'മുസ്ലീം സ്ത്രീകള്‍ തട്ടം ധരിക്കണം, സമസ്തയില്‍ സിപിഎം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നു': കടുപ്പിച്ച് പിഎംഎ സലാം

'മുസ്ലീം സ്ത്രീകള്‍ തട്ടം ധരിക്കണം, സമസ്തയില്‍ സിപിഎം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നു': കടുപ്പിച്ച് പിഎംഎ സലാം

ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമായ ഒന്നാണ്

തട്ടം വിവാദത്തിലും, സമസ്ത വിവാദത്തിലും നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ്. ഒരു മുസ്ലീം സ്ത്രീ നിര്‍ബന്ധമായും തട്ടം ധരിച്ചിരിക്കണം. മുസ്ലീം ലീഗിന്റെ ഭാഗമായ മുസ്ലീം സ്ത്രീകള്‍ തട്ടം ധരിക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് പിഎംഎ സലാം നിലപാട് ഉറപ്പിച്ച് പറയുന്നത്.

സിപിഎം നേതാവിന്റെ പരാമര്‍ശം ഇസ്ലാമിക വിശ്വാസത്തിന് മേലുള്ള കടന്നുകയറ്റം

ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമായ ഒന്നാണ്. സിപിഎം നേതാവ് അനില്‍ കുമാര്‍ മലപ്പുറത്തെയും തട്ടത്തേയും ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് മേലുള്ള ഇടത് പക്ഷത്തിന്റെ കടന്നുകയറ്റമായാണ് വിശ്വാസികള്‍ കാണുന്നതെന്നും പിഎംഎ സലാം ചൂണ്ടിക്കാട്ടുന്നു.

സമസ്തയുടെ എല്ലാ അവയവങ്ങളും ലീഗിന് ഒപ്പം

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്ലീം ലീഗും തമ്മിലുള്ള ഭിന്നതയെ കുറിച്ചും ശക്തമായ ഭാഷയിലാണ് പിഎംഎ സലാം പ്രതികരിച്ചിരിക്കുന്നത്. സിപിഎം സമസ്തയിലേക്ക് വലിഞ്ഞു കയറാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച സലാം സമസ്തയുടെ എല്ലാ അവയവങ്ങളും ലീഗിന് ഒപ്പമാണെന്നും പ്രതികരിച്ചു. സമസ്തയുടെ മസ്തിഷ്‌കം ലീഗീന് ഒപ്പമാണെന്ന പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സലാമിന്റെ പരാമര്‍ശം. സമസ്ത ലീഗിന്റെ പോഷക സംഘടനയല്ല, തിരിച്ചും അങ്ങനെയാണ്. എന്നാല്‍ ലീഗിന്റെ രാഷ്ട്രീയ നിലപാടുകളുടെ എതിര്‍ക്കുകയും, തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ഇടപെടുകയും ചെയ്താല്‍ ലീഗിന് മിണ്ടാതിരിക്കാനാകില്ലെന്നും പിഎംഎ സലാം വ്യക്തമാക്കുന്നു.

പാണക്കാട് കുടുംബത്തിന്റെ നേതൃത്വം സമസ്തയ്ക്കും ലീഗിനും പ്രധാനമാണ്. എന്നാല്‍ ഇവ രണ്ടും വ്യത്യസ്ഥ തങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. പാണക്കാട് തങ്ങള്‍ കുടംബം ഇല്ലാതെ സമസ്തയ്ക്കും മുസ്ലീം ലീഗിനും നിലനില്‍പ്പില്ല. പാണക്കാട് കുടുംബം രാഷ്ട്രീയ, ആത്മീയ നേതൃത്വമായി തുടരുമെന്നും പിഎംഎ സലാം ചൂണ്ടിക്കാട്ടുന്നു.

'മുസ്ലീം സ്ത്രീകള്‍ തട്ടം ധരിക്കണം, സമസ്തയില്‍ സിപിഎം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നു': കടുപ്പിച്ച് പിഎംഎ സലാം
തട്ടം മാറ്റിയാൽ പുരോഗമനം ?

മുസ്ലീം വിശ്വാസികള്‍ക്കിടയില്‍ പാണക്കാട് തങ്ങള്‍ കുടുംബത്തിനുള്ള ആത്മീയ സ്വാധീനം നഷ്ടപ്പെട്ടെന്ന വാദത്തില്‍ കഴമ്പില്ല. അത്തരം സ്വാധീനം വര്‍ധിക്കുകയാണ് ചെയ്തത്. പാണക്കാട് കുടുംബത്തിന്റെ സ്വാധീനം നഷ്ടപ്പെട്ടെന്ന് വരുത്തിതീര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. സമസ്ത നേടിയ മുന്നേറ്റങ്ങളിലെല്ലാം മുസ്ലീം ലീഗിന്റെ പിന്തുണയുണ്ടെന്നും സലാം അവകാശപ്പെട്ടു.

മുസ്ലീം ലീഗിന് ഒപ്പം പ്രവര്‍ത്തിച്ചാല്‍ സ്വര്‍ഗം ലഭിക്കുമെന്നതരത്തില്‍ സാദിഖ് അലി തങ്ങള്‍ പ്രസംഗിച്ചെന്ന ആരോപണം തള്ളിയ സലാം അത്തരം വീഡിയോകളും, പോസ്റ്ററുകളും വ്യാജമാണെന്നും ചൂണ്ടിക്കാട്ടുന്നു. മുസ്ലീം ലീഗ് അത്തരം പ്രചാരണങ്ങള്‍ നടത്താറില്ല. വോട്ടിങ് സ്വര്‍ഗാരോഹണത്തിനുള്ള വഴിയല്ല. അത് മറ്റ് വഴികളുണ്ടെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in