വികസനം പുതുപ്പള്ളിയില്‍  ചര്‍ച്ചയാകുമോ?  വെല്ലുവിളിയുമായി ജെയ്ക്ക്, തയ്യാറെന്ന് യുഡിഎഫ് നേതാക്കള്‍

വികസനം പുതുപ്പള്ളിയില്‍ ചര്‍ച്ചയാകുമോ? വെല്ലുവിളിയുമായി ജെയ്ക്ക്, തയ്യാറെന്ന് യുഡിഎഫ് നേതാക്കള്‍

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ മത്സരചിത്രം ഇന്ന് പൂര്‍ണ്ണമാകും

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ മത്സരചിത്രം ഇന്ന് പൂര്‍ണ്ണമാകും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും, ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസും പ്രചാരണ പരിപാടികള്‍ സജീവമാക്കുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. ബി ജെ പി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലിന്റെ പേരിനാണ് മുന്‍തൂക്കം.

ഇടത് - വലത് മുന്നണികള്‍ വോട്ടര്‍മാരെ കാണുന്നതിനൊപ്പം മതമേലധ്യക്ഷന്‍മാരെ കണ്ട് പിന്തുണയുറപ്പിക്കുന്നതിനും ശ്രമം തുടരുകയാണ്

പ്രചാരണ രംഗത്ത് ഇതിനോടകം സജീവമായ ഇടത് - വലത് മുന്നണികള്‍ വോട്ടര്‍മാരെ കാണുന്നതിനൊപ്പം മതമേലധ്യക്ഷന്‍മാരെ കണ്ട് പിന്തുണയുറപ്പിക്കുന്നതിനും ശ്രമം തുടരുകയാണ്. ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് ഇന്നലെ എന്‍എസ്എസ് ഇനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, വിവിധ ക്രിസ്ത്യന്‍ സഭാ നേതാക്കള്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മണര്‍കാട് ക്ഷേത്ര പരിസരത്തും സ്വന്തം ഇടവകകൂടിയായ മണര്‍കാട് പള്ളിയിലും കോട്ടയത്ത് ദേവലോകം അരമനയിലും ജെയ്ക് സി തോമസ് സന്ദര്‍ശനം നടത്തിയിരുന്നു.

ആര്‍ക്കും പരസ്യമായി പിന്തുണ പ്രഖ്യാപിക്കാനില്ലെന്നാണ് സിഎസ്‌ഐ സഭയുടെ നിലപാട്

യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ഞായറാഴ്ച അകലക്കുന്നം, അയര്‍ക്കുന്നം പഞ്ചായത്തുകളിലും പുതുപ്പള്ളിയിലുമാണ് പര്യടനം നടത്തിയത്. സഭാധ്യക്ഷന്‍മാരെയും സന്ദര്‍ശിച്ച് പിന്തുണയുറപ്പിക്കാന്‍ യുഡിഎഫ് നേതാക്കളും രംഗത്തുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കോട്ടയത്ത് സിഎസ്‌ഐ ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ച് ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാനുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ ആര്‍ക്കും പരസ്യമായി പിന്തുണ പ്രഖ്യാപിക്കാനില്ലെന്നാണ് സിഎസ്‌ഐ സഭയുടെ നിലപാട്. സഭാംഗങ്ങള്‍ ജനാധിപത്യപരമായി വോട്ട് ചെയ്യുമെന്നും കുടിക്കാഴ്ചയ്ക്ക് ശേഷം ബിഷപ്പ് മാധ്യമങ്ങളോട് പ്രതികരിച്ചു.

യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും ഇന്ന് നടക്കും. വൈകീട്ട് നാലിന് പാമ്പാടി കാളച്ചന്തയില്‍ പള്ളി ഓഡിറ്റോറിയത്തിലാണ് പരിപാടി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, പി ജെ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും. 16-ന് മണര്‍കാടാണ് ഇടതുമുന്നണി കണ്‍വെന്‍ഷന്‍ നിശ്ചയിച്ചിരിക്കുന്നത്. കണ്‍വെന്‍ഷന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

അതിനിടെ, പുതുപ്പള്ളി മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ചയാണ്് പ്രചാരണത്തില്‍ സജീവമാകുന്നത്. വികസനം സംബന്ധിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നടത്തിയ വെല്ലുവിളിയാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വെല്ലുവിളി എറ്റെടുക്കുന്നതായി യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളാണ് വെല്ലുവിളിയ്ക്ക് ഏറ്റെടുക്കുന്നു എന്ന് വ്യക്തമാക്കിയത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വികസന ചര്‍ച്ചയോട് യുഡിഎഫ് മുഖംതിരിക്കുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് യുഡിഎഫ് നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുള്ളത്.

logo
The Fourth
www.thefourthnews.in