തോക്കില്ലാതെ വെടിയുണ്ട മാത്രം കൈവശം വയ്ക്കുന്നത്    കുറ്റക്യത്യമായി കണക്കാക്കാനാകില്ല: ഹൈക്കോടതി

തോക്കില്ലാതെ വെടിയുണ്ട മാത്രം കൈവശം വയ്ക്കുന്നത് കുറ്റക്യത്യമായി കണക്കാക്കാനാകില്ല: ഹൈക്കോടതി

മഹാരാഷ്ട്രയിലെ വ്യവസായിക്കെതിരെയുള്ള കേസ് റദ്ദാക്കികൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെയാണ് നിരീക്ഷണം

തോക്കോ അനുബന്ധ ഉപകരണങ്ങളോയില്ലാതെ വെടിയുണ്ട പിടികൂടുന്നത് 1959 ലെ ആയുധ നിയമപ്രകാരം കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ യാത്രക്കാരന്റെ ബാഗിൽ നിന്ന് വെടിയുണ്ട മാത്രം പിടിച്ചെടുത്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിരീക്ഷണം.

ആയുധം കൈവശംവയ്ക്കൽ നിയമത്തിലെ 25ാം വകുപ്പ് പ്രകാരം ആയുധം കൈവശം വയ്ക്കുകയെന്നത് അർത്ഥമാക്കുന്നത് ബോധപൂർവമായ പ്രവൃത്തി ആയിരിക്കണമെന്ന് കോടതി നിരീക്ഷിച്ചു . മഹാരാഷ്ട്രയിൽ നിന്നുള്ള വ്യവസായിയായ ഹര്‍ജിക്കാരന് അവിടെ തോക്ക് ലൈസൻസ് ഉണ്ടായിരുന്നു. ഹർജിക്കാരൻ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മഹാരാഷ്ടയിലേക്ക് മടങ്ങാൻ വിമാനത്തിൽ കയറാൻ കാത്തുനിൽക്കുമ്പോഴായിരുന്നു ബാഗേജ് പരിശോധിച്ചത്. ബാഗിൽ വെടിയുണ്ട ഉണ്ടായിരുന്നുവെന്നത് തനിക്ക് അറിയില്ലെന്ന് ഹർജിക്കാരൻ വ്യക്തമാക്കിയെങ്കിലും ആയുധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുടർന്നാണ് ഹര്‍ജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. താൻ മുൻപ് ഒരു ക്രിമിനൽ കേസിലും ഉൾപ്പെട്ടിട്ടില്ലെന്നും മഹാരാഷ്ട്രയിലെ ആയുധ ലൈസൻസ് കൈവശമുണ്ടെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.

ആയുധം കൈവശം വയ്ക്കുന്നത് ബോധപൂർവമാകണമെന്നും സുരക്ഷാ പരിശോധനയിൽ ഹർജിക്കാരന്റെ ബാഗിൽ നിന്ന് വെടിയുണ്ട കിട്ടിയെങ്കിലും അനുബന്ധമായ ആയുധം കണ്ടെടുത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ മട്ടന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കുന്നതായി ഹൈക്കോടതി ഉത്തരവിട്ടു.

logo
The Fourth
www.thefourthnews.in