കലൂര്‍ മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെ; കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി

കലൂര്‍ മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെ; കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി

ഐഎന്‍എസ് വിക്രാന്ത് നാളെ കമ്മീഷന്‍ ചെയ്യും, പുതിയ നാവിക പതാകയും പുറത്തിറക്കും

കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മാണത്തിനു തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇതിനു പുറമേ നിര്‍മാണം പൂര്‍ത്തിയായ പേട്ട-എസ്എന്‍ ജംഗ്ഷന്‍ മെട്രോ പാതയുടെ ഉദ്ഘാടനവും, കൊല്ലം, എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനുകളുടെ വികസനോദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

എറണാകുളം സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കായംകുളം-എറണാകുളം എക്‌സ്പ്രസ് ട്രെയിന്‍, കൊല്ലം-പുനലൂര്‍ സ്‌പെഷല്‍ ട്രെയിന്‍ എന്നിവയുടെ ഫ്‌ളാഗ് ഓഫും നിര്‍വഹിച്ച പ്രധാനമന്ത്രി കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപ്പാതയും സംസ്ഥാനത്തിനു സമര്‍പ്പിച്ചു. ആകെ 4600 കോടിയുടെ വിവിധ പദ്ധതികളാണ് ഇന്നു പ്രധാനമന്ത്രി നാടിനു സമര്‍പ്പിച്ചത്.

റെയില്‍വേയുടെയും കൊച്ചി മെട്രോയുടെയും പദ്ധതികള്‍ കൊച്ചിയുടെ മുഖം മാറ്റുമെന്നും കേരളത്തിന് ഓണസമ്മാനമായാണ് ഈ പദ്ധതികള്‍ സമര്‍പ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഗതാഗത വികസനത്തിനു കേന്ദ്രം വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും റെയില്‍വേ വികസനം ശബരിമല ഭക്തര്‍ക്ക് വലിയ ഗുണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം നഗരത്തിന്റെ മുഖംമാറ്റും. ഗതാഗതക്കുരുക്കും മലിനീകരണവും കുറയും അതു കൊച്ചിയുടെ വികസനത്തിനു കരുത്തു പകരും''- മോദി വ്യക്തമാക്കി.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ പി. രാജീവ്, ആന്റണി രാജു, ഹൈബി ഈഡന്‍ എംപി, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ്ചടങ്ങിൽ പ്രവേശനം അനുവദിച്ചിരുന്നത്.

നാളെ രാവിലെ കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്യും. ചടങ്ങില്‍ ഇന്ത്യയുടെ പുതിയ 'നാവിക പതാക'യും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. പുതിയ പതാകയുടെ ഡിസൈന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ നിലവിലെ പതാകയില്‍ ഉള്ള ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ചിഹ്നമായ 'സെന്റ് ജോര്‍ജ് ക്രോസ്' ഒഴിവാക്കുിയുള്ളതായിരിക്കും പിതിയ പതാകയെന്നാണ് ലഭിക്കുന്ന സൂചന.

പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ഇന്ന് ഉച്ച മുതല്‍ നാളെ ഉച്ചയ്ക്ക് ഒന്ന് വരെ എറണാകുളം നഗരത്തിലും പശ്ചിമകൊച്ചി ഭാഗങ്ങളിലും ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ആലുവ മുതല്‍ ഇടപ്പള്ളി വരെയും പാലാരിവട്ടം, വൈറ്റ്‍ല, കുണ്ടന്നൂർ, ഫെറി ജംഗ്ഷന്‍, തേവര, രവിപുരം എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി എട്ട് വരെ നെടുമ്പാശേരി വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്..അത്താണി എയർപോർട്ട് ജംഗ്ഷന്‍ മുതല്‍ കാലടി മറ്റൂർ ജംഗ്ഷന്‍ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in