'രാജ്യത്തെ മുസ്‌ലിം ജനതയ്‌ക്കൊപ്പം ഞാനും'; ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തിൽ രാഷ്ട്രീയ നോമ്പ് ക്യാമ്പയിൻ

'രാജ്യത്തെ മുസ്‌ലിം ജനതയ്‌ക്കൊപ്പം ഞാനും'; ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തിൽ രാഷ്ട്രീയ നോമ്പ് ക്യാമ്പയിൻ

ഹിന്ദുത്വ ഫാസിസത്തിനും ഇസ്‌ലാം വിരുദ്ധതയ്ക്കുമെതിരെയാണ് വിവിധ സാമൂഹിക പ്രവർത്തകരും ഇതരമതസ്ഥരായ സാധാരണക്കാരും നോമ്പെടുക്കുന്നത്

ഹിന്ദുത്വ ഫാസിസത്തിനും ഇസ്‌ലാം വിരുദ്ധതയ്ക്കുമെതിരെ ലോക ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തിൽ രാഷ്ട്രീയ നോമ്പ് നോറ്റ് സാമൂഹ്യ പ്രവർത്തകരും ഇതരമതസ്ഥരും. 'ഹിന്ദുത്വ ഫാസിസ്റ്റ് സർക്കാരിന്റെ മുസ്‌ലിം വിരുദ്ധതയ്‌ക്കെതിരെ രാജ്യത്തെ മുസ്‌ലിം ജനതയ്‌ക്കൊപ്പം ഞാനും നോമ്പ് എടുക്കുന്നു' എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സാമൂഹിക പ്രവർത്തകരും ഇതരമതസ്ഥരായ സാധാരണക്കാരും ഇന്ന് നോമ്പ് എടുക്കുന്നത്.

രാജ്യത്ത് സി എ എ നടപ്പാക്കി ഇസ്‌ലാമികവിരുദ്ധത ഊട്ടിയുറപ്പിക്കുന്ന ഹിന്ദുത്വയ്‌ക്കെതിരെയുള്ള പ്രതിഷേധവും അരികുവൽക്കരിക്കപ്പെടുന്ന ഇസ്‌ലാം മതവിശ്വാസികൾക്കുള്ള ഐക്യദാർഢ്യവും മുൻനിർത്തിയാണ് രാഷ്ട്രീയ നോമ്പെന്ന ആശയം ഉരുത്തിരിഞ്ഞതെന്ന് സാമൂഹികപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റുകളിൽ പറഞ്ഞു.

'രാജ്യത്തെ മുസ്‌ലിം ജനതയ്‌ക്കൊപ്പം ഞാനും'; ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തിൽ രാഷ്ട്രീയ നോമ്പ് ക്യാമ്പയിൻ
ഗാസയിൽ മാനുഷിക സഹായം കാത്തു നിന്നവർക്ക് നേരെ വീണ്ടും ഇസ്രയേൽ ക്രൂരത; 29 പേർ കൊല്ലപ്പെട്ടു

''ഹിന്ദുത്വയുടെ വംശഹത്യ പ്രത്യയശാസ്ത്രത്തിനെതിരെ അതിജീവനത്തിനായി പോരാടുന്ന ഇന്ത്യയിലെ മുസ്ലീം ജനതയ്‌ക്കൊപ്പം ഐക്യപ്പെട്ടുകൊണ്ട് ഇന്ന് ഞാനുമെന്റെ അമുസ്ലിങ്ങളായ നിരവധി സുഹൃത്തുക്കളും രാഷ്ട്രീയ നോമ്പനുഷ്ഠിക്കുന്നു,'' എന്നാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നോമ്പ് നോറ്റവർ ഫേസ്ബുക്കിൽ കുറിച്ചത്.

