സിദ്ധാർത്ഥന്റെ മരണം; അന്വേഷണ കമ്മിഷനെ നിയോഗിച്ച് ഗവർണർ

സിദ്ധാർത്ഥന്റെ മരണം; അന്വേഷണ കമ്മിഷനെ നിയോഗിച്ച് ഗവർണർ

ഹൈക്കോടതി മുന്‍ ജഡ്ജി എ ഹരിപ്രസാദാണ് കമ്മിഷൻ അധ്യക്ഷൻ

പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാം വർഷ ബിരുദ വിദ്യാർഥിയായായിരുന്ന സിദ്ധാർത്ഥൻ ജെ എസിന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണർ. സർവകലാശാല ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് വ്യാഴാഴ്ച ഉത്തരവിറക്കിയയത്. ഹൈക്കോടതി മുന്‍ ജഡ്ജി എ ഹരിപ്രസാദാണ് കമ്മിഷൻ അധ്യക്ഷൻ.

സർവകലാശാലയിലെ ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചുവെന്ന് ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചിരുന്നു. അതിന്റെ ഭാഗമായി സിദ്ധാർത്ഥന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സിറ്റിങ് ജഡ്ജിമാരെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നായിരുന്നു ആവശ്യമെങ്കിലും റിട്ടയേർഡ് ജഡ്ജിമാരുടെ പട്ടികയാണ് ഹൈക്കോടതി ഗവർണർക്ക് കൈമാറിയത്. ഇതിൽനിന്ന് ഗവർണറാണ് കമ്മീഷൻ അധ്യക്ഷനെ തിരഞ്ഞെടുത്തത്.

സിദ്ധാർത്ഥന്റെ ദാരുണ മരണത്തിന് ഇടയാക്കിയ, ക്യാംപസിന്റെയും ഹോസ്റ്റലിൻ്റെയും ഭരണനിർവഹണവുമായി ബന്ധപ്പെട്ട വീഴ്ചകളും റാഗിങ് നിരോധനവുമായി ബന്ധപ്പെട്ട് യു ജി സി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥർ സ്വീകരിച്ച നിലപാടുകളുമെല്ലാം സമിതി അന്വേഷിക്കും. കമ്മീഷൻ ആദ്യ സിറ്റിങ് ചേർന്ന് മൂന്നുമാസത്തിനുള്ളിൽ ചാൻസലർക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

സിദ്ധാർത്ഥന്റെ മരണം; അന്വേഷണ കമ്മിഷനെ നിയോഗിച്ച് ഗവർണർ
സിദ്ധാര്‍ഥന്റെ മരണം: സിബിഐ അന്വേഷണത്തിന് വിടുന്നതില്‍ കാലതാമസം, മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

2024 ഫെബ്രുവരി പതിനെട്ടിനാണ് സിദ്ധാർത്ഥൻ ക്യാമ്പസ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. മകന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം അപ്പോൾ തന്നെ രംഗത്തുവരികയും ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സിദ്ധാർത്ഥൻ കൊടിയ റാഗിങ് മുറകൾക്ക് വിധേയനായതായി കണ്ടെത്തിയത്. നിലവിൽ 18 പ്രതികളാണ് കേസിലുള്ളത്.

കേസ് അന്വേഷണം കുടുംബത്തിന്റെ ആവശ്യപ്രകാരം കേരളസർക്കാർ സിബിഐക്ക് കൈമാറാൻ തീരുമാനമായിരുന്നു. എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും സിബിഐ കേസ് ഏറ്റെടുക്കാത്തതിനെ തുടർന്ന് കുടുംബം രംഗത്തുവന്നിരുന്നു. ആരോപണത്തെ തുടർന്ന് മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിരുന്നു. പെർഫോമ റിപ്പോർട്ട് സിബിഐക്ക് നൽകുന്നതിൽ കാലതാമസമുണ്ടായതാണ് നടപടിയെടുക്കുന്നതിലേക്കെത്തിച്ചത്. ഡെപ്യുട്ടി സെക്രട്ടറി ഉൾപ്പെടെ ആഭ്യന്തര വകുപ്പിലെ മൂന്നു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in