പിണറായി വിജയന്‍
പിണറായി വിജയന്‍

കുതിരക്കച്ചവടം നടക്കാത്ത ഇടങ്ങളില്‍ ഗവർണർമാരെ ഉപയോഗിക്കുന്നു: കേന്ദ്ര സർക്കാരിനെതിരെ പിണറായി വിജയൻ

കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണെന്ന് മുഖ്യമന്ത്രി

കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ കേന്ദ്രം ഗവർണർമാരെ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മേല്‍ കടന്ന് കയറാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും പിണറായി വിജയൻ വിമർശിച്ചു.

കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ്. ഇത്തരം പ്രവർത്തികള്‍ രാജ്യത്തെ സമാധാനപരമായ അന്തരീക്ഷം തകർക്കുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന് കാല്‍ക്കീഴില്‍ അനുസരണയോടെ ജീവിച്ചവരെ ധീരരാക്കുകയാണ് ഇപ്പോള്‍ കേന്ദ്രം ചെയ്യുന്നത്. കേരളത്തിന്റെ ബദല്‍ ചിലർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

സർക്കാരിന്റെയും നിയമസഭയുടെയും അധികാരത്തില്‍ കേന്ദ്രം കൈകടത്തുകയാണ്. എല്ലാ മേഖലയെയും ലാഭത്തോടെ മാത്രം സമീപിക്കുന്നു. എല്‍ഐസി പോലുള്ള സ്ഥാപനങ്ങള്‍ പോലും വിറ്റഴിക്കുന്നതാണ് സമീപനം. സ്വകാര്യവത്കരണം അല്ലാതെ മറ്റൊരു ബദല്‍ ഇല്ലെന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റെതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഐഎസ്ആർഒ സ്റ്റാഫ് അസോസിയേഷന്‍ ഗോള്‍ഡൻ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യവെയായിരുന്നു കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം.

logo
The Fourth
www.thefourthnews.in