കൈവെട്ട് കേസ്: കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള സജിലടക്കം ആറുപ്രതികൾ കുറ്റക്കാർ, അഞ്ചുപേരെ വെറുതെവിട്ടു, ശിക്ഷ നാളെ

കൈവെട്ട് കേസ്: കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള സജിലടക്കം ആറുപ്രതികൾ കുറ്റക്കാർ, അഞ്ചുപേരെ വെറുതെവിട്ടു, ശിക്ഷ നാളെ

കുറ്റക്കാരെന്ന് കണ്ടെത്തിയ ആറുപ്രതികൾക്കുള്ള ശിക്ഷാവിധി നാളെ വൈകിട്ട് മൂന്ന് മണിക്ക്

തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാംപ്രതി സജിലുൾപ്പെടെ ആറുപ്രതികൾ കുറ്റക്കാർ. അഞ്ചുപേരെ വെറുതെവിട്ടു. സംഭവം നടന്ന് 12 വർഷത്തിന് ശേഷമാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കിയ 11 പ്രതികൾക്കുള്ള ശിക്ഷ വിധിക്കുന്നത്. കൊച്ചി എൻഐഎ കോടതി ജഡ്ജി അനിൽ ഭാസ്കരാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ നാളെ വൈകിട്ട് മൂന്ന് മണിക്ക് വിധിക്കും.

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള രണ്ടാംപ്രതി സജൽ, മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി നാസർ, അഞ്ചാംപ്രതി നജീബ് എന്നിവർക്കെതിരെ ഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശം വയ്ക്കൽ, ആയുധം ഉപയോഗിച്ച് ആക്രമണം, വധശ്രമം അടക്കം വിവിധ വകുപ്പുകൾ തെളിഞ്ഞതായി കോടതി കണ്ടെത്തി. ഒൻപതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവർക്കെതിരെ കുറ്റകൃത്യത്തിൽ പങ്കുള്ളവരെ ഒളിപ്പിക്കൽ, തെളിവ് മറച്ചുവയ്ക്കൽ വകുപ്പുകളാണ് ചുമത്തിയത്.

നാലാംപ്രതി ഷഫീഖ്, ആറാംപ്രതി അസീസ് ഓടക്കാലി, ഏഴാംപ്രതി മുഹമ്മദ് റാഫി, എട്ടാംപ്രതി സുബൈർ, പത്താംപ്രതി മൻസൂർ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. അധ്യാപകന്റെ കൈവെട്ടിയെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്ന പ്രധാനപ്രതി അശമന്നൂർ സവാദ് ഇപ്പോഴും ഒളിവിലാണ്.

കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരും വെറുതെവിട്ടവരും

1. അശമന്നൂർ സവാദ് ( ഇപ്പോഴും ഒളിവിൽ )

2. സജിൽ - കുറ്റക്കാരൻ

3. നാസർ - കുറ്റക്കാരൻ

4. ഷഫീഖ് - വെറുതെ വിട്ടു

5. നജീബ് - കുറ്റക്കാരൻ

6. അസീസ് ഓടക്കാലി - വെറുതെ വിട്ടു

7. മുഹമ്മദ് റാഫി - വെറുതെ വിട്ടു

8. സുബൈർ - വെറുതെ വിട്ടു

9. നൗഷാദ് - കുറ്റക്കാരൻ -UAPA ഇല്ല. 202, 212 വകുപ്പുകൾ നിലനിൽക്കും

10. മൻസൂർ - വെറുതെ വിട്ടു

11.മൊയ്തീൻ കുഞ്ഞ് -UAPA ഇല്ല. 202, 212 വകുപ്പുകൾ നിലനിൽക്കും

12. അയൂബ് - UAPA ഇല്ല. 202, 212 വകുപ്പുകൾ നിലനിൽക്കും

കേസിൽ ആദ്യഘട്ട വിചാരണ നേരിട്ട 31 പേരിൽ 13 പേരെ നേരത്തെ കോടതി ശിക്ഷിക്കുകയും 18 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.

2010 മാർച്ച് 23-ന് തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.കോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിലെ 11-ാം നമ്പർ ചോദ്യത്തിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ച് പ്രതികൾ സംഘം ചേർന്ന് പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റി.

ആദ്യം കേരളാ പോലീസ് അന്വേഷിച്ച കേസ് 2011 മാർച്ച് 9-നാണ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്. വിചാരണ പൂർത്തിയാക്കി കൊച്ചിയിലെ എൻഐഎ കോടതി 2015 ഏപ്രിൽ 30ന്‌ ആദ്യഘട്ടം വിധിപറഞ്ഞു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം, കുറ്റകരമായ ഗൂഢാലോചന, മാരകായുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കൽ, സ്ഫോടക വസ്തു നിയമം, ഭീഷണി എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

logo
The Fourth
www.thefourthnews.in