'ചിന്നക്കനാലിലെ ജനങ്ങൾക്ക് പ്രശ്നമില്ലെങ്കിൽ പിന്നെ ആർക്കാണ് പ്രശ്നം'; അരിക്കൊമ്പനെ തിരികെയെത്തിക്കാൻ പ്രതിഷേധം

തിരുന്നല്‍വേലിയിലെ ചൂട് അരിക്കൊമ്പന് താങ്ങാനാവുന്നതിലും അപ്പുറമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം

'അരിക്കൊമ്പനെ അമ്മയുറങ്ങുന്ന മണ്ണിലേക്ക് കൊണ്ടുവരണം. തിരുന്നല്‍വേലിയിലെ ചൂട് അരിക്കൊമ്പന് താങ്ങാനാവില്ല. ചിന്നക്കനാലിന്റെ തണുപ്പിലേക്ക് അവനെ എത്തിക്കണം...' അരിക്കൊമ്പനെ സംരക്ഷിക്കണമെന്നും ചിന്നക്കനാലിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ തുടരുകയാണ്. എല്ലായിടത്തും പ്രതിഷേധങ്ങള്‍ ഉയര്‍ത്തി അരിക്കൊമ്പന് സുരക്ഷിതമായ ഇടമൊരുക്കാനാണ് പ്രതിഷേധക്കാരുടെ ശ്രമം.

ചിന്നക്കനാലില്‍ നിന്ന് മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പന്‍ കമ്പം മേഖലയില്‍ ജനവാസകേന്ദ്രത്തിലിറങ്ങി നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വീണ്ടും മയക്കുവെടി വച്ച് അരിക്കൊമ്പനെ തിരുനെല്‍വേലിയിലേക്ക് മാറ്റി. എന്നാല്‍ ഇത് ശാശ്വതമായ പരിഹാരമല്ല എന്നാണ് പ്രതിഷേധക്കാരുടെ വാദം.

ചിന്നക്കനാലിലേക്ക് അരിക്കൊമ്പന്‍ മടങ്ങിവരികയാണെങ്കില്‍ അതിനുള്ള വഴിയൊരുക്കണമെന്നാണ് അരിക്കൊമ്പന്റെ നീതിക്കായി വാദിക്കുന്നവരുടെ ആവശ്യം. 'എന്നാല്‍ ഇനിയും മയക്കുവെടിവച്ച് അവനെ പിടികൂടരുത്. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന് വഴിയൊരുക്കണം' എന്നും യുണൈറ്റഡ് ഫോറം ഫോര്‍ അരിക്കൊമ്പന്‍ കൂട്ടായ്മ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.

ഇന്ന് എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ നൂറിലധികമാളുകള്‍ പങ്കെടുത്തു. അരിക്കൊമ്പനായി ശബ്ദമുയര്‍ത്തുന്ന സമൂഹമാധ്യമകൂട്ടായ്മകളും മൃഗസ്‌നേഹികളുമാണ് പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in