പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍, സ്വീകരിക്കാന്‍ ഒന്നിച്ചെത്തി ഗവര്‍ണറും മുഖ്യമന്ത്രിയും

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍, സ്വീകരിക്കാന്‍ ഒന്നിച്ചെത്തി ഗവര്‍ണറും മുഖ്യമന്ത്രിയും

പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

പിന്നീട് ഏഴുമണിയോടെ ഹെലികോപ്ടറില്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തിലേക്കു തിരിച്ച മോദിയെ അവിടെ കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് രാത്രി എഴരയോടെ റോഡ് ഷോ ആരംഭിച്ചു. തുറന്ന വാഹനത്തില്‍ എറണാകുളം കെപിസിസി ജങ്ഷന്‍ മുതല്‍ ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസ് വരെയുള്ള 1.3 കിലോമീറ്റായിരുന്നു റോഡ്‌ഷോ.

പ്രധാനമന്ത്രിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ ബിജെപി പ്രവര്‍ത്തകരുടെ നീണ്ട നിരയായിരുന്നു നഗരത്തിലുടനീളം. നേരത്തെ വൈകിട്ട് ആറിന് റോഡ് ഷോ ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ആന്ധ്രയിലെ പരിപാടികള്‍ കഴിഞ്ഞ് പ്രധാനമന്ത്രി നെടുമ്പാശേരിയില്‍ എത്താന്‍ വൈകിയതോടെ റോഡ് ഷോ ഒന്നര മണിക്കുര്‍ നീട്ടിവയ്ക്കുകയായിരുന്നു.

ഇന്ന് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന പ്രാനമന്ത്രി നാളെ രാവിലെ ആറരയോടെ റോഡ്മാര്‍ഗം ഗുരുവായൂരിലേക്കു പോകും. ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിലും പങ്കെടുക്കും. പിന്നീട് തൃപ്രയാര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷം കൊച്ചിയിലേക്കു മടങ്ങും. വില്ലിങ്ടണ്‍ ഐലന്‍ഡില്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ രാജ്യാന്തര കപ്പല്‍ റിപ്പയറിങ് കേന്ദ്രം, പുതിയ ഡ്രൈഡോക്ക് എന്നിവ രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 11-ന് മറൈന്‍ഡ്രൈവില്‍ ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

രണ്ടാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് മോദിയുടെ കേരളാ സന്ദര്‍ശനം. നേരത്തെ തൃശൂരില്‍ മഹിളാ മോര്‍ച്ചയുടെ 'സ്ത്രീശക്തി മോദിക്കൊപ്പം' എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തിയത്. അന്ന് തൃശൂരിലും അദ്ദേഹം റോഡ് ഷോ നടത്തിയിരുന്നു.

logo
The Fourth
www.thefourthnews.in