ആർ ബാലകൃഷ്ണപിള്ള
ആർ ബാലകൃഷ്ണപിള്ള

ആര്‍ ബാലകൃഷ്ണപിള്ളയും പഞ്ചാബ് മോഡലും

പ്രസംഗിച്ച് വെട്ടിലായ ആര്‍ ബാലകൃഷ്ണപിളള

1985 -ല്‍ എറണാകുളം രാജേന്ദ്ര മൈതാനത്ത് നടന്ന കേരളാ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലൂടെയാണ് ആര്‍.ബാലകൃഷ്ണപിള്ള വിവാദത്തില്‍ കുടുങ്ങിയത്. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്നു പറഞ്ഞാണ് പിള്ള കത്തിക്കയറിയത്.

പാലക്കാട്ട് ഒരു റെയില്‍വേ കോച്ച് ഫാക്ടറി തരാമെന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സമ്മതിച്ചിരുന്നു. അതിനിടയിലാണ് 1984 ഒക്ടോബര്‍ 31ന് അവര്‍ വെടിയേറ്റു മരിച്ചത്. പിന്നാലെ പ്രധാനമന്ത്രിയായ രാജീവ്ഗാന്ധി കേരളത്തിനനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലെ കപൂര്‍ത്തലയിലേക്ക് മാറ്റിക്കൊണ്ടുപോയി. ആ പശ്ചാത്തലത്തിലായിരുന്നു പിള്ളയുടെ പ്രസംഗം. അദ്ദേഹം ചോദിച്ചു - ഇതിന്റെയൊക്കെ അര്‍ഥം കേരളം അതുപോലെ പെരുമാറാത്തതുകൊണ്ടാണോ? പക്ഷേ, നമ്മുടെ സംസ്‌കാരത്തിനും നമ്മുടെ മര്യാദക്കും അതിനു കഴിയില്ലല്ലോ?

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി ലേഖകന്‍ സണ്ണിക്കുട്ടി എബ്രഹാം വാര്‍ത്തയ്ക്ക് നല്‍കിയ തലക്കെട്ട് - 'പിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗം'. അതാണ് പിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗം എന്ന പേരില്‍ വലിയ വിവാദമായതും പിള്ളയുടെ രാജിയിലേക്ക് നയിച്ചതും.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജി.കാര്‍ത്തികേയനാണ് പിള്ളയുടെ പ്രസംഗത്തിനെതിരെ ആദ്യം രംഗത്തുവന്നത്. അതോടെ, യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിള്ളയുടെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങി. പിന്നാലെ പ്രതിപക്ഷ സംഘടനകളും പ്രക്ഷോഭം തുടങ്ങി.

കോണ്‍ഗ്രസ് നേതാവായിരുന്ന പ്രൊഫ.കെ.എം.ചാണ്ടിയുടെ മകന്‍ കൊടുത്ത ക്വോ വാറണ്ടോ ഹര്‍ജിയില്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് കെ.പി.രാധാകൃഷ്ണമേനോന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിള്ളക്കു വിനയായി - 'മന്ത്രി നിരാപരാധിത്വം തെളിയിക്കണം' - എന്നായിരുന്നു പരാമര്‍ശം. ഒടുവില്‍ മറ്റുമാര്‍ഗമില്ലാതെ 1985 ജൂണ്‍ അഞ്ചിന് പിള്ള രാജിവെച്ചു.

ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് വിധിയെ വിമര്‍ശിച്ച് സുപ്രീംകോടതിയും കേസ് തള്ളി. അതിനിടയില്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ ജസ്റ്റിസ് ജാനകിയമ്മയെക്കൊണ്ട് സ്വന്തം നിലയ്ക്ക് അന്വേഷിപ്പിച്ചു. അവര്‍ പിള്ളക്ക് ക്ലീന്‍ ചിറ്റ് നല്‍കി. അതോടെ 1986 മെയ് 25ന് പിള്ളക്ക് മന്ത്രിസ്ഥാനം തിരികെ നല്‍കി.

അക്കാലത്ത് നിയമസഭയിലും ഇതുസംബന്ധിച്ച് രസകരമായ ഒരു പരാമര്‍ശമുണ്ടായി. അതു നടത്തിയത് ഇപ്പോഴത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു. അദ്ദേഹം കെ.കരുണാകരനോട് ചോദിച്ചു- "കരുണാകരന് രക്തം തിളക്കുന്നില്ലെങ്കില്‍ മൂത്രമെങ്കിലും ഒന്നു തിളയ്ക്കണ്ടേ സര്‍".

ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ പിള്ളയുടെ രാജിയ്ക്കായി മുറവിളി കൂട്ടിയ ഡി.വൈ.എഫ്.ഐതന്നെ കോച്ച് ഫാക്ടറിക്കായി രംഗത്തിറങ്ങി. അന്നവര്‍ വിളിച്ച മുദ്രാവാക്യങ്ങളില്‍ ഇങ്ങനെയും കേട്ടു -

"കോച്ച് ഫാക്ടറി എവിടെപ്പോയ്

പിള്ള പറഞ്ഞതു ശരിയല്ലേ? "

logo
The Fourth
www.thefourthnews.in