വി. ശിവന്‍ കുട്ടി
വി. ശിവന്‍ കുട്ടി

പ്ലസ് വണ്‍ പ്രവേശനം മറ്റന്നാള്‍ മുതല്‍ ; യൂണിഫോമില്‍ നിര്‍ബന്ധബുദ്ധിയില്ലെന്ന് മന്ത്രി ശിവന്‍ കുട്ടി

പ്ലസ് വണ്‍ പ്രവേശനം ആഗസ്റ്റ് 24 ന് പൂര്‍ത്തീകരിക്കും; ഒന്നാം വര്‍ഷ ക്ലാസുകള്‍ 2022 ആഗസ്റ്റ് 25 ന് ആരംഭിക്കും

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം മറ്റന്നാള്‍ ആരംഭിക്കും. പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ആഗസ്റ്റ് 5 ന് രാവിലെ 11 മണി മുതല്‍ തുടങ്ങും.സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റും ഇതോടൊപ്പം നടക്കും. പ്ലസ് വണ്‍ പ്രവേശനം ആഗസ്റ്റ് 24 ന് പൂര്‍ത്തീകരിച്ച് ഒന്നാം വര്‍ഷ ക്ലാസുകള്‍ 2022 ആഗസ്റ്റ് 25 ന് ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

പ്ലസ് വണ്‍ പ്രവേശനം

  • ആദ്യഘട്ട അലോട്ട്‌മെന്റ് 2022 ആഗസ്റ്റ് 5 ന് ആരംഭിച്ച് ആഗസ്റ്റ് 10 ന് വൈകീട്ട് 5 മണിയ്ക്ക് പൂര്‍ത്തീകരിക്കും.

  • രണ്ടാമത്തെ അലോട്ട്‌മെന്റ് പട്ടിക ആഗസ്റ്റ് 15 ന് പ്രസിദ്ധീകരിക്കും. 16, 17 തീയതികളിലായിരിക്കും അഡ്മിഷന്‍ നടപടികള്‍ നടക്കുക.

  • മൂന്നാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് ആഗസ്റ്റ് 22 ന് പ്രസിദ്ധീകരിക്കും.

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയില്ലെന്നും തരത്തിലുളള പ്രത്യേകമായ യൂണിഫോം കോഡ് അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ ക്യാമ്പസിനകത്തും ക്ലാസ്സ് റൂമിനകത്തും കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കർശനമായി നിരോധിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 21 സ്‌കൂളുകള്‍ മിക്‌സഡാക്കി

മിക്‌സ്ഡ് സ്കൂളുകള്‍

സംസ്ഥാനത്ത് ആകെ 138 ഗവണ്‍മെന്റ് സ്കൂളുകളും 243 എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടെ ആകെ 381 സ്‌കൂളുകളാണ് ഗേള്‍സ് /ബോയ്‌സ് സ്‌കൂളുകളായി ഉള്ളത്.രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 21 സ്‌കൂളുകള്‍ മിക്‌സ്ഡാക്കിയതായും മന്ത്രി അറിയിച്ചു.മതിയായ അടിസ്ഥാന സൗകര്യമുള്ള സ്‌കൂളുകളെ മിക്‌സ്ഡാക്കും. ഇതിനായി സ്‌കൂള്‍ പി.ടി.എ, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ തീരുമാനം, എന്നിവ സഹിതം സ്‌കൂള്‍ മിക്‌സ്ഡാക്കാന്‍ അപേക്ഷിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഖാദര്‍ കമ്മിറ്റി റിപ്പോർട്ടിലെ നടപടികള്‍

പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂളുകളുടെ സ്ഥാപന മേധാവിമാര്‍ ഇനി മുതല്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാളുമാരായിരിക്കും. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററെ വൈസ് പ്രിന്‍സിപ്പാളായി നാമകരണം ചെയ്തതായും ഇതിന് അനുസൃതമായി കെ.ഇ.ആര്‍ -ല്‍ നിയമ/ചട്ട ഭേദഗതിയും വരുത്തിയതായും മന്ത്രി അറിയിച്ചു. ഏകോപിത സെക്കണ്ടറി സ്‌കൂളിലെ സ്ഥാപനമേധാവിയായിമാറുന്ന ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാളിന്റെ തൊഴില്‍ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി അവരുടെ അധ്യയനം 8 പിരീഡ് ആയി നിജപ്പെടുത്തുകയും അധികം പിരീഡുകള്‍ കൈകാര്യം ചെയ്യുന്നതിന് ദിവസ വേതനത്തില്‍ അധ്യാപകരെ നിയമിക്കാന്‍ ഭരണ അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു.

കലാ കായിക മേള

സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരി 3 മുതല്‍ 7 വരെയുള്ള തീയതികളില്‍ കോഴിക്കോട് വെച്ചു നടക്കും. സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം 2022 ഒക്ടോബറില്‍ കോട്ടയത്തും സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോല്‍സവം 2022 നവംബറില്‍ എറണാകുളത്തും സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് 2022 നവംബറില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് വ്യാപനത്തിന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് സ്‌കൂള്‍ കലോത്സവം അടക്കം നടക്കുന്നത്.

ഉച്ചക്കഞ്ഞി വിതരണം

2022-23 വര്‍ഷത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനുള്ള കേന്ദ്ര വിഹിതം ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതിനാല്‍, പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പ്രതീക്ഷിത കേന്ദ്ര വിഹിതമടക്കം 126 കോടി രൂപ സംസ്ഥാന ബഡ്ജറ്റില്‍ നിന്ന് സര്‍ക്കാര്‍ അനുവദിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് സ്‌കൂളുകള്‍ക്കുള്ള പാചകച്ചെലവ്, പാചകത്തൊഴിലാളികളുടെ വേതനം എന്നീ ഇനങ്ങള്‍ക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in