നിയമന വിവാദവും, ഹൈക്കോടതി വിധിയും: പ്രതിരോധത്തിലാകുന്നത് സര്‍ക്കാരും സിപിഎമ്മും

നിയമന വിവാദവും, ഹൈക്കോടതി വിധിയും: പ്രതിരോധത്തിലാകുന്നത് സര്‍ക്കാരും സിപിഎമ്മും

ഉന്നത സ്ഥാനത്ത് ഇരിക്കുന്ന സിപിഎം നേതാവിന്റെ ഭാര്യയുടെ നിയമനത്തില്‍ പിന്നില്‍ രാഷ്ട്രീയ നീക്കങ്ങള്‍ നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ വാദങ്ങള്‍ക്ക് ശക്തി പകരുന്നത് കൂടിയാണ് ഇപ്പോഴത്തെ കോടതി വിധി

സ്വജനപക്ഷപാതത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന കേരള സര്‍ക്കാരിനും, സിപിഎമ്മിനും ലഭിച്ച ഇരട്ട പ്രഹരം. കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദത്തില്‍ ഹൈക്കോടതി വിധി കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഇതിന്റെ സൂചനകളാണ് വിധിയ്ക്ക് പിന്നാലെ വരുന്ന പ്രതികരണങ്ങളില്‍ വ്യക്തമാകുന്നത്.

അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍വകലാശാലയ്ക്കാണെന്നും, സര്‍ക്കാരിന് പങ്കില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഉള്‍പ്പെടെ പ്രതികരിച്ചു കഴിഞ്ഞു. എന്നാല്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ കൂടിയാണ് പ്രിയാ വര്‍ഗീസ് എന്നത് വിവാദങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് പെട്ടെന്ന് പുറത്ത് കടക്കാന്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും അനുവദിക്കില്ല. ഉന്നത സ്ഥാനത്ത് ഇരിക്കുന്ന സിപിഎം നേതാവിന്റെ ഭാര്യയുടെ നിയമനത്തില്‍ പിന്നില്‍ രാഷ്ട്രീയ നീക്കങ്ങള്‍ നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ വാദങ്ങള്‍ക്ക് കരുത്ത് പകരുന്നത് കൂടിയാണ് ഇപ്പോഴത്തെ കോടതി വിധി.

പ്രിയ വര്‍ഗീസിന്റെ നിയമന നടപടികള്‍ക്കെതിരെ ഗവര്‍ണര്‍ പ്രതികരിച്ചപ്പോള്‍ അതിനെ വിമര്‍ശിക്കുകയും, നിയമനത്തിന് പരസ്യപിന്തുണയുമാണ് മുഖ്യമന്ത്രിയും സിപിഎമ്മും പ്രഖ്യാപിച്ചത്

തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന വിവാദത്തില്‍ സിപിഎം പ്രതിരോധത്തില്‍ നില്‍ക്കവെയാണ് ഹൈക്കോടതി വിധി കൂടി വരുന്നത്. കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവെയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭത്തിലാണ്.

കേരളത്തിലെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്ന ഗവര്‍ണറുടെ മറ്റൊരു വിജയമായി കൂടി ഇതിനെ വിലയിരുത്താവുന്നതാണ്. പ്രിയാ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ചത് ഗവര്‍ണറുടെ നേതൃത്വത്തിലായിരുന്നു. വി സി നല്‍കിയ വിശദീകരണം തള്ളി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. നിലവില്‍ രണ്ട് വി സിമാരുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ ഈ ഉത്തരവ് ഗവര്‍ണറുടെ വാദങ്ങള്‍ക്കും കൂടുതല്‍ മേല്‍ക്കൈ നല്‍കും.

