കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

പെൻഷൻ പ്രായം ഉയർത്തണം; സപ്ലൈകോ, ലൈവ് സ്റ്റോക്ക് ബോർഡ് ജീവനക്കാരും ഹൈക്കോടതിയിൽ

ഹൈക്കോടതി ജീവനക്കാരായ മൂന്ന് പേർ വിരമിക്കൽ പ്രായം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയുടെ തുടർച്ചയായാണ് പൊതുമേഖലാ സ്ഥാപന ജീവനക്കാരും കോടതിയെ സമീപിച്ചത്

ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്താനായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സർക്കാരിന് മുന്നിൽ വെച്ച നിർദേശവും തുടർന്ന് രണ്ട് ഹൈക്കോടതി ജീവനക്കാർ ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ നൽകിയ ഹർജികളും സമാന ഹർജികളുടെ ഒരു പരമ്പരയ്ക്ക് തന്നെ വഴി തെളിച്ചിരിക്കുകയാണ്. ആദ്യം ഫയൽ ചെയ്ത രണ്ട് ഹർജികൾക്ക് സമാനമായ മൂന്ന് പുതിയ ഹർജികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഹൈക്കോടതിയിലെത്തിയത്. ഇതോടെ സമാന സ്വഭാവത്തിൽ ഹൈക്കോടതിയുടെ മുന്നിലുള്ള ഹർജികളുടെ എണ്ണം അഞ്ചായി. വിരമിക്കൽ പ്രായം 56 -ഇൽ നിന്ന് ഉയർത്തണമെന്ന ആവശ്യവുമായി അജിത് കുമാർ, കെ യു കുഞ്ഞിക്കണ്ണൻ എന്നീ ഹൈക്കോടതി ജീവനക്കാർ നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് അനു ശിവരാമൻ വിഷയത്തിൽ സർക്കാരിന്റെ നിലപാട് തേടിയിരിക്കുകയാണ്. 

കേരള ഹൈക്കോടതി
Exclusive- ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയര്‍ത്തണം; സർക്കാരിന് ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ

ഇതിന്റെ തുടർച്ചയെന്നോളമാണ് സപ്ലൈകോ ജീവനക്കാരനായ നസറുദ്ദീൻ ടി, കേരള ലൈവ് സ്റ്റോക്ക്  ഡെവലപ്മെന്റ് ബോർഡ്  ജീവക്കാരനായ ഡോക്ടർ ജോസ് ജെയിംസ് എന്നിവർ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചത്. പെൻഷൻ  പ്രായം 58-ഇൽ നിന്ന്  അറുപതാക്കി ഉയർത്തണമെന്നാണ്  ഇവരുടെ ആവശ്യം. അതോടൊപ്പം ഹൈക്കോടതിയിലെ മറ്റൊരു ജീവനക്കാരനും സമാന ഹർജി നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ പൊതുമേഖലാ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസായി ഏകീകരിക്കാൻ മന്ത്രിസഭായോഗം നേരെത്തെ തീരുമാനിച്ചിരുന്നു. എന്നാൽ സിപിഎം നേതൃത്വത്തിന്റെ എതിർപ്പും യുവജന സംഘടനകളുടെ ഉൾപ്പെടെ പ്രതിഷേധത്തെ തുടർന്ന്പ്രതിഷേധവും കാരണം സർക്കാർ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. റദ്ദാക്കപ്പെട്ട ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നസറുദീനും ജോസ് ജയിംസും വിരമിക്കൽ പ്രായം ഉയർത്തണമെന്ന് ആവശ്യപ്പെടുന്നത്. 

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം 56 വയസ്സിൽ നിന്ന് 58 ആയി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഒക്ടോബറിൽ സർക്കാരിന് ശുപാർശ നൽകിയിരുന്നു. ഹൈക്കോടതി രജിസ്ട്രാർ ജനറല്‍ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്ത് സര്‍ക്കാരിന്‍റെ പരിഗണനയിൽ ഇരിക്കെയാണ് കോടതിയെ സമീപിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത്.

നിലവിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 വയസാണ്. പങ്കാളിത്ത പെൻഷൻ സമ്പ്രദായം നിലവിൽവന്ന 2013 ഏപ്രിലിന് ശേഷം സർവീസിൽ  ചേർന്ന ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസാണ്. പൊതുമേഖലാ സ്ഥാപനങ്ങളിൽ പല തലത്തിലുള്ള പെൻഷൻ പ്രായം ഏകീകരിച്ച് 60 ആക്കാനായിരുന്നു നേരത്തെ സർക്കാർ തീരുമാനിച്ചത്. 

logo
The Fourth
www.thefourthnews.in