പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികള്‍ക്കും ഇനി മുതല്‍ ശിക്ഷായിളവ്

2018ലെ ശിക്ഷായിളവ് മാനദണ്ഡം സര്‍ക്കാര്‍ തിരുത്തി

രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികള്‍ക്കും ഇനി മുതല്‍ ശിക്ഷായിളവ് നല്‍കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ വിശേഷ ദിവസങ്ങളോടനുബന്ധിച്ച് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിനുള്ള 2018ലെ മാനദണ്ഡമാണ് സര്‍ക്കാര്‍ തിരുത്തിയത്. നവംബര്‍ 25നാണ് പുതുക്കിയ മാനദണ്ഡം പുറത്തിറക്കിയത്. ഇതനുസരിച്ച് ജയിലില്‍ നിശ്ചിതകാലം പൂര്‍ത്തിയാക്കിയ രാഷ്ട്രീയ കുറ്റവാളികള്‍ക്ക് ശിക്ഷാകാലം കഴിയും മുമ്പ് തന്നെ പുറത്തിറങ്ങാനാകും. ശിക്ഷയുടെ കാലാവധി കണക്കാക്കി 15 ദിവസം മുതൽ ഒരു വർഷം വരെ ഇളവാണ് നൽകുക. എന്നാല്‍ തീരുമാനത്തിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും സിപിഎം പ്രവര്‍ത്തകരെ രക്ഷിക്കാനുള്ള നീക്കമാണെന്നും കെ കെ രമ എംഎല്‍എ പ്രതികരിച്ചു.

നിലവില്‍ സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ഉപദ്രവിച്ചവര്‍, മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടവര്‍ എന്നിവർക്കും രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികള്‍ക്കും ഇളവ് നല്‍കിയിരുന്നില്ല. നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 29 രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളാണ് 2016 മുതല്‍ 2021 വരെ തടവിലാക്കപ്പെട്ടത്. ഇതില്‍ സിപിഎം, ബിജെപി,കോണ്‍ഗ്രസ്, എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട്, ഐയുഎംഎല്‍ തുടങ്ങി എല്ലാ പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ഉള്‍പ്പെടും.

2000 മുതല്‍ 2019 വരെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍ കേരളത്തില്‍ 173 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 86 പേർ സിപിഎം പ്രവര്‍ത്തകരും, 65 പേര്‍ ബിജെപി പ്രവര്‍ത്തകരും, 11 പേര്‍ കോണ്‍ഗ്രസ്- മുസ്ലിം ലീഗ് പ്രവര്‍ത്തകരുമാണ്. 2015 വരെ സിപിഎം- ആര്‍എസ്എസ് ശത്രുതയില്‍ 200ല്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 1991-1996 യുഡിഎഫ് ഭരണകാലത്ത് 8 രാഷ്ട്രീയ കൊലപാതകങ്ങളാണ് സംഭവിച്ചത്.

എല്‍ഡിഎഫ് ഭരണം നടത്തിയ 1996- 2001 കാലഘട്ടത്തില്‍ 28, യുഡിഎഫ് ഭരണകാലമായിരുന്ന 2001 - 2006 ല്‍ 6, 2006 മുതല്‍ 2011 വരെ എല്‍ഡിഎഫ് ഭരിച്ചപ്പോള്‍ 27, 2011-2016 ല്‍ യുഡിഎഫ് ഭരിച്ചപ്പോള്‍ പതിനൊന്നുമാണ് കൊലപാതകനിരക്ക്. 2016 മെയ് മുതല്‍, കേരളത്തില്‍ 38 രാഷ്ട്രീയ കൊലപാതകങ്ങള്‍ സംഭവിച്ചു. 2016ല്‍ 4 ബിജെപി പ്രവര്‍ത്തകരും, രണ്ട് സിപിഎം പ്രവര്‍ത്തകരും, രണ്ടു മുസ്ലിം ലീഗ് പ്രവര്‍ത്തകരും, ഒരു മുന്‍ സിപിഎം പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. 2017ല്‍ 5 ബിജെപി പ്രവര്‍ത്തകരും, 2018ല്‍ ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകനും, രണ്ട് ബിജെപി പ്രവര്‍ത്തകരും, ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.

logo
The Fourth
www.thefourthnews.in