പ്രിയാ വര്‍ഗീസിന്റെ നിയമന ശുപാര്‍ശ പുനഃപരിശോധിക്കും; സ്ക്രൂട്ടിനി കമ്മിറ്റിക്ക് വിട്ട് സിന്‍ഡിക്കേറ്റ് യോഗം

പ്രിയാ വര്‍ഗീസിന്റെ നിയമന ശുപാര്‍ശ പുനഃപരിശോധിക്കും; സ്ക്രൂട്ടിനി കമ്മിറ്റിക്ക് വിട്ട് സിന്‍ഡിക്കേറ്റ് യോഗം

കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിക്കുന്നതില്‍ തീരുമാനം സ്ക്രൂട്ടിനി കമ്മിറ്റിക്ക് വിട്ടു. വിവാദമായ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരിയായ പ്രിയാ വര്‍ഗീസിന്‌റെ യോഗ്യത സ്ക്രൂട്ടിനി കമ്മിറ്റി പുനഃപരിശോധിക്കും. കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി.

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വിഷയം പുനഃപരിശോധനയ്ക്ക് അയച്ചത്. അസോസിയേറ്റ് പ്രൊഫസറാവാന്‍ പ്രിയാ വര്‍ഗീസ് യോഗ്യതയില്ലെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. വിധി ചർച്ച ചെയ്യാനാണ് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് ഇന്ന് യോഗം ചേർന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ യോഗ്യതകൾ സർവകലാശാലയിലെ സ്ക്രൂട്ടിനി കമ്മിറ്റി വീണ്ടും പരിശോധിക്കും. 

പ്രിയാ വർഗീസിന് യോഗ്യതയില്ലെന്ന് സ്ക്രൂട്ടിനി കമ്മിറ്റിയുടെ പരിശോധനയിൽ തെളിഞ്ഞാൽ രണ്ടാം റാങ്കുകാരനയായ ജോസഫ് സ്കറിയയ്ക്ക് ജോലി ലഭിക്കും. തസ്തികയിലേക്ക് വീണ്ടും അഭിമുഖം നടത്തില്ലെന്ന് വിസി ഗോപിനാഥ് രവീന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതി വിധി വന്ന് ഒന്നര മാസം പിന്നിട്ടിട്ടും സർവകലാശാല തുടര്‍നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ച സിന്‍ഡിക്കേറ്റ് യോഗങ്ങൾ നേരത്തെ രണ്ട് തവണ മാറ്റി വെച്ചിരുന്നു.

logo
The Fourth
www.thefourthnews.in