'പ്രതിയെ പരിശോധിക്കുമ്പോള്‍ പോലീസ് വേണ്ട', പോലീസ്
അനാസ്ഥ ന്യായീകരിക്കാന്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തയിലെ യാഥാര്‍ത്ഥ്യം

'പ്രതിയെ പരിശോധിക്കുമ്പോള്‍ പോലീസ് വേണ്ട', പോലീസ് അനാസ്ഥ ന്യായീകരിക്കാന്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തയിലെ യാഥാര്‍ത്ഥ്യം

പ്രതിയെ പരിശോധിക്കുമ്പോള്‍ പോലീസ് അടുത്ത് വേണ്ടെന്ന സര്‍ക്കാർ ഉത്തരവിന് പിന്നിലെ സാഹചര്യമെന്ത്

പ്രതിയെ ഡോക്ടര്‍ വൈദ്യപരിശോധന നടത്തുമ്പോള്‍ പോലീസ് അടുത്ത് വേണ്ടേ? കൊട്ടാരക്കരയില്‍ വൈദ്യ പരിശോധനയ്ക്കെത്തിച്ച പ്രതിയുടെ ആക്രമണത്തില്‍ യുവ ഡോക്ടര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പഴയ ഒരു വാര്‍ത്ത വീണ്ടും ചര്‍ച്ചയാവുന്നു. പ്രതിയെ പരിശോധിക്കുമ്പോള്‍ പോലീസ് അടുത്ത് വേണ്ടെന്ന് സര്‍ക്കാരിനെ കൊണ്ട് ഉത്തരവിറക്കാന്‍ ഒരു ഡോക്ടര്‍ നടത്തിയ നിയമപോരാട്ടമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഇപ്പോഴത്തെ സംഭവത്തിന് കാരണമായത് ഈ ഉത്തരവാണെന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം.

എന്നാല്‍ ഇങ്ങനെ ഒരു ഉത്തരവ് കോടതിയില്‍ പോയി നേടിയതിന് പിന്നില്‍ ഡോക്ടര്‍മാര്‍ നിരന്തരം നേരിടുന്ന പ്രശ്‌നമുണ്ട്. അതോടൊപ്പം പ്രതികളോട് പോലീസ് പലപ്പോഴും സ്വീകരിക്കുന്ന സമീപനവും ഇങ്ങനെയൊരു ഉത്തരവ് കോടതിയില്‍ പോയി നേടുന്നതിന് ഡോക്ടര്‍മാരെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മറച്ചുവെച്ചാണ് വന്ദന ദാസ് എന്ന ഡോക്ടറുടെ ദാരുണമായ കൊലപാതകത്തില്‍ പോലീസിന്റെ നിഷ്‌ക്രിയത്വം മറച്ചുവെയ്ക്കാന്‍ വേണ്ടി ചിലര്‍ പഴയ ഉത്തരവ് പ്രചരിപ്പിക്കുന്നത്.

പ്രതിയെ വൈദ്യപരിശോധന നടത്തുമ്പോള്‍ പോലീസ് മര്‍ദിച്ചോ എന്നതടക്കമുള്ള കാര്യങ്ങളും, പ്രതിക്ക് ഏതെങ്കിലും തരത്തിലുള്ള പരുക്ക് ഉണ്ടെങ്കില്‍ അത് എങ്ങനെയുണ്ടായി എന്നൊക്കെ പരിശോധിച്ച് ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തേണ്ടതായുമുണ്ട്. അത് പോലീസ് സാന്നിധ്യത്തില്‍ ബുദ്ധിമുട്ടാകുന്ന സാഹചര്യത്തിലായിരുന്നു ഒരു ഡോക്ടർ തന്നെ നിയമപോരാട്ടത്തിന് ഇറങ്ങിയതെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ വിശദീകരിക്കുന്നു.

അപ്പോഴും ഡോക്ടറും പ്രതിയും തമ്മിലുള്ള സംസാരം കേള്‍ക്കാത്ത ദൂരത്തില്‍, പ്രതി രക്ഷപ്പെടാന്‍ സാധ്യതയില്ലാത്ത തരത്തില്‍ പോലീസ് സുരക്ഷ ഉണ്ടാകണമെന്ന് തന്നെയാണ് ചട്ടമെന്ന് കെജിഎംഒഎ സംസ്ഥാന സെക്രട്ടറി ഡോക്ടര്‍ പി കെ സുനില്‍ പറഞ്ഞു. പോലീസ് അടുത്തുനില്‍ക്കുമ്പോള്‍ പലപ്പോഴും പ്രതിയ്ക്ക് ഡോക്ടറോട് സ്വതന്ത്രമായി സംസാരിക്കാനുള്ള സാഹചര്യം ഉണ്ടാവാറില്ല. പ്രതിക്ക് പോലീസിന്റെ കൈയില്‍നിന്ന് മര്‍ദ്ദനമേറ്റെങ്കില്‍ അക്കാര്യം പറയാന്‍ പോലും പോലീസിന്റെ സാന്നിധ്യം തടസ്സമാകും. ഇത് ഒഴിവാക്കാനാണ്, അല്ലാതെ സുരക്ഷ വേണ്ടെന്ന നിലയിലല്ല, ഈ ഉത്തരവിന് വേണ്ടി ഒരു ഡോക്ടർ നിയമ പോരാട്ടത്തിന് ഇറങ്ങിയത്.

മലപ്പുറം ജില്ലയിലെ താനാളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. പ്രതിഭയാണ് ആ നിയമപോരാട്ടം നടത്തിയത്. അതിന് ഒരു പ്രത്യേക സാഹചര്യവും ഉണ്ടായിരുന്നു

പ്രതിഭ നിയമപോരാട്ടം നടത്താനുണ്ടായ സാഹചര്യം

2018 ല്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ സേവനം ചെയ്യവേ പ്രതികളുടെ വൈദ്യപരിശോധന ചട്ടപ്രകാരം നടത്തിയതിന് പോലീസ് പ്രതികാരം ചെയ്യുന്നെന്ന പരാതിയുമായാണ് ഡോ. പ്രതിഭ സര്‍ക്കാരിനെ സമീപിച്ചത്.
പ്രതികളുടെ വൈദ്യപരിശോധന നടത്തുന്ന സമയത്ത് പോലീസ് സാന്നിധ്യം ഉണ്ടാവരുതെന്ന ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നായിരുന്നു ആവശ്യം. പലവട്ടം സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ഡോക്ടര്‍ പ്രതിഭ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച്  ഉത്തരവിറക്കിയത്

കോടതി ഉത്തരവിലെ നിർദേശം
കോടതി ഉത്തരവിലെ നിർദേശം

എന്നാല്‍ ഈ രണ്ട് സാഹചര്യങ്ങളെ കൂട്ടിക്കുഴക്കരുതെന്നും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കെജിഎംഒഎ പ്രതികരിച്ചു. കൊട്ടാരക്കരയില്‍ അക്രമസക്തനായ പ്രതിയെ ഡോക്ടര്‍ക്ക് മുന്നില്‍ വിട്ട അനാസ്ഥയെ ന്യായികരിക്കാനാണ് മുന്‍ ഉത്തരവ് പശ്ചാത്തലം അറിയാതെ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in