ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റുകളില്ല; മലബാറിനോട് അനീതിയോ?

എസ്എസ്എല്‍സി പരീക്ഷാഫലം വന്നതിന് ശേഷം ഉപരിപഠനയോഗ്യത നേടിയവരുടെ എണ്ണത്തിനനുസരിച്ച് കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ നിലവിലില്ല എന്ന പരാതി ഇത്തവണയും ഉയര്‍ന്നുവന്നിരിക്കുന്നു

എസ്എസ്എല്‍സി പരീക്ഷാഫലം വന്നതിന് ശേഷം ഉപരിപഠനയോഗ്യത നേടിയവരുടെ എണ്ണത്തിനനുസരിച്ച് കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ നിലവിലില്ല എന്ന പരാതി ഇത്തവണയും ഉയര്‍ന്നുവന്നിരിക്കുന്നു. സീറ്റുകളുടെയും എണ്ണവും വിജയിച്ച കുട്ടികളുടെ എണ്ണവും തമ്മില്‍ പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നുണ്ടോ? വടക്കന്‍ കേരളത്തില്‍ പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ആറ് ജില്ലകളിലെ കണക്കാണിത്.

കഴിഞ്ഞ തവണത്തേതുപോലെ താത്കാലികമായി അനുവദിച്ച 81 ബാച്ചുകള്‍ക്ക് പുറമെ മാര്‍ജിനല്‍ സീറ്റ് വര്‍ധനവിനുമാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുള്ളത്. ഇങ്ങിനെയാണെങ്കില്‍ പോലും മലബാര്‍ ജില്ലകളില്‍ സീറ്റ് ക്ഷാമം ഉണ്ടാകുമെന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്. വിജയിച്ചവരും പ്ലസ് വണ്‍ സീറ്റുകളും തമ്മിലുള്ള അന്തരം ഏറ്റവും കൂടുതലുള്ളത് മലപ്പുറത്താണ്. 14,000 ത്തോളം വരുമിത്. എന്നാല്‍, തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ എസ്എസ്എല്‍സി ജയിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകളുണ്ടെന്ന് കാണാം.

സംസ്ഥാനത്ത് കഴിഞ്ഞ തവണ എസ്എസ്എല്‍സി ജയിച്ചവരേക്കാള്‍ 5,439 പേര്‍ കുറവാണെന്നാണ് മന്ത്രി പറയുന്നത്. വിഎച്ച്എസ്ഇയിലെ 30,000ത്തിലധികം സീറ്റുകളും പോളിടെക്‌നിക്, ഐടിഐ സാധ്യതകളും പ്രയോജനപ്പെടുത്തി ഉപരിപഠനം മുന്നോട്ട് കൊണ്ടുപോകാമെന്ന കണക്കുകൂട്ടലിലാണ് വിദ്യാഭ്യാസ വകുപ്പ്. സീറ്റ് ക്ഷാമത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ പ്രൊഫ. കാര്‍ത്തികേയന്‍ നായരുടെ അധ്യക്ഷതയിലൊരു കമ്മിറ്റിയെ നിയോഗിച്ചത്. നാലരമാസം സമയമെടുത്ത് തയ്യാറാക്കിയ ഈ കമ്മിറ്റി റിപ്പോര്‍ട്ട് പൊതുജനസമക്ഷം വച്ചിട്ടില്ല. പകരം താത്കാലിക നടപടികളെ തന്നെ ആശ്രയിക്കുകയാണ് സര്‍ക്കാര്‍. കാര്‍ത്തികേയന്‍ കമ്മിറ്റി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

  • ജില്ല തിരിച്ച് പരിശോധിച്ചാല്‍ മലബാറിലെ 6 ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ കുറവാണ്. തെക്കന്‍ കേരളത്തിലെ എട്ട് ജില്ലകളില്‍ അധിക സീറ്റുകളുണ്ട്. ഇത് മലബാറിന് ബാച്ച് ഷിഫ്റ്റിങ്ങിലൂടെ നല്‍കി അന്തരം പരിഹരിക്കണം.

  • എയ്ഡഡ് സ്‌കൂളുകളിലെ അണ്‍ എയ്ഡഡ് ബാച്ചുകള്‍ നിലനില്‍ക്കുന്നുണ്ട്. വ്യത്യസ്ത ഫീസ് ഘടനയും ശമ്പള വിതരണവുമെന്ന ചൂഷണമവസാനിപ്പിക്കണം.

  • ഇങ്ങിനെ ചെയ്യുന്നതിലൂടെ കുട്ടികളില്ലാതെ ഭീഷണി നേരിടുന്ന ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്ക് വിദ്യാര്‍ഥികളെ ലഭിക്കും. അണ്‍ എയ്ഡഡ് ബാച്ചുകള്‍ ഒഴിവാക്കുമ്പോള്‍ 90 ഓളം ബാച്ചുകള്‍ ഒഴിവാക്കേണ്ടി വരും.

  • അട്ടപ്പാടി, വയനാട് പോലുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ആദിവാസി ഊരുകളിലെ വിദ്യാര്‍ഥികള്‍ക്ക് അവിടെയുള്ള സ്‌കൂളുകളില്‍ 40 ശതമാനം സംവരണം ഏര്‍പ്പെടുത്തണം. തങ്ങളുടെ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ പ്രവേശനം ലഭിച്ചില്ലെങ്കില്‍ ഈ കുട്ടികള്‍ പഠനമവസാനിപ്പിക്കുകയും അത് ഇവരുടെ സാമൂഹ്യ വിദ്യാഭ്യാസ പുരോഗതിയെ ബാധിക്കുമെന്നതിനാലുമാണ് ഇത്തരമൊരു നിര്‍ദേശം.

പ്ലസ് വണ്‍ മാത്രമാണ് തുടര്‍ പഠനസാധ്യത എന്ന മനോഭാവവും സമീപനവും മാറണമെന്നും കാര്‍ത്തികേയന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു. പക്ഷേ, സര്‍ക്കാരിന്റെ സാമ്പത്തിക അവസ്ഥ കൊണ്ടാകണം ഈ റിപ്പോര്‍ട്ട് മറിച്ചുനോക്കാന്‍ പോലും ഇഷ്ടമല്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണങ്ങളില്‍ നിന്നറിയാം. ഈ വിഷയം പഠിക്കാന്‍ സര്‍ക്കാര്‍ തന്നെ നിയോഗിച്ച് നാലരമാസമെടുത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടുമായി മുന്നോട്ട് പോകേണ്ടുന്നതിന് പകരം പുതിയൊരു അധ്യയന വര്‍ഷം കൂടെ പ്രക്ഷുബ്ധമാകുന്നതിനാണ് അരങ്ങൊരുങ്ങുന്നത്. 20 വര്‍ഷത്തിലധികമായി തുടരുന്ന വിവേചനത്തിന് അവസാനം വേണമെന്ന മലബാറുകാരുടെ ആവശ്യം ന്യായമാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതിന് ശാസ്ത്രീയമായ പരിഹാരമാണ് ആവശ്യം. അതിന് കാര്‍ത്തികേയന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുളള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണ് വേണ്ടത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in