നിയുക്ത സ്പീക്കര്‍ എ എന്‍ ഷംസീര്‍
നിയുക്ത സ്പീക്കര്‍ എ എന്‍ ഷംസീര്‍

''നിഷ്പക്ഷനല്ല, രാഷ്ട്രീയം പറയേണ്ടിടത്ത് അതു പറയും'' - നിയുക്ത സ്പീക്കര്‍ എഎന്‍ ഷംസീര്‍

നിയുക്ത സ്പീക്കറായ ശേഷം എഎന്‍ ഷംസീര്‍ ആദ്യമായാണ് മാധ്യമങ്ങളെ കാണുന്നത്

സഭാനാഥന്‍ എന്ന നിലയില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെങ്കിലും വ്യക്തിപരമായി നിഷ്പക്ഷനല്ലെന്നും രാഷ്ട്രീയം പറയേണ്ടിടത്ത് അതു പറയുമെന്നും നിയുക്ത സ്പീക്കര്‍ എ എന്‍ ഷംസീര്‍. എംവി ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവച്ചു സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് എത്തുകയും പകരമായി എം ബി രാജേഷ് മന്ത്രി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് ഷംസീറിനെ തേടി സ്പീക്കര്‍ പദവി എത്തിയത്.

സ്ഥാനമേറ്റെടുക്കും മുമ്പ് മാധ്യമങ്ങളോടു സംസാരിക്കവെയാണ് ഷംസീര്‍ നയം വ്യക്തമാക്കിയത്. സ്പീക്കര്‍ എന്ന പദവി കൃത്യമായി നിര്‍വഹിക്കുമെന്നും, രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയുകയും എന്നാൽ കക്ഷി രാഷ്ട്രീയത്തിനതീതനായി നിൽക്കുമെന്നും ഷംസീര്‍ പറഞ്ഞു. "ജനാധിപത്യം സംരക്ഷിക്കാന്‍ ബാധ്യസ്ഥനാണ്, രാഷ്ട്രീയം നോക്കാതെ നടപടി സ്വീകരിക്കാന്‍ തയറാകും. സഭാംഗളെയെല്ലാം രാഷ്ട്രീയം നോക്കാതെ കൂട്ടിയോജിപ്പിക്കാന്‍ ശ്രമിക്കും. രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയും കാരണം സ്പീക്കർക്കും കൃത്യമായ രാഷ്ട്രീയമുണ്ട്" - ഷംസീര്‍ പറഞ്ഞു.

പ്രായോഗിക അറിവാണ് കൂടുതലെന്നും നിയമങ്ങള്‍ പഠിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയിലെ 140 അം​ഗങ്ങളും പരസ്പരം ബഹുമാനിക്കുമെന്നും അത് നിലനിർത്താനുള്ള ശ്രമങ്ങൾ തന്റെ ഭാ​ഗത്തുണ്ടാകുമെന്നും അ​ദ്ദേഹം പറഞ്ഞു.

കേരളത്തിലെ വിദ്യാര്‍ത്ഥി യുവജന സംഘടനാ നേതാവെന്ന നിലയില്‍ പൊതുരംഗത്തെത്തിയ ഷംസീര്‍ കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ പ്രഥമ ചെയര്‍മാനായാണ് രാഷ്ട്രീയ കരിയറില്‍ ശ്രദ്ധ നേടിയത്. പിന്നീട് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in