കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന്; ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരേ കേസെടുത്ത് പോലീസ്‌

കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന്; ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരേ കേസെടുത്ത് പോലീസ്‌

ഐപിസി 153-ാം വകുപ്പ് പ്രകാരമാണ് അഞ്ചുതെങ്ങ് പോലീസ് സ്വമേധയാ കേസെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്

മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടമുണ്ടായ മുതലപ്പൊഴി സന്ദര്‍ശിച്ച മന്ത്രിമാരെ തടഞ്ഞ സംഭവത്തില്‍ ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരേ കേസെടുത്ത് പോലീസ്. സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ക്രിസ്തീയ വിശ്വാസികളെ പ്രകോപിപ്പിച്ച് കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ചാണ് അഞ്ചുതെങ്ങ് പോലീസ് ഫാ. യൂജിന്‍ പെരേരയ്ക്കും കണ്ടാലറിയാവുന്ന 20 പേര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഐപിസി 153 വകുപ്പ് പ്രകാരമാണ് പോലീസ് സ്വമേധയാ കേസെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. റോഡ് ഉപരോധിച്ചതിനും ഇവര്‍ക്കെതിരേ കേസ് ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍. അനില്‍ എന്നിവരാണ് സ്ഥലം സന്ദര്‍ശിക്കാനെത്തിയത്. വള്ളംമറിഞ്ഞു കാണാതായവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു സന്ദര്‍ശനം. ഇവരെ നാട്ടുകാര്‍ തടയുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ നാലരയോടൊണ് വള്ളം മറിഞ്ഞ് നാല് പേരെ കാണാതായത്. ഇവരില്‍ പുതുക്കുറുച്ചി സ്വദേശി കുഞ്ഞുമോനെ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മറ്റ് മൂന്ന് പേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണ് ഇത്.

പുലിമുട്ട് നിര്‍മാണത്തിലെ അശാസ്ത്രീയത പലതവണ നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പലതവണ നാട്ടുകാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ കാലവര്‍ഷത്തിനു മുന്‍പ് പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല. അടുത്ത വര്‍ഷം എങ്കിലും നടപടി ഉണ്ടാകുമോ എന്ന ചോദ്യം ഉന്നയിച്ചാണ് നാട്ടുകാര്‍ മന്ത്രിമാരെ തടഞ്ഞത്.

നാട്ടുകാരോട് മന്ത്രി വി ശിവന്‍കുട്ടിയും ആന്റണി രാജുവും രോഷാകുലരായി പെരുമാറുകയും ഷോ ഇറക്കേണ്ട എന്ന് പറയുകയും ചെയ്തത് രംഗം വഷളാക്കി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തീരദേശവാസികള്‍ പ്രതിഷേധം കടുപ്പിച്ചതോടെ മന്ത്രിമാര്‍ മടങ്ങിപ്പോകുകയായിരുന്നു. വി ജോയി എം എല്‍ എ., ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് തുടങ്ങിയവരും മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു.

ഫാദര്‍ യുജീന്‍ പെരേരയുടെ നിര്‍ദേശപ്രകാരമാണ് തീരദേശവാസികള്‍ തങ്ങളെ തടഞ്ഞതെന്ന് പിന്നീട് മന്ത്രിമാര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ അഞ്ചുതെങ്ങ് പോലീസ് ഫാ യൂജിന്‍ പെരേരയ്‌ക്കെതിരേ സ്വമേധയാ കേസെടുത്തത്.

logo
The Fourth
www.thefourthnews.in