സാമൂഹിക പ്രവർത്തകരായ ശ്രീജ നെയ്യാറ്റിൻകര, സുദേഷ് രഘു, എഴുത്തുകാരൻ കൂടിയായ കെ കെ ബാബുരാജ്, റെനി അയിലിൻ, വർക്കല രാജ്, അഡ്വ. കുക്കു ദേവകി തുടങ്ങി നിരവധി പേരാണ് രാഷ്ട്രീയ നോമ്പ് ക്യാംപെയിനിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. മതവിശ്വാസികളും വിശ്വാസികൾ അല്ലാത്തവരുമെല്ലാം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കെ കെ ബാബുരാജ്
കെ കെ ബാബുരാജ്

ലോകമെമ്പാടും ഇസ്‌ലാം നേരിടുന്ന വെല്ലുവിളികൾക്കിടയിലാണ് ഒരു സംഘടനയുടെയും രാഷ്ട്രീയ പാർട്ടികളുടെയും ലേബലിലല്ലാതെ അമുസ്‌ലിങ്ങളായ ഒരു കൂട്ടം സുഹൃത്തുക്കളുടെ നേതൃത്വത്തിൽ രാഷ്ട്രീയ നോമ്പ് എന്ന ആശയമുണ്ടായതെന്ന് എഴുത്തുകാരൻ കെ കെ ബാബുരാജ് ദ ഫോർത്തിനോട് പറഞ്ഞു. വളരെ ശക്തമായ രീതിയിൽ ദളിത്, ആദിവാസി, മുസ്‌ലിം വിരുദ്ധത നമ്മുടെ സമൂഹത്തിലുണ്ട്. ഇതിൽ തന്നെ ഇസ്‌ലാമിക വിരുദ്ധത ചൂണ്ടികാണിക്കുമ്പോൾ അത് പ്രീണനമായിട്ടാണ് ഭൂരിപക്ഷ സമുദായം കണക്കാക്കുക. ഇത്തരമൊരു അവസ്ഥയിൽ രാഷ്ട്രീയ നോമ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് ബാബു രാജ് പറഞ്ഞു.

'രാജ്യത്തെ മുസ്‌ലിം ജനതയ്‌ക്കൊപ്പം ഞാനും'; ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തിൽ രാഷ്ട്രീയ നോമ്പ് ക്യാമ്പയിൻ
'മോദിയെ വീഴ്ത്താന്‍ ഗ്രാമങ്ങള്‍ വളയും'; കൊല്ലപ്പെട്ട കര്‍ഷകന്റെ ചിതാഭസ്മവുമായി രാജ്യവ്യാപക പ്രചാരണത്തിന് കർഷകർ

ലോകം മുഴുവൻ മുസ്‌ലിം മതവിശ്വാസികൾ പലവിധത്തിലുള്ള ദുരിതങ്ങളും പീഢനങ്ങളും നേരിടുന്ന അവസരത്തിലാണ് ഇത്തരമൊരു ആശയമെന്ന് സാമൂഹിക പ്രവർത്ത ശ്രീജ നെയ്യാറ്റിൻകര പറഞ്ഞു. ''പലസ്തീൻ അടക്കമുള്ള സ്ഥലങ്ങളിൽ മുസ്‌ലിം മതവിശ്വാസികൾ നേരിടുന്ന പ്രശ്‌നങ്ങൾ നമുക്ക് അറിയാവുന്നതാണ്. ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തിൽ ഫാസിസം അതിന്റെ ഏറ്റവും മോശം രൂപം കൈവരിച്ച് മതേതര മൂല്യങ്ങൾ കാറ്റിൽ പറത്തി മുസ്‌ലിം വിരുദ്ധത പരസ്യമായി പുറം തള്ളുന്ന ഒരു സർക്കാരാണ് നമ്മുടെ രാജ്യത്തുള്ളത്. സ്വന്തം പൗരന്മാരെ രണ്ടാം തരക്കാരാക്കി മാറ്റി ദ്രോഹിക്കുന്ന സംഘ്പരിവാർ സർക്കാരിന്റെ നടപടികളിൽ ആശങ്കാകുലരായിരിക്കുന്ന ഇസ്‌ലാമിക മതവിശ്വാസികൾക്ക് പിന്തുണ നൽകുന്നതിനാണ് ഇത്തരമൊരു ഐക്യദാർഢ്യം,'' ശ്രീജ പറഞ്ഞു.