ഡോ. ജോസഫ് സ്‌ക്കറിയ നല്‍കിയ ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്

യുജിസി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാകണം നിയമനം എന്ന വിലയിരുത്തലില്‍ ഊന്നിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറാകാന്‍ പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന് വ്യക്തമാക്കിയത്. പ്രിയാ വര്‍ഗീസിന് മതിയായ അധ്യാപന പരിചയം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിഎച്ച്ഡി കാലയളവ് ഫെല്ലോഷിപ്പോടെയാണ്. ആ കാലയളവ് പൂര്‍ണമായും ഗവേഷണത്തിന് വിനിയോഗിച്ചെന്ന് പ്രിയ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇത് ഡെപ്യൂട്ടേഷന്‍ കാലഘട്ടമാണ്. ആ സമയത്ത് അധ്യാപന ജോലി ഒഴിവാക്കിയിട്ടുണ്ട്. ഫെലോഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി പിഎച്ച്ഡി ചെയ്ത കാലയളവ് അധ്യാപന പരിചയമായി പരിഗണിക്കാനാകില്ലെന്ന് യുജിസി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ചട്ടങ്ങള്‍ക്കും മുകളിലാണ് യുജിസി മാനദണ്ഡങ്ങളെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കുന്നു. അസോസിയേറ്റ് പ്രൊഫസറാകാന്‍ പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന്ചൂണ്ടിക്കാട്ടി പട്ടികയിലെ രണ്ടാം റാങ്കുകാരനായ ഡോ.ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്.

ഹൈക്കോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് എന്നായിരുന്നു സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ്രതികരിച്ചത്

കോടതി വിധി പ്രതികൂലമായതിനാല്‍ സിപിഎം നേതാക്കളില്‍ പലരും വിമര്‍ശനവുമായി രംഗത്തെത്തി. ഹൈക്കോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് എന്നായിരുന്നു സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ്രതികരിച്ചത്. നിലവിലുള്ള നിയമവും കീഴ്വഴക്കങ്ങള്‍ പ്രകാരം ഒരു അധ്യാപികയുടെ മെറ്റേണിറ്റി ലീവ് സേവനമായി കണക്കാക്കി പ്രമോഷന്‍ ലഭിക്കുന്ന നിലയുണ്ട്. ഇതെല്ലാം ഇപ്പോഴത്തെ വിധിയോടുകൂടി വലിയ നിയമ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. അഞ്ച് ദിവസമാണ് ഒരു കോളേജ് അധ്യാപികയ്ക്ക് പ്രവര്‍ത്തി ദിവസം, ഒരു ദിവസം എട്ട് മണിക്കൂര്‍ കണക്കാക്കിയാല്‍ 40 മണിക്കൂര്‍ ജോലി ചെയ്യണം. അതില്‍ ടീച്ചിങ്ങ് 16 മണിക്കൂറാണ് ഒരാഴ്ചയില്‍ ഉള്ളത്. 10 വര്‍ഷത്തേക്കാണ് എക്സ്പീരിയന്‍സ് വേണ്ടതെങ്കില്‍ ഒരാഴ്ചയില്‍ 16 മണിക്കൂര്‍ വച്ച് എങ്ങനെയാണ് കണക്കാക്കുക. ഇത് അധ്യാപകരുടെ മാത്രം പ്രശ്നമല്ല, വിവിധ തൊഴില്‍ മേഖലകളില്‍ പ്രമോഷന് വേണ്ടിയുള്ള സേവന കാലാവധി പരിശോധിക്കുമ്പോള്‍ ഒരുപാട് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുന്ന നിഗമനമാണ്. മറ്റുള്ള കാര്യങ്ങള്‍ വിധിയുടെ വിശദാംശങ്ങല്‍ പരിശോധിച്ചാലെ പറയാന്‍ സാധിക്കുവെന്നും എം വി ജയരാജന്‍ വ്യക്തമാക്കി.

