മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകിട്ട് ആറിന്; മാധ്യമങ്ങളെ കാണുന്നത് 223 ദിവസങ്ങള്‍ക്കു ശേഷം

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകിട്ട് ആറിന്; മാധ്യമങ്ങളെ കാണുന്നത് 223 ദിവസങ്ങള്‍ക്കു ശേഷം

അദ്ദേഹത്തിന്റെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദവും പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ വലിയ തോല്‍വിയുമടക്കം വിഷയങ്ങളില്‍ ചോദ്യങ്ങളോട് പിണറായി പ്രതികരിച്ചിട്ടില്ല
Updated on
1 min read

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണും. 223 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തുന്നത്. നിരവധി വന്‍വിവാദ വിഷയങ്ങള്‍ ഉണ്ടായപ്പോഴൊന്നും പിണറായി പരസ്യപ്രതികരണത്തിന് തയാറായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ നിപ നിയന്ത്രണവിധേയമായ പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമെന്നാണ് സൂചന. ഫ്രെബുവരി ഒമ്പതിനാണ് അവസാനമായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്.

ഇതിനു ശേഷം അദ്ദേഹത്തിന്റെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദവും പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ വലിയ തോല്‍വിയുമടക്കം വിഷയങ്ങളില്‍ ചോദ്യങ്ങളോട് പിണറായി പ്രതികരിച്ചിട്ടില്ല. മുന്‍പ് ഒരിക്കലും ഒരു മുഖ്യമന്ത്രിയും ഇത്രയും കാലം മാധ്യമങ്ങളെ അഭിമുഖീകരിക്കാതെ മാറിനിന്നിട്ടില്ല.

ദേശാഭിമാനി മുന്‍ പ്രതാധിപസമിതി അംഗം ജി ശക്തധരന്റെ കൈതോലപ്പായ ആരോപണം, കരുവന്നൂര്‍ അടക്കം സഹകരണബാങ്കുകളിലെ തട്ടിപ്പ്, കെ-ഫോണ്‍ അഴിമതി ആരോപണം, സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉയര്‍ത്തിയ മിത്ത് വിവാദം, ഇന്ത്യ മുന്നണി, അടുത്തിടെ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ ആരോപിച്ച ജാതിവിവേചനം, എഐ ക്യാമറ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകനെതിരേ ഉയര്‍ന്ന ആരോപണം അടക്കം വിഷയങ്ങളിലെ ചോദ്യങ്ങള്‍ മുഖ്യമന്ത്രിക്ക് നേരിടാനുണ്ട്.

വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി സംബന്ധിച്ച നിയമസഭയില്‍ എഴുതിതയാറാക്കിയ കാര്യങ്ങള്‍ വായിച്ചതല്ലാതെ, വിഷയത്തില്‍ പ്രതിപക്ഷം അടക്കം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഢാലോചനയിലും പിണറായിയുടെ പങ്ക് പ്രതിപക്ഷം മുന്നോട്ടുവച്ചിരുന്നു. ഇത്തരം വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം എന്താകുമെന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം.

logo
The Fourth
www.thefourthnews.in