ബഫര്‍സോണില്‍ കുരുക്കഴിക്കാന്‍ സര്‍ക്കാര്‍; പിടിവിടാതെ പ്രതിപക്ഷം

ബഫര്‍സോണില്‍ കുരുക്കഴിക്കാന്‍ സര്‍ക്കാര്‍; പിടിവിടാതെ പ്രതിപക്ഷം

പ്രതിഷേധങ്ങള്‍ കോട്ടം തട്ടാതെ അവസാനിപ്പിക്കാനുള്ള തിരക്കിട്ട ശ്രമത്തില്‍ സംസ്ഥാന സര്‍ക്കാര്‍; സമരായുധമാക്കി പ്രതിപക്ഷം

ബഫര്‍സോണില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ കോട്ടം തട്ടാതെ അവസാനിപ്പിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഉപഗ്രഹ സര്‍വെയില്‍ അപാകതകളുണ്ടെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കേണ്ടിവന്ന സാഹചര്യത്തില്‍ ജനകീയ പ്രതിഷേധങ്ങള്‍ക്ക് അയവ് വരുത്താന്‍ ഫീല്‍ഡ് സര്‍വെ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. വിവാദങ്ങള്‍ക്ക് തടയിടാന്‍ 2021ല്‍ കേന്ദ്രത്തിന് സംസ്ഥാനം നല്‍കിയ ബഫര്‍സോണ്‍ റിപ്പോര്‍ട്ടും 22 സംരക്ഷിത വന മേഖലകള്‍ ഉള്‍പ്പെട്ട ഭൂപടവും സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ബഫര്‍സോണ്‍ വിഷയം പ്രതിപക്ഷം ഇതിനോടകം തന്നെ സര്‍ക്കാരിനെതിരായ സമരായുധമാക്കി മാറ്റിക്കഴിഞ്ഞു. സര്‍ക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് വിഷയത്തെ ഇത്രയും അപകടാവസ്ഥയില്‍ എത്തിച്ചതെന്ന നിലപാടിലാണ് പ്രതിപക്ഷം. ജനവാസ കേന്ദ്രങ്ങളെ ബഫര്‍സോണില്‍ ഉള്‍പ്പെടുത്താമെന്ന ഉത്തരവ് 2019 ല്‍ ഇറക്കിയതിന് പിന്നാലെയാണ് സുപ്രീംകോടതിയില്‍ നിന്നും കേരളത്തിന് തിരിച്ചടിയുണ്ടായത്. ഓഗസ്റ്റ് 29- ന് കിട്ടിയ ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് വ്യക്തതയില്ലാത്തതാണെന്ന് മനസിലായിട്ടും മൂന്നരമാസത്തോളം ഒളിച്ചുവെച്ചത് എന്തിനാണെന്നുമാണ് പ്രതിപക്ഷം ചോദിക്കുന്നത്.

എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2011 ഫെബ്രുവരി 9നാണ് വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവയ്ക്കുചുറ്റും കേന്ദ്ര സര്‍ക്കാരിന്റെ ബഫര്‍ സോണ്‍ പ്രഖ്യാപനം ഉണ്ടായത്. ജയറാം രമേശ് കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരിക്കെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ബഫര്‍ സോണ്‍ പ്രഖ്യാപനം നടത്തിയതെന്നും, 2013 മെയ് എട്ടിന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ദേശീയ ഉദ്യാനങ്ങള്‍ക്കും നാഷണല്‍ പാര്‍ക്കുകള്‍ക്കും ചുറ്റും 0 മുതല്‍ 12 കിലോമീറ്റര്‍ വരെ ബഫര്‍ സോണ്‍ പ്രഖ്യാപിക്കണമെന്ന് തീരുമാനമെടുത്തു എന്നുമാണ് പ്രതിപക്ഷ ആരോപണങ്ങള്‍ക്കുള്ള സര്‍ക്കാര്‍ മറുപടി.

സര്‍ക്കാരും പ്രതിപക്ഷവും ബഫര്‍സോണില്‍ തുറന്ന രാഷ്ട്രീയ സംവാദത്തിലേക്ക് കടന്നു കഴിഞ്ഞു. പരിസ്ഥിതി സംരക്ഷണത്തില്‍ ജാഗ്രത കാട്ടുമ്പോള്‍ തന്നെ ജനജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴും വിഷയത്തിലെ തുടര്‍ നടപടികളെ ഉറ്റുനോക്കുകയാണ് സംസ്ഥാനത്തെ മലയോര ജനത. പല പ്രതികൂല സാഹചര്യങ്ങളോടും പടവെട്ടി ജീവിതം കെട്ടിപ്പൊക്കിയ സമൂഹത്തെ ഒപ്പം നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. അതുകൊണ്ട് കൂടിയാണ് ബഫര്‍സോണ്‍ ചിലയിടങ്ങളില്‍ വനാതിര്‍ത്തിയിലേക്ക് മാറ്റി നിശ്ചയിക്കേണ്ടി വരുമെന്നും ജനവാസ മേഖലകളെ ഒഴിവാക്കുമെന്നും മന്ത്രിമാര്‍ക്ക് ഇടയ്ക്കിടെ പറഞ്ഞുറപ്പിക്കേണ്ടി വരുന്നതും.

logo
The Fourth
www.thefourthnews.in