷന്‍ നടത്തില്ലെന്നാണ് ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്.

മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തെ തുടര്‍ന്നാണ് മലപ്പുറത്ത് കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമായത്. എ ഗ്രൂപ്പ് നിര്‍ദേശിച്ച പേരുകള്‍ വെട്ടി നിരത്തിയെന്നായിരുന്നു എ ഗ്രൂപ്പിന്റെ ആരോപണം. ഇതില്‍ കെപിസിസിക്ക് പരാതി നല്‍കിയിട്ടും പരിഹാരം കാണാത്തതിലും എ ഗ്രൂപ്പിന് പ്രതിഷേധമുണ്ട്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in