ഇന്ധന സെസ്;  പ്രതിപക്ഷ എംഎൽഎമാർ നടന്ന്  പ്രതിഷേധിക്കും

ഇന്ധന സെസ്; പ്രതിപക്ഷ എംഎൽഎമാർ നടന്ന് പ്രതിഷേധിക്കും

വ്യാഴാഴ്ച സഭ പിരിയുന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരം ശക്തമാക്കുമെന്നും പ്രതിപക്ഷം അറിയിച്ചിരുന്നു

ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് പിൻവലിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് വ്യക്തമായതോടെ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച പ്രതിപക്ഷ എംഎല്‍എമാര്‍ നടന്ന് പ്രതിഷേധിക്കും. എംഎൽഎ ഹോസ്റ്റലിൽ നിന്ന് നിയമസഭയിലേക്ക് നടന്നാണ് പ്രതിഷേധം. രാവിലെ 8:15 ഓടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ നടപ്പ് പ്രതിഷേധം സംഘടിപ്പിക്കുക. ബജറ്റിന്‍ മേലുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ വ്യാഴാഴ്ച സഭ പിരിയും. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരം ശക്തമാക്കുമെന്നും പ്രതിപക്ഷം അറിയിച്ചിരുന്നു.

സംസ്ഥാന ബജറ്റിൽ പെട്രോളിനും ഡീസലിനും ചുമത്തിയ സെസ് കുറയ്ക്കുകയോ പിൻവലിക്കുകയോ ചെയ്യാതെയായിരുന്നു ധനമന്ത്രിയുടെ ബജറ്റിന്മേലുളള മറുപടി പ്രസംഗം. നികുതി ഏര്‍പ്പെടുത്താതെ മുന്നോട്ടു പോകാനാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. രാജ്യത്താകെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്ന് പറഞ്ഞായിരുന്നു പ്രസംഗം ആരംഭിച്ചത്. ധനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ ഭരണപക്ഷത്തിന്റെ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങൾ സഭ വിട്ടു.

അതേസമയം, നികുതി വർധനവിനെതിരായ പ്രതിപക്ഷ സമരത്തെ ധനമന്ത്രി പ്രസംഗത്തിൽ പരിഹസിക്കുകയും ചെയ്തിരുന്നു. 'പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും രാഷ്ട്രീയത്തിന്റെ അതിപ്രസരം ഉണ്ടാകുമെന്ന് കരുതിയില്ല. പരിമിതമായ രാഷ്ട്രീയം പറയുന്നതാകരുത് കേരളത്തിലെ പ്രതിപക്ഷം. രൂക്ഷമായ അവസ്ഥ കാണാതെ ബജറ്റിനെ വിലയിരുത്തുന്നത് ശരിയല്ല. എന്ത് സംഭവിച്ചാലും ഞങ്ങൾ ഇവിടുത്തെ സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മാത്രം പറയുന്ന പരിമിത അളവിലേക്ക് ഒതുങ്ങേണ്ടവരാണോ പ്രതിപക്ഷം. ചില ഒറ്റപ്പെട്ട കാര്യങ്ങൾ മാത്രം നോക്കി സർക്കാരിനെ വിലയിരുത്തരുത്'. ധനമന്ത്രി പറഞ്ഞു.

'എല്ലാം കേന്ദ്രം വെട്ടിക്കുറച്ചു. കേന്ദ്രം രണ്ടര ലക്ഷം കോടി രൂപ കോർപ്പറേറ്റ്‌ ടാക്സ് കുറച്ചുകൊടുത്തു. മറുഭാഗത്ത് ജനങ്ങളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു. ഈ സർക്കാരിന് ലക്ഷ്യബോധമുണ്ട്. അത് കൃത്യമായി ബജറ്റിൽ കാണാം. സംസ്ഥാന ബജറ്റിനെ കേന്ദ്ര ബജറ്റിനൊപ്പം ഉപമിച്ച അംഗങ്ങൾ പ്രതിപക്ഷത്തുണ്ട്. കേന്ദ്ര ബജറ്റിൽ കോർപറേറ്റുകൾക്കാണ് നികുതിയിളവ് ഉണ്ടായത്. അവർ സാധാരണക്കാരുടെ ആനുകൂല്യങ്ങൾ എല്ലാം വെട്ടിക്കുറച്ചു. അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം ഈ വിഷയത്തിൽ പ്രതികരണം നൽകി. എന്നാൽ, സംസ്ഥാനത്തെ കോൺഗ്രസുകാർ കണ്ടതായി നടിച്ചില്ല'. മന്ത്രി കുറ്റപ്പെടുത്തി.

ഇതോടെ ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടിയതടക്കം എല്ലാ നികുതി വർധനവും അടുത്ത സാമ്പത്തിക വർഷത്തിൽ പ്രാബല്യത്തിൽ വരും.

logo
The Fourth
www.thefourthnews.in