പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ

കസവ് മുണ്ടും ഷാളും ധരിച്ച് കേരള തനിമയോടെയുള്ള വസ്ത്രം ധരിച്ചാണ് പ്രധാനമന്ത്രിയെത്തിയത്

രണ്ട് ദിവസത്തെ കേരളാ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെ വില്ലിങ്ടൺ ദ്വീപിലെ നാവിക സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ഇറങ്ങിയത്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി വ്യവസായ മന്ത്രി പി രാജീവ്, കളക്ടർ എൻ എസ് കെ ഉമേഷ് എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. റോഡ് ഷോയും യുവാക്കളെ പങ്കെടുപ്പിച്ച യുവം പരിപാടിയുമാണ് ഇന്ന് നടക്കുക. ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

തേവര ജങ്ഷൻ മുതൽ എസ് എച്ച് മൈതാനം വരെയാണ് റോഡ് ഷോ. അല്പനേരം കാൽനടയായി നീങ്ങിയ പ്രധാനമന്ത്രി പിന്നെ വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്തു. വൻജനാവലിയാണ് പ്രധാനമന്ത്രിയെ കാണാനെത്തിയത്. തുടർന്ന് തേവര സേക്രഡ് ഹാർട്ട് കോളേജിൽ നടക്കുന്ന ' യുവം 2023 ' പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ബിജെപിയുടെ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായാണ് യുവം സംഘടിപ്പിച്ചിരിക്കുന്നത്. സിനിമാതാരങ്ങളായ യഷ്, ഋഷഭ് ഷെട്ടി, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവരും മലയാളത്തിൽ നിന്ന് അപർണ ബാലമുരളി, നവ്യ നായർ, വിജയ് യേശുദാസ് തുടങ്ങിയവരും യുവം പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

തിരുവനന്തപുരത്ത് ജനങ്ങളുടെ ഇടയിലേക്കെത്തുന്നതിൽ ആകാംഷാഭരിതനാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 'തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിൽ ഓടുന്ന കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തിലെ 11 ജില്ലകൾ ഇതിൽ ഉൾപ്പെടും. ഇത് ടൂറിസത്തിനും വാണിജ്യത്തിനും ഏറെ ഗുണം ചെയ്യും- മോദി ട്വിറ്ററിൽ കുറിച്ചു.

തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിന് തറക്കല്ലിടും. ഒരു ഡിജിറ്റൽ സയൻസ് പാർക്കിനും തറക്കല്ലിടും, അത് ഈ ഊർജസ്വലമായ നഗരത്തിന് ഒരു മികച്ച കൂട്ടിച്ചേർക്കലായിരിക്കും. കൊച്ചിയുടെ അടിസ്ഥാന സൗകര്യങ്ങളിൽ മികച്ച പുരോഗതി! കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിക്കും. ഇത് കൊച്ചിക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കും', പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

വന്ദേഭാരത്, വാട്ടർ മെട്രോ എന്നിവയടക്കമുള്ള പദ്ധതികൾ പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.

യുവം പരിപാടിക്ക് ശേഷം വൈകിട്ട് എട്ട് മണിക്ക് ക്രൈസ്തവ അധ്യക്ഷന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ക്രൈസ്തവ വിഭാഗവുമായിട്ടുള്ള അടുപ്പം ശക്തിപ്പെടുത്താനുള്ള ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. കൊച്ചി താജ് വിവാന്ത ഹോട്ടലിലാണ് കൂടിക്കാഴ്ച. വന്ദേഭാരത്, വാട്ടർ മെട്രോ എന്നിവയടക്കമുള്ള പദ്ധതികൾ പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.

logo
The Fourth
www.thefourthnews.in