ശ്രീജ നെയ്യാറ്റിന്‍കര
ശ്രീജ നെയ്യാറ്റിന്‍കര

പെട്ടന്നാണ് ഇങ്ങനെ ഒരു ആശയമുണ്ടായത്. മതവിശ്വാസികൾ അല്ലാത്തവരും ഈ ഐക്യദാർഢ്യത്തിന്റെ ഭാഗമായി നോമ്പ് നോൽക്കുന്നു. ഇസ്‌ലാം മതവിശ്വാസികളുടെ നോമ്പ് ആരംഭിക്കുന്നതിന് തൊട്ടുതലെ ദിവസമാണ് നരേന്ദ്രമോദി സർക്കാർ പൗരത്വഭേദഗതി നിയമം നടപ്പാക്കിയത്. ഇന്ത്യയിലെ മുസ്‌ലിങ്ങളെ ദുരന്തത്തിലേക്കു തള്ളിവിടുന്ന നിയമത്തിന് മുന്നിൽ ഭയത്തോടെയാണ് അവർ ജീവിക്കുന്നത്. തെരുവിൽ ഹിന്ദുത്വ പ്രത്യേയശാസ്ത്രം പേറുന്ന സംഘ്പരിവാറിന്റെ ആക്രമണത്തിന് തങ്ങൾ ഇരയാകുമോയെന്ന് ഭയന്നുകൊണ്ടാണ് മുസ്‌ലിം മതവിശ്വാസികൾ കഴിയുന്നത്.

ബലാത്സംഘം രാഷ്ട്രീയപ്രവർത്തനമാക്കി ഗുജറാത്തിൽ ഗർഭിണിയായ സ്ത്രീയെ അടക്കം ദ്രോഹിച്ച സംഘപരിവാർ ക്രിമിനലുകളെ രക്ഷപ്പെടുത്താൽ എങ്ങനെയാണ് കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി പ്രവർത്തിച്ചതെന്ന് നമ്മൾ കണ്ടതാണ്. ഇത്തരമൊരു ഘട്ടത്തിൽ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടത്തിന് എതിരെ ഇത്തരമൊരു കൂട്ടായ്മ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഇസ്‌ലാമോഫോബിക് ആയ ഒരു സമൂഹത്തിന് മുന്നിൽ ആ സമുദായത്തിന്റെ സമരത്തിന് ഇങ്ങനെയൊരു ഐക്യദാർഢ്യം ആവശ്യമാണെന്നും ശ്രീജ പറഞ്ഞു.

'രാജ്യത്തെ മുസ്‌ലിം ജനതയ്‌ക്കൊപ്പം ഞാനും'; ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തിൽ രാഷ്ട്രീയ നോമ്പ് ക്യാമ്പയിൻ
ദേവിയുടെ കപ്പിത്താനായ ഇസ്ലാം വിശ്വാസി, ക്ഷേത്രം രക്ഷിച്ച മുസ്ലിം യോദ്ധാവ്- ഇതാണ് യഥാർത്ഥ കേരള സ്റ്റോറി

മാർച്ച് 15 നാണ് ലോകവ്യാപകമായി ഇസ്‌ലാമോഫോബിയ വിരുദ്ധദിനമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്. 2019 മാർച്ച് 15ന് ന്യൂസിലൻഡിൽ മസ്ജിദിനുനേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ദിവസം ഇസ്ലാമോഫാബിയ വിരുദ്ധദിനമായി ആചരിക്കാൻ 2022 ൽ യുഎൻ പ്രമേയം പാസാക്കിയത്.

logo
The Fourth
www.thefourthnews.in