എന്നാല്‍, സര്‍വകലാശാല നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് നടത്തിയ സിപിഎം അതിപ്രസരണത്തിനും വഴിവിട്ട ഇടപെടലുകള്‍ക്കും കൈകടത്തലുകള്‍ക്കും കിട്ടിയ കനത്ത പ്രഹരമാണ് പ്രിയാ വര്‍ഗീസിന്റെ നിയമനക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കുറ്റപ്പെടുത്തി. ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്. സ്വജനപക്ഷപാതം ബോധ്യപ്പെട്ട ഗവര്‍ണര്‍ പ്രിയയുടെ നിയമന നടപടികള്‍ക്കെതിരെ പ്രതികരിച്ചപ്പോള്‍ അതിനെ വിമര്‍ശിച്ച് പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് പരസ്യപിന്തുണയാണ് മുഖ്യമന്ത്രിയും സിപിഎമ്മും പ്രഖ്യാപിച്ചത്. ഓര്‍ഡിന്‍സിലൂടെയും ബില്ലിലൂടെയും വൈസ് ചാന്‍സലര്‍ പദവി ഗവര്‍ണറില്‍ നിന്ന് നീക്കം ചെയ്യാനുള്ള കുത്സിത നീക്കം എല്‍ഡിഎഫും സിപിഎമ്മും നടത്തുന്നത് ഇത്തരം പിന്‍വാതില്‍ നിയമനത്തിലൂടെ സഖാക്കളുടെ ബന്ധുമിത്രാദികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിന് വേണ്ടിയാണ് എന്നും കെപിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ തൊഴില്‍ നയത്തിന് പ്രഥമ ഉദാഹരണമാണ് പ്രിയാ വര്‍ഗീസിന്റെ നിയമനം. കെടിയു, കുഫോസ് വി സി നിയമനം റദ്ദാക്കിയ കോടതി നടപടിയും ഈ സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ തുറന്ന് കാട്ടുന്നതായിരുന്നു. സഖാക്കള്‍ക്കായി പിന്‍വാതില്‍ തുറന്ന് വച്ചാണ് പിണറായി സര്‍ക്കാരിന്റെ ഭരണം. സര്‍വകലാശാലകള്‍ക്ക് പുറമെ മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സിപിഎം പാര്‍ട്ടി ഓഫീസിലെ പട്ടിക അനുസരിച്ചാണ് നിയമനം നല്‍കുന്നത്. അതിന് തെളിവാണ് തിരുവനന്തപുരം മേയറുടെയും സിപിഎം ജില്ലാ സെക്രട്ടറിയുടെയും പുറത്ത് വന്ന നിയമന ശുപാര്‍ശ കത്തുകള്‍. വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കാള്‍ ഇടതുസര്‍ക്കാരിന് താല്‍പര്യം സഖാക്കളുടെ കുടുംബസുരക്ഷയാണ്. യുവാക്കളെ വഞ്ചിക്കുകയും അവരുടെ ആത്മാഭിമാനത്തെ ഇതുപോലെ വെല്ലുവിളിക്കുകയും ചെയ്ത ഇത്തരം ഒരു ഭരണം കേരളം കണ്ടിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

പിന്‍വാതില്‍ നിയമനം കിട്ടിയവര്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജിവെച്ച് പോകാന്‍ ധാര്‍മികത കാണിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിഷയത്തില്‍ നടത്തിയ പ്രതികരണം. പിന്‍വാതില്‍ നിയമന വിഷയത്തില്‍ പ്രതിപക്ഷം നിരന്തരം പറഞ്ഞ കാര്യങ്ങള്‍ കോടതി അടിവരയിടുന്നതാണ്. നടപടിക്രമങ്ങള്‍ മൊത്തം കാറ്റില്‍ പറത്തിയെന്നതിന് തെളിവാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിനെ സര്‍വകലാശാല റാങ്ക് പട്ടികയില്‍ ഒന്നാം റാങ്കുകാരിയാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയോടെ സംസ്ഥാന സര്‍ക്കാര്‍ നാണംകെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തേറ്റ പ്രഹരമാണിത്. രാജ്യത്ത് ഒരു നിയമസംവിധാനമുണ്ടെന്ന് ഇനിയെങ്കിലും പിണറായി മനസിലാക്കണം. യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള എല്ലാ നിയമനങ്ങളും പിന്‍വലിച്ച് ജനങ്ങളോട് മാപ്പു പറയാന്‍ ഇടത് സര്‍ക്കാര്‍ തയ്യാറാവണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in