ശങ്കര്‍ മോഹനെ മാറ്റാൻ നിർദേശിച്ചത് കെ ജയകുമാർ കമ്മീഷൻ; റിപ്പോർട്ടിന്റെ പകർപ്പ് 'ദ ഫോർത്തി'ന്

ഇക്കഴിഞ്ഞ അഡ്മിഷനില്‍ സംവരണ സീറ്റുകള്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു എന്ന വസ്തുത അവഗണിക്കാന്‍ സാധിക്കില്ലെന്ന് കമ്മീഷന്‍

കെ ആര്‍ നാരായണൻ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങള്‍ക്കൊടുവില്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്റെയും ചെയര്‍മാന്‍ അടൂരിന്റെയും രാജിയിലേക്ക് വഴിവച്ച കെ ജയകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിലെ വിശദാംശങ്ങള്‍ 'ദ ഫോര്‍ത്ത്' പുറത്തു വിടുന്നു. ഇക്കഴിഞ്ഞ അഡ്മിഷനില്‍ സംവരണ സീറ്റുകള്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു എന്ന വസ്തുത അവഗണിക്കാന്‍ സാധിക്കില്ലെന്ന് തന്നെ കമ്മീഷന്‍ പറയുന്നു. ഇന്റര്‍വ്യൂവില്‍ കട്ട് ഓഫ് മാര്‍ക്ക് കിട്ടിയില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ അവകാശപ്പെട്ട സംവരണം നിഷേധിക്കുന്ന സമീപനം ചട്ടങ്ങള്‍ക്ക് നിരക്കുന്നതല്ല. വിദ്യാര്‍ഥി പ്രവേശനത്തില്‍ സംഭവിച്ച ഈ പിഴവ് എല്‍ ബി എസ് സ്ഥാപനത്തിന്റെ വീഴ്ചയായി കരുതാന്‍ കഴിയുകയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഡയറക്ടറുടെ വസതിയില്‍ ഓഫീസ് ജീവനക്കാരെ നിയോഗിക്കുന്നത് ഒഴിവാക്കുകയായിരുന്നു കരണീയം. ക്യാമ്പസിനുള്ളിലല്ല ഡയറക്ടറുടെ വസതി, വളരെ ദൂരെയുള്ള വാടകക്കെട്ടിടമാണത്. സ്വന്തം ചെലവില്‍ വീട്ടു ജോലിക്ക് ആളെ കണ്ടെത്തുക എന്ന ലളിതമായ തീരുമാനത്തിലൂടെ അവസാനിപ്പിക്കേണ്ടിയിരുന്ന ഈ പ്രശ്‌നം ഇപ്പോള്‍ വലിയ മാധ്യമ ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ ക്രമീകരണം ഇപ്പോള്‍ തന്നെ അവസാനിപ്പിക്കേണ്ടതാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

പുതിയ ഡയറക്ടറെ നിയമിക്കണമെന്ന നിര്‍ദേശവും കമ്മീഷന്‍ മുന്നോട്ട് വച്ചിരുന്നു. ഇപ്പോഴത്തെ ഡയറക്ടര്‍ ശ്രീ ശങ്കര്‍ മോഹന്‍ രണ്ടു വര്‍ഷത്തെ കാലാവധിയിലാണ് 2019 നവംബറില്‍ നിയമിതനായത്. കാലാവധി കഴിഞ്ഞപ്പോള്‍ പുതിയൊരു ഡയറക്ടറെ നിയമിക്കുന്നത് വരെ തുടരാന്‍ അദ്ദേഹത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ഥികളുടെയും ഒരു വിഭാഗം അധ്യാപകരുടെയും ജീവനക്കാരുടെയും സഹകരണവും വിശ്വാസവും നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയ വിദ്യാര്‍ഥികളുടെ താമസ സൗകര്യം അവസാന നിമിഷം റദ്ദു ചെയ്ത സംഭവത്തില്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ വിദ്യാര്‍ഥികള്‍ പരാതികള്‍ പരസ്യപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് വേണ്ടി തിരുവനന്തപുരത്ത് ഒരുക്കിയ താമസ സൗകര്യം, എന്ത് കാരണം കൊണ്ടാണെങ്കിലും അവസാന നിമിഷം റദ്ദു ചെയ്യാന്‍ പാടില്ലായിരുന്നു എന്ന് സമിതി വിലയിരുത്തുന്നതായും റിപ്പോർട്ടില്‍ പറയുന്നു. രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ ഈ സ്ഥാപനത്തിനുള്ളിലെ വിഷയങ്ങള്‍ അവതരിപ്പിക്കാനുള്ള സാഹചര്യം ഒഴിവാക്കാന്‍ കഴിഞ്ഞില്ല എന്നത് നിസാര പരാജയമല്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇപ്പോഴത്തെ ഡയറക്ടറും വിദ്യാര്‍ഥികളും തമ്മില്‍ ആശയവിനിമയം പരിമിതമായതാണ് സാഹചര്യങ്ങള്‍ മോശമാകാനുള്ള മുഖ്യ കാരണമെന്ന് കമ്മീഷന്‍ നിരീക്ഷിക്കുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഭരണപരവും അക്കാദമികവുമായ ആശങ്കകളും പരാതികളും പരിഹരിക്കുന്നതിന് ഒരു സ്ഥിരം സംവിധാനം വേണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. അക്കാദമിക് പരാതികള്‍ അവലോകനം ചെയ്യാനായി സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ഡിപ്ലോമകള്‍ സമയബന്ധിതമായി വിതരണം ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നു. മൂന്ന് ഭാഗങ്ങളായി തയാറാക്കിയിട്ടുള്ള റിപ്പോര്‍ട്ടില്‍ ആരോപണങ്ങളുടെ വിവരണവും അതില്‍ കമ്മീഷന്റെ നിഗമനങ്ങളും പരിഹാര നിര്‍ദേശങ്ങളും ഉള്‍പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in