പോപുലർ ഫ്രണ്ട് ഹര്‍ത്താല്‍; സംസ്ഥാന ജനറല്‍ സെക്രട്ടറി അടക്കമുള്ളവരുടെ സ്വത്ത് കണ്ടുകെട്ടി

പോപുലർ ഫ്രണ്ട് ഹര്‍ത്താല്‍; സംസ്ഥാന ജനറല്‍ സെക്രട്ടറി അടക്കമുള്ളവരുടെ സ്വത്ത് കണ്ടുകെട്ടി

ജപ്തി നടപടികള്‍ നാളെ വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ പൂർത്തിയാക്കാനാണ് ഉത്തരവ്

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഈടാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പലയിടത്തുമുള്ള നേതാക്കളുടെ ഉള്‍പെടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ നടപടി. വയനാട്ടില്‍ 14 പേരുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ജപ്തി നടപടികള്‍ നാളെ വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ പൂർത്തിയാക്കാനാണ് ഉത്തരവ്. തൃശ്ശൂര്‍ കുന്നംകുളത്ത് അഞ്ച് നേതാക്കളുടെ വീടും സ്ഥലവും ജപ്തിചെയ്തു.

കാസര്‍കോട് നാല് പിഎഫ്ഐ നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. തിരുവനന്തപുരത്ത് അഞ്ച് നേതാക്കളുടെ വീടുകള്‍ ജപ്തിചെയ്തു. കൊല്ലം കരുനാഗപിള്ളിയില്‍ പോപുലര്‍ ഫ്രണ്ട് നേതാവിന്റെ വീടുള്‍പ്പടെ കണ്ടുകെട്ടി. എറണാകുളം ജില്ലയിലെ കുഞ്ഞുണ്ണിക്കരയിലെ പോപുലര്‍ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമായ പെരിയാര്‍ വാലി ക്യാമ്പസും ജപ്തി ചെയ്തു. കടുങ്ങല്ലൂര്‍ വില്ലേജ് ഓഫീസറുടെ നേത്യത്വത്തിലുള്ള സംഘമാണ് ജപ്തി നടപടികള്‍ പൂര്‍ത്തികരിച്ചത്.

ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് 23നകം കോടതിക്ക് നല്‍കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ജപ്തി നടപടികള്‍ക്ക് നോട്ടീസ് നല്‍കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതിനാല്‍ മുന്‍കൂട്ടി നോട്ടിസില്ലാതെയാണ് പലയിടത്തും നടപടികള്‍ പൂര്‍ത്തികരിച്ചത്.

പോപുലര്‍ ഫ്രണ്ടിന്റെ സെപറ്റംബര്‍ 23ലെ മിന്നല്‍ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ നഷ്ട പരിഹാരം ഈടാക്കാനുള്ള നടപടികള്‍ വൈകിയതില്‍ സര്‍ക്കാര്‍ ഹൈക്കോടതിയോട് മാപ്പപേക്ഷിച്ചിരുന്നു.

രജിസ്‌ട്രേഷന്‍ ഐ ജി നല്‍കിയ പട്ടികയിലുള്ള സ്വത്തുക്കളുടെ റവന്യൂ റിക്കവറി നടപടികളാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത്

ഹര്‍ത്താല്‍ പ്രഖ്യാപിച്ചവരില്‍ നിന്ന് 5.20 കോടി രൂപ ഈടാക്കാന്‍ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന്, കോടതി നിര്‍ദേശ പ്രകാരം നേരിട്ടെത്തിയ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി വി വേണുവാണ് വീഴ്ചയില്‍, കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ നിരുപാധികം മാപ്പപേക്ഷിച്ചത്. ആദ്യഘട്ട റിക്കവറി നടപടികള്‍ ജനുവരി 15 നകം പൂര്‍ത്തിയാക്കുമെന്നടക്കം വ്യക്തമാക്കി സത്യവാങ്മൂലവും നല്‍കിയിരുന്നു. എന്നാല്‍ കോടതി താക്കീത് നല്‍കിയതോടെയാണ് സര്‍ക്കാര്‍ നടപടികള്‍ ത്വരിതപെടുത്തിയത്. രജിസ്‌ട്രേഷന്‍ ഐ ജി നല്‍കിയ പട്ടികയിലുള്ള സ്വത്തുക്കളുടെ റവന്യൂ റിക്കവറി നടപടികളാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത്.

logo
The Fourth
www.thefourthnews.in