എതിർ ടീമിലെ തുഴക്കാരനെ തള്ളിയിട്ട് പോലീസ് ടീം: മഹാത്മാ ജലോത്സവത്തിൽ വിവാദം
ആലപ്പുഴ മാന്നാറില്‍ നടന്ന മഹാത്മ ജലോത്സവം പോലീസ് അലങ്കോലപ്പെടുത്തിയെന്ന് പരാതി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് നിരണം ചുണ്ടന്‍ തുഴഞ്ഞ പോലീസ് ബോട്ട് ക്ലബിന്റെ തുഴക്കാരൻ ചെറുതന ചുണ്ടന്റെ അമരക്കാരനെ തള്ളി വീഴ്ത്തിയത്. നിരണം ചുണ്ടനെ പിന്നിലാക്കി ചെറുതന ചുണ്ടന്‍ മുന്നേറിയ ഘട്ടത്തിലായിരുന്നു സംഭവം. ഇതോടെ നിയന്ത്രണം വിട്ട ചെറുതന ചുണ്ടൻ എതിർ ദിശയിലേക്ക് ചരിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന തുഴക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കള്ളക്കളിയിലൂടെ ഒന്നാമതെത്തിയ നിരണം ചുണ്ടന് ട്രോഫിയും പാരിതോഷികവും നല്‍കരുതെന്ന് ആവശ്യപ്പെട്ട് വള്ളംകളി പ്രേമികളും മറ്റ് ടീമുകളിലെ കളിക്കാരും രംഗത്തെതത്തി. എന്നാല്‍ സ്ഥലത്ത് ഡ്യൂട്ടിലുണ്ടായിരുന്നു പോലീസ് ഉദ്യോഗസ്ഥർ ഇവരെ മർദിച്ച് അവശരാക്കിയെന്നാണ് ആക്ഷേപം.സുരക്ഷ ഒരുക്കേണ്ട പോലീസ് തന്നെ അക്രമങ്ങള്‍ അഴിച്ചു വിട്ടെന്ന് മറ്റു ടീമുകൾ ആരോപിച്ചു.
ഇതിന് പിന്നാലെ ദൃശ്യങ്ങള്‍ സഹിതം ചെറുതന ചുണ്ടന്‍റെ തുഴക്കാര്‍ പരാതിയുമായി എത്തിയെങ്കിലും, പോലീസുകാര്‍ അവരുടെ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. സംഭവത്തില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ചെറുതന ചുണ്ടന്‍റെ ഭാരവാഹികള്‍. സംഭവത്തിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തു വന്ന സാഹചര്യത്തിൽ ആഭ്യന്തര വകുപ്പ് റിപ്പോർട്ട് തേടി. പോലീസ് ബോട്ട് ക്ലബിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ എത്രയും വേഗം റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.